യുക്രെയ്നിലെ ഒഡേസയ്ക്ക് സമീപം ചരക്കുകപ്പലിന് നേരെയുണ്ടായ റഷ്യന്‍ ആക്രമണത്തില്‍ നാല് ഇന്ത്യന്‍ നാവികര്‍ കൊല്ലപ്പെട്ടതായി വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. ആക്രമണത്തില്‍ പരിക്കേറ്റ മറ്റൊരു ഇന്ത്യക്കാരന്റെ നില ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. സംഭവത്തെ ശക്തമായി അപലപിച്ച ഇന്ത്യ, നിലവിലെ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് അറിയിച്ചു.
മരിച്ച ഇന്ത്യക്കാരില്‍ ഒരാള്‍ മലയാളിയാണ്. കാസര്‍കോട് വെള്ളരിക്കുണ്ട് സ്വദേശിയായ അഖില്‍ ജോയന്‍ ആണ് ആക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി.
ആക്രമണത്തിന് പിന്നാലെ മോസ്‌കോ ലക്ഷ്യമാക്കി നൂറുകണക്കിന് ഡ്രോണുകള്‍ യുക്രെയ്ന്‍ വിക്ഷേപിച്ചു. ജൂലൈ മാസത്തില്‍ മാത്രം റഷ്യന്‍ ആക്രമണങ്ങളില്‍ ഒഡേസ മേഖലയില്‍ 28 പേര്‍ കൊല്ലപ്പെട്ടതായി റീജിയണല്‍ ഗവര്‍ണര്‍ ഒലെഹ് കിപ്പര്‍ വ്യക്തമാക്കി.
ജൂലൈ തുടക്കം മുതല്‍ ദിനംപ്രതി ഷെല്ലാക്രമണം നടക്കുന്നുണ്ടെന്നും, ചില ദിവസങ്ങളില്‍ 13 മുതല്‍ 15 വരെ എയര്‍ റെയ്ഡ് മുന്നറിയിപ്പുകള്‍ പ്രഖ്യാപിക്കേണ്ടി വരുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബാലിസ്റ്റിക് മിസൈലുകളെ പ്രതിരോധിക്കാനുള്ള പേട്രിയറ്റ് ഇന്റര്‍സെപ്റ്റര്‍ യുദ്ധോപകരണങ്ങളുടെ ദൗര്‍ലഭ്യം യുക്രെയ്ന്‍ നേരിടുന്ന പശ്ചാത്തലത്തിലാണ് റഷ്യ ആക്രമണം ശക്തമാക്കിയിരിക്കുന്നത്.

