സൗദി അറേബ്യയിൽ സംഘടിപ്പിക്കുന്ന സാഹസിക യാത്രകൾ കൂടുതൽ സുരക്ഷിതവും ചിട്ടയുള്ളതുമാക്കാൻ കായിക മന്ത്രാലയം പുതിയ ലൈസൻസിങ് സേവനത്തിന് തുടക്കം കുറിച്ചു. ‘അൽ റഹാല’ എന്ന് പേരിട്ടിരിക്കുന്ന ഈ പുതിയ സേവനം തിങ്കളാഴ്ച മുതലാണ് നിലവിൽ വന്നത്. രാജ്യത്തിന് അകത്തേക്കും വിദേശത്തേക്കുമുള്ള സംഘടിത സാഹസിക യാത്രകൾക്ക് ഏകീകൃത നിയന്ത്രണ സംവിധാനം ഏർപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ നടപടി.
യാത്രാ പെർമിറ്റുകൾ ലഭിക്കുന്നതിനായി ‘റിയാദി’ പ്ലാറ്റ്ഫോമിൽ ‘അൽ റഹാല’ എന്ന പ്രത്യേക വിഭാഗം സജ്ജമാക്കിയിട്ടുണ്ട്. സാഹസിക യാത്രകൾ സംഘടിപ്പിക്കുന്നവർക്ക് ഇനി ഈ പ്ലാറ്റ്ഫോം വഴി അപേക്ഷകൾ സമർപ്പിക്കാം. വിവിധ സർക്കാർ സ്ഥാപനങ്ങളുമായി ചേർന്ന് അപേക്ഷകൾ വിശദമായി പരിശോധിച്ച ശേഷമായിരിക്കും അനുമതി നൽകുക. യാത്രകൾ രാജ്യത്തെ നിയമങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും പൂർണ്ണമായും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് ഈ പരിശോധന.
സാഹസികതയും പ്രകൃതി പര്യവേക്ഷണവും സമന്വയിപ്പിക്കുന്നതാണ് ‘അൽ റഹാല’ പദ്ധതി. ഉത്തരവാദിത്തത്തോടും പരിസ്ഥിതി സൗഹൃദപരമായും യാത്ര ചെയ്യുന്ന സംസ്കാരം വളർത്തിയെടുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കൃത്യമായി ലൈസൻസ് നേടുന്ന യാത്രക്കാർക്ക് മറ്റ് സർക്കാർ സ്ഥാപനങ്ങളുടെയും പിന്തുണാ ഏജൻസികളുടെയും വിവിധ സേവനങ്ങൾ എളുപ്പത്തിൽ പ്രയോജനപ്പെടുത്താനും സാധിക്കും.

