🟥 Newskerala Online
“ലിബിയയിലും കരാബാക്കിലും ചെയ്തതുപോലെ ഇസ്രായേലിലും ഞങ്ങൾ ഇടപെടും” — എർദോഗൻ മുന്നറിയിപ്പ് ചർച്ചയാകുന്നു
മധ്യപൂർവേഷ്യൻ മേഖലയിൽ സംഘർഷം രൂക്ഷമാകുന്നതിനിടെ, ഇസ്രായേലിന് കടുത്ത മുന്നറിയിപ്പുമായി തുർക്കി പ്രസിഡന്റ് റജബ് തയ്യിബ് എർദോഗൻ രംഗത്ത്. നാഗോർണോ-കരാബാക്കിലും ലിബിയയിലും തുർക്കി സൈന്യം ഇടപെട്ടതുപോലെ, ഇസ്രായേലിലും ഇടപെടാൻ തങ്ങൾക്ക് കഴിയുംെന്നും അതിന് തടസ്സമായി ഒന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സമാധാന ശ്രമങ്ങളെ തകർക്കുന്ന നെതന്യാഹു ഭരണകൂടത്തിനെതിരായ ശക്തമായ സന്ദേശമായാണ് ഈ പ്രസ്താവന വിലയിരുത്തപ്പെടുന്നത്.
എകെ പാർട്ടിയുടെ യോഗത്തിൽ സംസാരിക്കവെ, ഇസ്രായേലിന്റെ വിപുലീകരണ നയങ്ങളെയും ഫലസ്തീൻ-ലെബനൻ മേഖലയിലെ സൈനിക നടപടികളെയും എർദോഗൻ നിശിതമായി വിമർശിച്ചു.
“നാം കൂടുതൽ ശക്തരാകണം. ഇസ്രായേലിന് ഫലസ്തീനോട് ഇത്തരത്തിലുള്ള നടപടികൾ തുടരാൻ കഴിയാത്തവിധം കരുത്താർജ്ജിക്കണം. കരാബാക്കിലും ലിബിയയിലും ചെയ്തതുപോലെ ഇസ്രായേലിലും നമുക്ക് ഇടപെടാം,” എന്നാണ് അദ്ദേഹത്തിന്റെ വാക്കുകൾ.
ഇസ്രായേലിന്റെ നടപടികൾ മേഖല മുഴുവൻ വലിയ യുദ്ധത്തിലേക്ക് നീങ്ങുന്ന സാഹചര്യം സൃഷ്ടിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
സമാധാന ചർച്ചകൾ പരാജയപ്പെട്ടതും, ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു യുദ്ധം തുടരുമെന്ന് വ്യക്തമാക്കിയതും തുർക്കിയെ കൂടുതൽ കടുത്ത നിലപാടിലേക്ക് നയിച്ചിരിക്കുകയാണ്. സിറിയയിലും ലെബനനിലും ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങൾക്കെതിരെ തുർക്കി നേരത്തെ തന്നെ പ്രതികരിച്ചിരുന്നു.
നാറ്റോ അംഗമായ തുർക്കി ഇത്തരമൊരു തുറന്ന സൈനിക മുന്നറിയിപ്പ് നൽകുന്നത് അന്താരാഷ്ട്ര തലത്തിൽ വലിയ ആശങ്കകൾക്ക് ഇടയാക്കുകയാണ്. ഇതിനെതിരെ ഇസ്രായേൽ വിദേശകാര്യ മന്ത്രി ഇസ്രായേൽ കാറ്റ്സ് രംഗത്തെത്തി, എർദോഗനെ സദ്ദാം ഹുസൈനുമായി ഉപമിക്കുകയും ചെയ്തു.
✅ Follow: Newskeralaonline.com
📲 വാർത്തകൾ വിരൽത്തുമ്പിൽ

