സൗദിയിൽ ഇനി എല്ലാ വിസാ സേവനങ്ങളുക്കുമായി ഒറ്റ ഡിജിറ്റൽ പ്ലാറ്റ്‌ഫോം സ്ഥാപിക്കുന്നതിന് അംഗീകാരം നൽകി സൗദി സർക്കാർ. പ്രവാസികൾക്ക് ഇനി വിസാ നടപടികൾ എളുപ്പമാകും. സൗദി അറേബ്യയിലെ എല്ലാ വിസാ സേവനങ്ങളും ഒരൊറ്റ ഡിജിറ്റൽ സംവിധാനത്തിലേക്ക് കൊണ്ടുവരുന്നതിനുള്ള യൂണിഫൈഡ് നാഷണൽ വിസാ പ്ലാറ്റ്‌ഫോം സ്ഥാപിക്കാൻ സൗദി മന്ത്രിസഭ അംഗീകാരം നൽകി. രാജ്യത്തെ വിസാ അപേക്ഷകൾ, അനുമതികൾ, അനുബന്ധ സേവനങ്ങൾ എന്നിവ കൂടുതൽ വേഗത്തിലും സുതാര്യമായും കൈകാര്യം ചെയ്യുന്നതിനായാണ് പുതിയ സംവിധാനം ഒരുക്കുന്നത്. സൗദി വിദേശകാര്യ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഈ പ്ലാറ്റ്‌ഫോം വിവിധ വിസാ സേവനങ്ങളെ ഒരു ഏകീകൃത ഡിജിറ്റൽ സംവിധാനത്തിലേക്ക് കൊണ്ടുവരും.
ജിദ്ദയിൽ നടന്ന മന്ത്രിസഭാ യോഗത്തിലാണ് പുതിയ തീരുമാനത്തിന് അംഗീകാരം ലഭിച്ചത്. സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം ഉണ്ടായത്. തൊഴിൽ വിസ, കുടുംബ സന്ദർശന വിസ, ബിസിനസ് വിസ, ടൂറിസ്റ്റ് വിസ തുടങ്ങിയ വിവിധ സേവനങ്ങൾക്കുള്ള അപേക്ഷാ നടപടികൾ കൂടുതൽ ലളിതമാക്കുകയാണ് ലക്ഷ്യം.
സൗദിയിലെ ഏറ്റവും വലിയ വിദേശ സമൂഹങ്ങളിലൊന്നായ ഇന്ത്യൻ പ്രവാസികൾക്ക് പുതിയ സംവിധാനം ഏറെ പ്രയോജനപ്പെടുമെന്നാണ് പ്രതീക്ഷ. നിലവിൽ വിവിധ വിസാ നടപടികൾക്കായി വ്യത്യസ്ത സംവിധാനങ്ങൾ ഉപയോഗിക്കേണ്ട സാഹചര്യമാണുള്ളത്. എന്നാൽ പുതിയ പ്ലാറ്റ്‌ഫോം വരുന്നതോടെ അപേക്ഷ സമർപ്പിക്കൽ, രേഖകൾ കൈമാറൽ, അപേക്ഷയുടെ പുരോഗതി പരിശോധിക്കൽ തുടങ്ങിയ കാര്യങ്ങൾ കൂടുതൽ എളുപ്പമാകും. കുടുംബ സന്ദർശനത്തിനായി ഇന്ത്യയിൽ നിന്ന് ബന്ധുക്കളെ സൗദിയിലേക്ക് കൊണ്ടുവരുന്ന പ്രവാസികൾക്കും ഈ മാറ്റം സഹായകരമാകുകയും ചെയ്യും.
തൊഴിൽ വിസാ നടപടികളിലും പുതിയ സംവിധാനം നിർണായകമായ മാറ്റങ്ങൾ കൊണ്ടുവരും. ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ്, ഫിലിപ്പീൻസ് തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് സൗദിയിലേക്ക് ജോലി തേടി എത്തുന്ന പ്രവാസികൾക്ക് വിസാ നടപടികൾ കൂടുതൽ ക്രമീകരിക്കാനും കാലതാമസം കുറയ്ക്കാനും പുതിയ ഡിജിറ്റൽ സംവിധാനം സഹായിക്കുമെന്നാണ് വിലയിരുത്തൽ.
സർക്കാർ സേവനങ്ങൾ പൂർണമായും ഡിജിറ്റൽ ആക്കാനുള്ള സൗദിയുടെ ‘വിഷൻ 2030’ പദ്ധതിയുടെ ഭാഗമായാണ് ഈ നീക്കം. സാങ്കേതികവിദ്യ ഉപയോഗിച്ച് സർക്കാർ സേവനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കുക, അപേക്ഷാ നടപടികളിലെ സങ്കീർണത കുറയ്ക്കുക, സേവനങ്ങൾ കൂടുതൽ വേഗത്തിൽ ലഭ്യമാക്കുക എന്നിവയാണ് ഇതിന്റെ ലക്ഷ്യം.

