യൂണിയൻ തുറമുഖ, ഷിപ്പിങ്, ജലപാത മന്ത്രി സർബാനന്ദ സോനോവാളാണ്വിവരം പുറത്തുവിട്ടത്. യാതൊരു പ്രകോപനവുമില്ലാതെ സിവിലിയൻ കപ്പലിന് നേരെ നടന്ന ആക്രമണത്തെ ഇന്ത്യ ശക്തമായി അപലപിച്ചു. കപ്പലിലുണ്ടായിരുന്ന 13 ഇന്ത്യൻ പൗരന്മാരും ഒരു വിദേശിയും അടക്കം 14 ജീവനക്കാരെയും യമൻ കോസ്റ്റ് ഗാർഡ് സുരക്ഷിതമായി രക്ഷപ്പെടുത്തി മോഖ തുറമുഖത്ത് എത്തിച്ചിട്ടുണ്ട്.
എം.എസ്.വി ഫൈസ് നൂറെ ഒലിയ’ എന്ന കപ്പലാണ് ആക്രമണത്തിന് ഇരയായത്. ആക്രമണത്തിൽ കപ്പൽ തലകീഴായി മറിഞ്ഞ് കടലിൽ മുങ്ങുകയായിരുന്നു. റിപ്പോർട്ടുകൾ പ്രകാരം, ബാബുൽ-മന്ദബിൽ ഹുദൈദയിൽ നിന്ന് 13 നോട്ടിക്കൽ മൈൽ അകലെ യമൻ ചാവേർ ബോട്ട് ഉപയോഗിച്ചാണ് കപ്പൽ തകർത്തത്. ചെങ്കടലിൽ ഒരു ഇന്ത്യൻ കപ്പലിനു നേരെ ഉണ്ടാകുന്ന ആദ്യത്തെ ആക്രമണമാണിത്. സൗദി എണ്ണയുമായി സഞ്ചരിക്കുകയായിരുന്ന കപ്പലാണ് ആക്രമിക്കപ്പെട്ടത്
സംഭവത്തിൽ കേന്ദ്ര വിദേശകാര്യ മന്ത്രാലയവും കടുത്ത ആശങ്ക രേഖപ്പെടുത്തുകയും ശക്തമായ പ്രതിഷേധം അറിയിക്കുകയും ചെയ്തു. അന്താരാഷ്ട്ര ജലപാതകളിലൂടെയുള്ള കപ്പലുകളുടെ സ്വതന്ത്രവും സുരക്ഷിതവുമായ സഞ്ചാരത്തിന് തടസ്സം സൃഷ്ടിക്കുന്ന ഇത്തരം ആക്രമണങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. റിയാദിലെ ഇന്ത്യൻ എംബസി യെമൻ അധികാരികളുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള കാര്യങ്ങൾ സജീവമായി നിരീക്ഷിച്ചു വരികയാണെന്നും മന്ത്രാലയം വ്യക്തമാക്കി. കൂടാതെ, കൃത്യസമയത്ത് ഇടപെട്ട് ജീവനക്കാരെ രക്ഷപ്പെടുത്തിയ യമൻ അധികാരികൾക്ക് ഇന്ത്യ നന്ദി അറിയിക്കുകയും ചെയ്തു

