ഗസ: വെടിനിര്‍ത്തല്‍ പ്രഖ്യാപനങ്ങളെല്ലാം കാറ്റില്‍പ്പറത്തിക്കൊണ്ട് ഗസയില്‍ ഇസ്രായേല്‍ തുടരുന്ന വ്യോമാക്രമണങ്ങളിലും പീരങ്കിവര്‍ഷത്തിലും 13 വയസ്സുകാരിയായ പെണ്‍കുട്ടി ഉള്‍പ്പെടെ നാല് ഫലസ്തീനികള്‍ കൂടി കൊല്ലപ്പെട്ടു. ഞായറാഴ്ച ഗസയുടെ വിവിധ ഭാഗങ്ങളില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങളിലാണ് ഈ ദാരുണ മരണങ്ങളെന്ന് പ്രാദേശിക ആരോഗ്യ മന്ത്രാലയ അധികൃതര്‍ സ്ഥിരീകരിച്ചു.
തെക്കന്‍ ഗസയിലുണ്ടായ ഇസ്രായേല്‍ ടാങ്ക് ആക്രമണത്തില്‍നിന്നുള്ള ഷെല്‍ ചീളുകള്‍ തെറിച്ചാണ് 13 വയസ്സുകാരിയായ ഐലീന്‍ അല്‍-ഫറ കൊല്ലപ്പെട്ടതെന്ന് ഖാന്‍ യൂനിസിലെ നാസര്‍ ആശുപത്രി അധികൃതര്‍ അറിയിച്ചു. കളിപ്രായത്തിലുള്ള കുട്ടിയുടെ അപ്രതീക്ഷിത വേര്‍പാട് പ്രദേശത്ത് വലിയ ആഘാതവും കനത്ത അമര്‍ഷവുമാണ് ഉണ്ടാക്കിയിരിക്കുന്നത്.
‘വെടിനിര്‍ത്തല്‍’ നിലവിലുണ്ടെന്ന അന്താരാഷ്ട്ര സമൂഹത്തിന്റെ അവകാശവാദങ്ങള്‍ക്കിടയിലാണ് യാതൊരു പ്രകോപനവുമില്ലാതെ ഇസ്രായേല്‍ സൈന്യം ജനവാസ മേഖലകള്‍ക്ക് നേരെ വീണ്ടും മാരകായുധങ്ങള്‍ പ്രയോഗിക്കുന്നത്. ആക്രമണങ്ങളില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും വീടുകള്‍ തകരുകയും ചെയ്തിട്ടുണ്ട്. വെടിനിര്‍ത്തല്‍ കരാറുകള്‍ ഇസ്രായേല്‍ നിരന്തരം ലംഘിക്കുകയാണെന്നും സിവിലിയന്മാരെ, പ്രത്യേകിച്ച് കുട്ടികളെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ യുദ്ധക്കുറ്റമാണെന്നും ഫലസ്തീന്‍ മനുഷ്യാവകാശ സംഘടനകള്‍ ആരോപിച്ചു.

