യുഎസിന്റെ സൈനിക കേന്ദ്രങ്ങളില്‍ ഇറാന്‍ നടത്തിയ ആക്രമണങ്ങളില്‍ പുറത്തുവന്നതിനേക്കാള്‍ വലിയ നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുള്ളതായി ഉപഗ്രഹ ചിത്രങ്ങള്‍. ഫെബ്രുവരിയില്‍ ആരംഭിച്ച സംഘര്‍ഷത്തിന് ശേഷം അമേരിക്കയുടെ ഏകദേശം 228 സൈനിക ആസ്തികളെങ്കിലും ഇറാന്‍ തകര്‍ക്കുകയോ സാരമായി കേടുപാടുകള്‍ വരുത്തുകയോ ചെയ്തിട്ടുണ്ടെന്ന് വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ വിമാനങ്ങള്‍, ഹാംഗറുകള്‍, ഇന്ധന ഡിപ്പോകള്‍, റഡാര്‍ സംവിധാനങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു.ഫെബ്രുവരി 28ന് ആരംഭിച്ച യുദ്ധത്തില്‍ പശ്ചിമേഷ്യയിലെ 15 യുഎസ് സൈനിക താവളങ്ങളിലായി ഏകദേശം 217 കെട്ടിടങ്ങളും 11 സുപ്രധാന ഉപകരണങ്ങളുമാണ് ആക്രമിക്കപ്പെട്ടതെന്ന് ഉപഗ്രഹ ചിത്രങ്ങളുടെ വിശകലനം സൂചിപ്പിക്കുന്നു. ഇറാന്റെ ആക്രമണങ്ങള്‍ അതീവ കൃത്യതയുള്ളതായിരുന്നുവെന്നും ലക്ഷ്യസ്ഥാനങ്ങളില്‍ കൃത്യമായി പതിച്ചവയാണെന്നും വിദഗ്ധര്‍ വിലയിരുത്തുന്നു.ഇറാന്‍ അനുകൂല ഏജന്‍സികള്‍ പുറത്തുവിട്ട നൂറിലധികം ഹൈ-റെസല്യൂഷന്‍ ചിത്രങ്ങള്‍ യൂറോപ്യന്‍ യൂണിയന്റെ കോപ്പര്‍നിക്കസ് സാറ്റ്‌ലൈറ്റ് ഡാറ്റയുമായി ഒത്തുനോക്കിയാണ് വാഷിംഗ്ടണ്‍ പോസ്റ്റ് ഈ നിഗമനത്തിലെത്തിയത്. സാധാരണയായി സ്വകാര്യ സാറ്റ്‌ലൈറ്റ് കമ്പനികളില്‍ നിന്ന് ലഭിക്കേണ്ട ചിത്രങ്ങള്‍ യുഎസ് സര്‍ക്കാരിന്റെ സെന്‍സര്‍ഷിപ്പ് മൂലം ലഭ്യമല്ലാത്ത സാഹചര്യത്തിലാണ് ഈ ബദല്‍ മാര്‍ഗം സ്വീകരിച്ചത്. യുഎസ് സൈന്യത്തിന്റെ പ്രതിരോധ സംവിധാനങ്ങളെ അപേക്ഷിച്ച് ഇറാന്റെ ഡ്രോണ്‍ സാങ്കേതികവിദ്യയും കൃത്യതയും സൈനിക വൃത്തങ്ങള്‍ കുറച്ചുകാണിച്ചതാണ് ഇത്രയും വലിയ നാശനഷ്ടങ്ങള്‍ക്ക് കാരണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.#IranvsIsrael

