ഹോർമുസ് കടലിടുക്ക് 48 മണിക്കൂറിനുള്ളിൽ തുറന്നില്ലെങ്കിൽ ‘നരകം പെയ്യും’ എന്ന യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്യുടെ ഭീഷണി തള്ളിയതിനു പിന്നാലെ അമേരിക്കയ്ക്കും ഇസ്രായേലിനും വലിയ “സർപ്രൈസ്” കാത്തിരിക്കുകയാണെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. മുതിർന്ന ഇറാനിയൻ സുരക്ഷാ ഉദ്യോഗസ്ഥൻ പറഞ്ഞതനുസരിച്ച്, വലിയ പ്രതികരണത്തിന് ഇനി അധികസമയം വേണ്ടതില്ല. അമേരിക്കൻ അവകാശവാദങ്ങൾ പരിഹാസ്യമാണെന്നും യുദ്ധവിമാനങ്ങൾ നഷ്ടപ്പെടുന്നത് യുഎസ് സൈനിക നീക്കങ്ങളുടെ പരാജയത്തെ സൂചിപ്പിക്കുന്നതാണെന്നും ഫാർസ് വാർത്ത ഏജൻസിയോട് പ്രതികരിച്ചു. ശത്രുവിനെ എങ്ങനെ തളർത്തണമെന്ന് ഇറാൻ മനസ്സിലാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, യുഎസിന്റെ എംക്യു-9 റീപ്പർ ഡ്രോൺ വെടിവെച്ചിട്ടതായി ഇറാൻ റവലൂഷനറി ഗാർഡ് (ഐആർജിസി) അവകാശപ്പെട്ടു. ഇസ്ഫഹാൻ നഗരത്തിന് മുകളിൽ പറന്നിരുന്ന ഡ്രോണാണ് തകർത്തതെന്ന് റിപ്പോർട്ടുണ്ട്. മറുവശത്ത്, തെഹ്റാനിൽ നടത്തിയ വ്യോമാക്രമണത്തിൽ ഇറാന്റെ ഉന്നത സൈനിക നേതാക്കളെ വധിച്ചതായി ഡോണാൾഡ് ട്രംപ് പറഞ്ഞു. ട്രൂത്ത് സോഷ്യൽ പ്ലാറ്റ്ഫോമിലൂടെയായിരുന്നു അവകാശവാദം. ഒറ്റദിവസം കൊണ്ട് യുഎസിന്റെ രണ്ട് ആധുനിക യുദ്ധവിമാനങ്ങൾ ഇറാൻ വെടിവെച്ചിട്ടതായും റിപ്പോർട്ടുകളുണ്ട്. ആദ്യം മധ്യ ഇറാനിലെ തന്ത്രപ്രധാന കേന്ദ്രങ്ങളിലേക്ക് നീങ്ങിയ എഫ്-15ഇ പോർവിമാനമാണ് തകർത്തത്. വിമാനത്തിലുണ്ടായിരുന്ന ഒരാളെ യുഎസ് രക്ഷിച്ചെങ്കിലും മറ്റൊരാൾ ഇപ്പോഴും കാണാതെയാണ്. പൈലറ്റിനെ കണ്ടെത്താൻ ഇറാനും യുഎസും തിരച്ചിൽ തുടരുന്നു. ഇതിനു പിന്നാലെ ഹോർമുസ് കടലിടുക്കിന് സമീപം പറന്ന എ-10 വാർതോഗ് വിമാനവും ഇറാൻ വെടിവെച്ചിട്ടതായി റിപ്പോർട്ടുകളുണ്ട്. പൈലറ്റ് രക്ഷപ്പെട്ടതായി അറിയുന്നു. തിരച്ചിലിനിറങ്ങിയ ഹെലികോപ്ടറുകൾക്കുനേരെയും ആക്രമണമുണ്ടായതായി വിവരമുണ്ട്. ‘മാജിദ്’ എന്ന തദ്ദേശീയ വ്യോമ പ്രതിരോധ സംവിധാനമാണ് യുഎസ് പോർവിമാനങ്ങളെ തകർക്കാൻ ഉപയോഗിച്ചതെന്നാണ് ഇറാൻ വ്യക്തമാക്കുന്നത് Copy. #tehran #iran #Trump #Hormuz #LatestNews

