പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ ശക്തമാകുന്നതിനിടെ ഹോർമുസ് കടലിടുക്കിലൂടെ കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ നിർണായക അന്താരാഷ്ട്ര ചർച്ചകൾ ഇന്ന് നടക്കും. ഫ്രാൻസും ബ്രിട്ടനും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ഈ ഉച്ചകോടിയിൽ ലോകത്തെ 40ലധികം രാജ്യങ്ങൾ പങ്കെടുക്കും.വിഡിയോ കോൺഫറൻസ് വഴി പാരീസിൽ നടക്കുന്ന യോഗത്തിന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാമറും നേതൃത്വം നൽകും. ലോക ഊർജ വിതരണത്തിന്റെ പ്രധാന വഴിയായ ഹുർമുസ് കടലിടുക്കിലെ സുരക്ഷ ഉറപ്പാക്കാൻ ബഹുരാഷ്ട്ര പ്രതിരോധ ദൗത്യം രൂപീകരിക്കുക എന്നതാണ് പ്രധാന ലക്ഷ്യം.ഫെബ്രുവരി 28 മുതൽ ഇറാനെതിരെ യു.എസ്–ഇസ്രായേൽ സഖ്യം നടത്തിയ ആക്രമണങ്ങൾക്കൊടുവിൽ മേഖലയിലെ കപ്പൽ ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്. ഇതോടെ ആഗോള ഇന്ധനവില ഉയരുകയും സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുകയും ചെയ്തു. ഈ സാഹചര്യത്തിൽ സമാധാനപരമായ അന്തരീക്ഷം പുനഃസ്ഥാപിക്കാൻ സൈനികേതര രാജ്യങ്ങളെയും ഉൾപ്പെടുത്തി പുതിയ ദൗത്യം രൂപപ്പെടുത്തുകയാണ് ഫ്രാൻസും ബ്രിട്ടനും ലക്ഷ്യമിടുന്നത്.ഇതിനിടെ സംഘർഷം ലഘൂകരിക്കാൻ വിവിധ നയതന്ത്ര നീക്കങ്ങളും പുരോഗമിക്കുന്നു. സൗദി അറേബ്യ, പാകിസ്താൻ, ഈജിപ്ത് രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാർ ഇന്ന് തുർക്കി വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. ഇറാൻ–യു.എസ് ബന്ധത്തിലെ സംഘർഷം കുറയ്ക്കാനുള്ള മാർഗങ്ങളാണ് ചർച്ചയിലെ പ്രധാന വിഷയം.റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ് ഇന്ന് തുർക്കിയിലെത്തും. മധ്യേഷ്യയിലെയും കരിങ്കടൽ മേഖലയിലെയും സുരക്ഷാ സാഹചര്യം സംബന്ധിച്ച് അദ്ദേഹം ചർച്ചകൾ നടത്തും. ഇതിനിടെ ഫ്രഞ്ച് പ്രസിഡന്റ് മാക്രോൺ, ഇറാൻ പ്രസിഡന്റ് മസ്ഊദ് പെസഷ്കിയാനും യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായും ഫോണിൽ സംസാരിച്ചു. ഹുർമുസ് കടലിടുക്ക് ഉപാധികളില്ലാതെ തുറക്കണമെന്നും ലെബനൻ ഉൾപ്പെടെയുള്ള മേഖലകളിൽ വെടിനിർത്തൽ പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.വാഷിങ്ടണും തെഹ്റാനും തമ്മിൽ പാകിസ്താനിൽ നടന്ന 21 മണിക്കൂർ നീണ്ട ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്ന് യൂറോപ്യൻ രാജ്യങ്ങളുടെ ഇടപെടൽ ശക്തമാക്കിയിരിക്കുകയാണ്. ഇസ്‌ലാമാബാദിലെ നിലച്ച ചർച്ചകൾക്ക് പാരീസ് ഉച്ചകോടി പരിഹാരം കാണുമോ എന്നത് ലോകം ഉറ്റുനോക്കുന്നു.#us #iran #hormuz #paris #LatestNews #france #britian

