ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളമായി വികസിക്കുന്ന ദുബായ് അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഡ്രൈവറില്ലാ ട്രെയിൻ ശൃംഖല വരുന്നു. വിമാനത്താവളത്തിനുള്ളിലെ ഒമ്പത് സ്റ്റേഷനുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഈ സംവിധാനം ലോകത്തിലെ ഏറ്റവും വലിയ എയർപോർട്ട് എപിഎം ശൃംഖലയായിരിക്കും. ജാപ്പനീസ് കമ്പനിയായ മിത്സുബിഷിയും ഇന്ത്യൻ നിർമ്മാണ കമ്പനിയായ എൽ ആൻഡ് ടിയും ഉൾപ്പെടുന്ന കൺസോർഷ്യത്തിനാണ് നിർമ്മാണച്ചുമതല.
അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിനുള്ളിലെ ഒമ്പത് സ്റ്റേഷനുകളെ തമ്മിൽ ബന്ധിപ്പിക്കുന്നതാണ് 50 കിലോമീറ്റർ നീളമുള്ള ഡ്രൈവറില്ലാ ട്രെയിൻ ശൃംഖല. ദുബായ് ഏവിയേഷൻ സിറ്റി കോർപ്പറേഷനാണ് പദ്ധതിയുടെ നിർമ്മാണ കരാർ നൽകിയത്. 165 ഓട്ടോമേറ്റഡ് ഡ്രൈവറില്ലാ വാഹനങ്ങൾ സർവീസ് നടത്തുന്ന ഈ പദ്ധതി 2031 ഡിസംബറോടെ പൂർത്തിയാകും. മിത്സുബിഷി ഹെവി ഇൻഡസ്ട്രീസ് വാഹനങ്ങളുടെ രൂപകൽപ്പനയും സിഗ്നലിംഗും നിർവ്വഹിക്കുമ്പോൾ എൽ ആൻഡ് ടീയാണ് മറ്റ് നിർമ്മാണ പ്രവർത്തനങ്ങൾ ഏറ്റെടുത്തിരിക്കുന്നത്.
വിമാനത്താവളം 2032-ൽ യാത്രക്കാർക്കായി തുറന്നുകൊടുക്കും. നിലവിൽ ലോകത്തിലെ ഏറ്റവും വലിയ എയർപോർട്ട് എ.പി.എം ശൃംഖലയുള്ള അമേരിക്കയിലെ ഡാളസ് വിമാനത്താവളത്തേക്കാൾ ആറിരട്ടിയിലധികം വലിപ്പമുണ്ടാകും ഇതിന്. പ്രതിവർഷം 26 കോടി യാത്രക്കാരെ കൈകാര്യം ചെയ്യാൻ ശേഷിയുള്ള വിമാനത്താവളത്തിലെ കൂറ്റൻ ടെർമിനലുകൾക്കിടയിൽ അതിവേഗം സഞ്ചരിക്കാൻ ഈ സംവിധാനം സഹായിക്കും.
വിമാനത്താവളത്തിന് അകത്തെ ട്രെയിനുകൾക്ക് പുറമെ പുറത്തേക്കും വൻ റെയിൽ ശൃംഖലയാണ് ദുബായ് ഒരുക്കുന്നത്. ദുബായ് ഇന്റർനാഷണൽ എയർപോർട്ടിനെയും അൽ മക്തൂമിനെയും ബന്ധിപ്പിച്ച് 55 കിലോമീറ്റർ നീളമുള്ള എയർപോർട്ട് എക്സ്പ്രസ് ലൈനും, നഗരത്തിലെ പ്രധാന കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന പുതിയ ദുബായ് മെട്രോ ഗോൾഡ് ലൈനും വിമാനത്താവളത്തിലേക്ക് എത്തും. വിമാനത്താവളത്തെ ലോകത്തിലെ ഏറ്റവും മികച്ച ഏവിയേഷൻ ഹബ്ബായി മാറ്റുകയാണ് ലക്ഷ്യമെന്ന് ദുബായ് എയർപോർട്ട്സ് സിഇഒ പോൾ ഗ്രിഫിത്ത്സ് വ്യക്തമാക്കി.

