സംസ്ഥാനത്ത് വേനൽമഴ ശക്തമായി തുടരുന്നതിനിടെ വിവിധ ജില്ലകളിൽ വ്യാപക നാശനഷ്ടം. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദത്തിന്റെയും ലക്ഷദ്വീപിന് മുകളിലായി രൂപംകൊണ്ട ചക്രവാതച്ചുഴിയുടെയും സ്വാധീനഫലമായി അടുത്ത അഞ്ച് ദിവസം കൂടി കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനും സാധ്യതയുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ 14-ന് കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിലും 15-ന് കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ വേനൽമഴയിൽ കോഴിക്കോട് ജില്ലയിൽ വ്യാപക നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്തത്. പേരാമ്പ്ര മേഖലയിൽ മിന്നൽ ചുഴലിക്കാറ്റ് വീശിയടിച്ചതോടെ നിരവധി വീടുകൾക്ക് മുകളിൽ മരങ്ങൾ വീണു. വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. റോഡുകളിലേക്ക് മരങ്ങൾ കടപുഴകി വീണതിനെ തുടർന്ന് പല ഭാഗങ്ങളിലും ഗതാഗത തടസം നേരിട്ടു.നാദാപുരം കല്ലാച്ചി ടൗണിൽ ശക്തമായ മഴയെ തുടർന്ന് കടകളിലേക്ക് വെള്ളം കയറി. വെള്ളക്കെട്ട് രൂപപ്പെട്ടതോടെ സംസ്ഥാന പാതയിൽ മണിക്കൂറുകളോളം ഗതാഗത തടസവും ഉണ്ടായി. നാദാപുരം വിലങ്ങാട് മേഖലയിലും താമരശേരി മലയോര മേഖലയിലും കനത്ത മഴ ലഭിച്ചു.കടലോര-മലയോര മേഖലകളിൽ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശം നൽകി.

