വനിതാ സംവരണ ബില്ലിനെതിരെ ഇന്‍ഡ്യാ സഖ്യം; മണ്ഡല പുനഃര്‍നിര്‍ണയത്തില്‍ ആശങ്ക
ന്യൂദൽഹി;
വനിതാ സംവരണത്തിന് തങ്ങള്‍ എതിരല്ലെങ്കിലും, അതിന്റെ മറവില്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന മണ്ഡല പുനഃര്‍നിര്‍ണയ (Delimitation) നീക്കങ്ങളില്‍ കടുത്ത ആശങ്കയുള്ളതിനാല്‍ വനിതാ സംവരണ ബില്ലിനെ എതിര്‍ക്കാന്‍ ഇന്‍ഡ്യാ സഖ്യം തീരുമാനിച്ചു.
സഖ്യകക്ഷികള്‍ ഒറ്റക്കെട്ടായി പാര്‍ലമെന്റില്‍ ബില്ലിനെതിരെ വോട്ട് രേഖപ്പെടുത്തുമെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ അറിയിച്ചു. ഡല്‍ഹിയില്‍ ഖാര്‍ഗെയുടെ വസതിയില്‍ ചേര്‍ന്ന സഖ്യനേതാക്കളുടെ നിര്‍ണായക യോഗത്തിന് ശേഷമാണ് ഈ തീരുമാനം.
നിലവിലെ 543 ലോക്‌സഭാ സീറ്റുകള്‍ 850 ആയി ഉയര്‍ത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതില്‍ 815 സീറ്റുകള്‍ സംസ്ഥാനങ്ങളില്‍ നിന്നും 35 സീറ്റുകള്‍ കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നും ആയിരിക്കും. 2026-ലെ സെന്‍സസിന് ശേഷം മാത്രമേ പുനഃര്‍നിര്‍ണയം പാടുള്ളൂ എന്ന മുന്‍ വ്യവസ്ഥ മാറ്റി, 2011-ലെ സെന്‍സസ് അടിസ്ഥാനമാക്കി മണ്ഡലങ്ങള്‍ പുനഃക്രമീകരിക്കാനാണ് പുതിയ ഭേദഗതി നിര്‍ദ്ദേശിക്കുന്നത്.
‘ഞങ്ങള്‍ വനിതാ സംവരണത്തെ അനുകൂലിക്കുന്നു, എന്നാല്‍ മണ്ഡല പുനഃര്‍നിര്‍ണയത്തിലൂടെ ബിജെപി രാഷ്ട്രീയ തന്ത്രങ്ങള്‍ മെനയുകയാണ്. സെന്‍സസ് കാര്യത്തില്‍ വ്യക്തതയില്ല. പ്രതിപക്ഷത്തെ അടിച്ചമര്‍ത്താനാണ് ഈ നീക്കം,’ ഖാര്‍ഗെ വ്യക്തമാക്കി.
ഭരണഘടനാ ഭേദഗതി ബില്‍, മണ്ഡല പുനഃര്‍നിര്‍ണയ ബില്‍, കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കായുള്ള പ്രത്യേക ബില്‍ എന്നിങ്ങനെ മൂന്ന് ബിഭേദഗതികളിലൂടെയാണ് സര്‍ക്കാര്‍ ഈ മാറ്റങ്ങള്‍ കൊണ്ടുവരുന്നത്.
കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് ഈ നീക്കത്തെ രൂക്ഷമായി വിമര്‍ശിച്ചു. പശ്ചിമ ബംഗാളിലും തമിഴ്നാട്ടിലും ബിജെപി പരാജയപ്പെടുമെന്ന ഭയമാണ് ഇതിന് പിന്നിലെന്നും, അധികാരം നിലനിര്‍ത്താന്‍ ബിജെപി ഉപയോഗിക്കുന്ന ആയുധമാണ് മണ്ഡല പുനഃര്‍നിര്‍ണയ കമ്മീഷനെന്നും അദ്ദേഹം ആരോപിച്ചു. ഭരണഘടനയുടെ 81-ാം അനുച്ഛേദം ഭേദഗതി ചെയ്ത് സീറ്റുകള്‍ വര്‍ധിപ്പിക്കുന്നത് വരാനിരിക്കുന്ന 2029-ലെ തിരഞ്ഞെടുപ്പിനെ ലക്ഷ്യം വെച്ചാണെന്നും പ്രതിപക്ഷം ആരോപിക്കുന്നു.
ചൊവ്വാഴ്ച ഉച്ചയോടെയാണ് ബില്ലിന്റെ പകര്‍പ്പുകള്‍ എംപിമാര്‍ക്ക് വിതരണം ചെയ്തത്. ബില്‍ അവതരിപ്പിച്ച രീതിയിലും ഉള്ളടക്കത്തിലും വലിയ ദുരൂഹതയുണ്ടെന്നാണ് ഇന്‍ഡ്യാ സഖ്യത്തിന്റെ പൊതുവായ വിലയിരുത്തല്‍.

