അന്താരാഷ്ട്ര നിയമങ്ങളെയും വെടിനിര്‍ത്തല്‍ കരാറുകളെയും കാറ്റില്‍പ്പറത്തി തെക്കന്‍ ലബനനില്‍ ഇസ്രാഈല്‍ നടത്തിയ ഇരട്ട വ്യോമാക്രമണത്തില്‍ മൂന്ന് സിവില്‍ ഡിഫന്‍സ് രക്ഷാപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. മജ്ദല്‍ സൗണിലെ ഒരു കെട്ടിടത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ആദ്യ സ്ഫോടനത്തില്‍ പരിക്കേറ്റവരെ രക്ഷിക്കാന്‍ എത്തിയവര്‍ക്ക് നേരെ രണ്ടാമതും മിസൈലാക്രമണമുണ്ടായി. ലബനന്‍ പ്രധാനമന്ത്രി നവാഫ് സലാം സംഭവത്തെ അതിശക്തമായ ഭാഷയില്‍ അപലപിച്ചു. ഇസ്രാഈല്‍ നടത്തുന്ന ഏറ്റവും ക്രൂരമായ യുദ്ധക്കുറ്റങ്ങളിലൊന്നാണ് ഇതെന്ന് അദ്ദേഹം പറഞ്ഞു. മജ്ദല്‍ സൗണിലെ കെട്ടിടത്തിന് നേരെ നടന്ന ആദ്യ ആക്രമണത്തിന് പിന്നാലെ, പരിക്കേറ്റവര്‍ക്ക് അടിയന്തര സഹായം നല്‍കാനായി എത്തിയതായിരുന്നു സിവില്‍ ഡിഫന്‍സ് സംഘം. ഇവര്‍ക്കൊപ്പം രണ്ട് ബുള്‍ഡോസറുകളും ലബനീസ് സൈനിക പട്രോളിംഗും ഉണ്ടായിരുന്നു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കവെയാണ് രണ്ടാമത്തെ ആക്രമണം ഉണ്ടായത്. ഇതോടെ മൂന്ന് രക്ഷാപ്രവര്‍ത്തകര്‍ തകര്‍ന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിപ്പോയതായി ലെബനീസ് സിവില്‍ ഡിഫന്‍സ് വക്താവ് അറിയിച്ചു. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തത്. ആക്രമണത്തില്‍ രണ്ട് ലബനീസ് സൈനികര്‍ക്കും പരിക്കേറ്റിട്ടുണ്ട്. മനുഷ്യത്വപരമായ കൃത്യം നിര്‍വ്വഹിക്കുന്നതിനിടെ സിവില്‍ ഡിഫന്‍സ് പ്രവര്‍ത്തകരെ ലക്ഷ്യമിടുന്നത് അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ ലംഘനമാണെന്ന്് നവാഫ് സലാം ചൂണ്ടിക്കാട്ടി. അന്താരാഷ്ട്ര വേദികളില്‍ വിഷയം ഉന്നയിക്കുമെന്നും വെടിനിര്‍ത്തല്‍ ലംഘനം അവസാനിപ്പിക്കാന്‍ ഇസ്രാഈലിനുമേല്‍ സമ്മര്‍ദ്ദം ശക്തമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ലബനനില്‍ സന്നദ്ധ പ്രവര്‍ത്തകര്‍ക്കും പാരാമെഡിക്കല്‍ ജീവനക്കാര്‍ക്കും നേരെയുള്ള ആക്രമണം തുടര്‍ക്കഥയായി മാറിയിട്ടുണ്ടെന്ന് പ്രസിഡന്റ് ജോസഫ് ഔണ്‍ പറഞ്ഞു. റെഡ്ക്രോസ് ഉള്‍പ്പെടെയുള്ള സംഘടനകളെ സംരക്ഷിക്കുന്ന അന്താരാഷ്ട്ര നിയമങ്ങള്‍ ഇസ്രാഈല്‍ ലംഘിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അമേരിക്കയുടെ മധ്യസ്ഥതയില്‍ നിലവില്‍ വന്ന വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തിലിരിക്കെയാണ് ലബനന്റെ തെക്കുകിഴക്കന്‍ മേഖലകളില്‍ ഇസ്രാഈല്‍ ആക്രമണം തുടരുന്നത്. ഇതിന് മറുപടിയായി ഹിസ്ബുല്ല ഇസ്രാഈലിലേക്ക് റോക്കറ്റുകളും ഡ്രോണുകളും തൊടുത്തുവിടുന്നുണ്ട്. ചൊവ്വാഴ്ച മാത്രം ലബനനിലുടനീളം എട്ട് പേരാണ് കൊല്ലപ്പെട്ടത്. മാര്‍ച്ച് 2 മുതല്‍ ഇസ്രാഈല്‍ നടത്തിയ ആക്രമണങ്ങളില്‍ ലബനനില്‍ ഇതുവരെ 2,534 പേര്‍ കൊല്ലപ്പെടുകയും 7,863 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി കണക്കുകള്‍ വ്യക്തമാക്കുന്നു.

