യുഎഇയില്‍ അസ്ഥിരമായ കാലാവസ്ഥ തുടരുന്ന സാഹചര്യത്തില്‍ പാര്‍ക്കുകളും മറ്റ് പൊതുസ്ഥലങ്ങളും താല്‍ക്കാലികമായി അടച്ചു. അബുദബി സിറ്റി മുനിസിപ്പാലിറ്റിയാണ് മുഴുവന്‍ പാര്‍ക്കുകളും വിനോദസഞ്ചാര സ്ഥലങ്ങളും ബീച്ചുകളും പൂര്‍ണമായും അടച്ചെന്ന് അറിയിച്ചത്. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ഇവിടങ്ങളിലെ എല്ലാ പരിപാടികളും നിര്‍ത്തിവെച്ചതായി അബുദാബി മുനിസിപ്പാലിറ്റി അറിയിച്ചു. മേഖലയില്‍ പലയിടങ്ങളിലും ശക്തമായ മഴയും മറ്റ് കാലാവസ്ഥാ വ്യതിയാനവും തുടരുന്ന സാഹചര്യത്തിലാണ് ഇത്തരത്തില്‍ തീരുമാനം എടുത്തതെന്ന് അബുദാബി മുനിസിപ്പാലിറ്റി അറിയിച്ചു. കൂടാതെ അല്‍ ഐന്‍ മുനിസിപ്പാലിറ്റിയും താല്‍ക്കാലികമായി പാര്‍ക്കുകള്‍ അടച്ചിരിക്കുയാണ്.
യുഎഇയിലെ റോഡുകള്‍ മുങ്ങിയിരിക്കുന്നതും വാഹനങ്ങളും യാത്രക്കാരും ദുരിതത്തിലാകുന്നത് ശ്രദ്ധയില്‍പ്പെട്ടതിനാലാണ് അബുദബി മുനിസിപ്പാലിറ്റിയും അല്‍ ഐന്‍ മുനിസിപ്പാലിറ്റിയും മുന്‍കരുതലുകള്‍ അറിയിച്ചത്. ശക്തമായ മഴയില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും വെള്ളപ്പൊക്കം ഉണ്ടാകാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ നിന്നും മാറി നില്‍ക്കണമെന്നും അറിയിച്ചു. കൂടാതെ വാഹനങ്ങള്‍ ഓടിക്കുന്നവര്‍ വേഗത കുറച്ച് യാത്രചെയ്യണമെന്നും ഫ്ലാഷ് ലൈറ്റുകള്‍, വൈപ്പര്‍ എന്നിവ വേണ്ടരീതിയില്‍ ഉപയോഗിക്കണെന്നും അബുദാബി പൊലീസ് നിര്‍ദേശിച്ചു. സ്വീഹാന്‍ നാഹെല്‍, അല്‍ ഖസ്ന റമ, ഉമ്മുല്‍ ഓഷ് അല്‍ റസീന്‍, അല്‍ ഫയ അല്‍ ഖാതിം റോഡ് മറ്റ് അനുബന്ധ സ്ഥലങ്ങളില്‍ വാഹനങ്ങളുടെ വേഗത മണിക്കൂറില്‍ 80 കിലോമീറ്ററായിരിക്കണമെന്നും അബുദാബി പൊലീസ് നിര്‍ദേശിച്ചു. കൂടാതെ അല്‍ അര്യന് പാലത്തിനും അബുദാബിക്കും ഇടയിലുള്ള ഷെയ്ഖ് ഖലീഫ ബിന്‍ സായദ് ഇന്റര്‍നാഷണല്‍ റോഡില്‍ വാഹനങ്ങളുടെ വേഗത മണിക്കൂറില്‍ 100 കിലോമീറ്ററായി കുറക്കാനും പൊലീസ് അറിയിച്ചു. കൂടാതെ വാഹനം ഓടിക്കുമ്പോള്‍ മറ്റ് വാഹനങ്ങള്‍ തമ്മില്‍ നിശ്ചിത അകലം പാലിക്കണമെന്നും കൃത്യമായ റോഡ് നിയമങ്ങള്‍ പാലിക്കണമെന്നും പൊലീസ് അറിയിച്ചു.
യുഎഇയില്‍ വാരാന്ത്യം മഴയുള്ളതായിരിക്കുമെന്നും ഇന്ന് കിഴക്കന്‍ പ്രദേശങ്ങളിലും തെക്കന്‍ പ്രദേശങ്ങളിലും കാര്‍മേഘങ്ങള്‍ പ്രത്യക്ഷപ്പെടുമെന്നും അത് ഉച്ചയ്ക്ക് ശേഷം ശക്തമായ മഴയ്ക്ക് കാരണമാകുമെന്നും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (എന്‍സിഎം) അറിയിച്ചു. യുഎഇ ആസ്ഥാനമായിട്ടുള്ള സ്റ്റോം സെന്റര്‍ യുഎഇയിലെ പല മേഖലകളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന വീഡിയോകളും പുറത്തുവിട്ടിട്ടുണ്ട്.

