പശ്ചിമേഷ്യൻ മേഖലയിലെ രാജ്യങ്ങൾ അമേരിക്കയുടെ വ്യാജമായ സൈനിക കരുത്തിൽ വിശ്വസിക്കരുതെന്ന് ഇറാൻ സൈനിക നേതൃത്വത്തിന്റെ മുന്നറിയിപ്പ്. സ്വന്തം സൈന്യത്തെ പോലും സംരക്ഷിക്കാൻ കഴിയാത്ത അമേരിക്കയ്ക്ക് എങ്ങനെയാണ് മുസ്ലിം രാജ്യങ്ങളുടെയോ ഈ മേഖലയുടെയോ സുരക്ഷ ഉറപ്പാക്കാൻ കഴിയുകയെന്ന് ഇറാൻ സൈനിക വക്താവ് ചോദ്യം ചെയ്തു.ഇന്ന് ഇറാൻ സൈന്യം പുറപ്പെടുവിച്ച ഔദ്യോഗിക പ്രസ്താവനയെ ഉദ്ധരിച്ച് പ്രസ് ടിവി ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്. ഇറാഖിൽ തകർന്നു വീണ അമേരിക്കൻ ടാങ്കർ വിമാനത്തിൽ നാല് സൈനികർ കൊല്ലപ്പെട്ടതും, യുഎസ് വിമാനവാഹിനിക്കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണങ്ങളും അമേരിക്കയുടെ തകർച്ചയുടെ തെളിവുകളാണെന്ന് ഇറാൻ ചൂണ്ടിക്കാട്ടി.
“സ്വന്തം സൈന്യത്തെ സംരക്ഷിക്കാൻ പോലും അമേരിക്കയ്ക്ക് ഇന്ന് കഴിയുന്നില്ല. യുഎസ് സൈനിക ശക്തിയെന്നത് വെറും മിഥ്യയാണ്. ഈ വ്യാജ കരുത്തിനെ വിശ്വസിച്ച് മുസ്ലിം രാജ്യങ്ങൾ സ്വന്തം സുരക്ഷ പണയപ്പെടുത്തരുതെന്നും ഇറാൻ ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.
മേഖലയുടെ സുരക്ഷ പ്രാദേശിക രാജ്യങ്ങൾ തന്നെ ഉറപ്പാക്കണമെന്നാണ് ഇറാന്റെ നിലപാട്. ഇസ്രയേലിനെ സംരക്ഷിക്കാൻ വേണ്ടി അമേരിക്ക നടത്തുന്ന സൈനിക നീക്കങ്ങൾ പരാജയപ്പെടുകയാണെന്നും, പശ്ചിമേഷ്യയിൽ അമേരിക്കയുടെ സ്വാധീനം അതിവേഗം ഇല്ലാതാകുകയാണെന്നും ഇറാൻ സൈനിക വക്താവ് ബ്രിഗേഡിയർ ജനറൽ അബുൽഫസൽ ഷെകാർച്ചി പറഞ്ഞു.
അമേരിക്കയും ഇസ്രയേലും ചേർന്ന് വാർത്തകളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും പ്രചരിപ്പിക്കുന്ന സൈനിക മേധാവിത്വം വെറും മനഃശാസ്ത്ര യുദ്ധം മാത്രമാണെന്ന് ഇറാൻ ആരോപിച്ചു. നേതാക്കൾ ബങ്കറുകളിൽ ഒളിച്ചിരിക്കുകയാണെന്ന പ്രചാരണത്തെ തള്ളിക്കൊണ്ട് ഖുദ്സ് ദിന റാലിയിൽ നേതാക്കൾ പരസ്യമായി പങ്കെടുത്തത് ഇതിന് മറുപടിയാണെന്നും അവർ കൂട്ടിച്ചേർത്തു.

