ഹോർമുസ് കടലിടുക്കിൽ അമേരിക്ക തുടരുന്ന നാവിക ഉപരോധം നിലനിൽക്കുന്ന സാഹചര്യത്തിൽ വെടിനിർത്തൽ ചർച്ചകൾ പ്രതിസന്ധിയിലായതോടെ ആഗോള വിപണിയിൽ അസംസ്കൃത എണ്ണവില വീണ്ടും ഉയർന്നു.ബ്രെൻറ് ക്രൂഡ് 1.28 ശതമാനം ഉയർന്ന് ബാരലിന് 109.6 ഡോളറിലെത്തി. അതേസമയം ഡബ്ല്യുടിഐ ക്രൂഡ് 1.27 ശതമാനം വർധിച്ച് ബാരലിന് 97.59 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. വെടിനിർത്തൽ നിലവിലുണ്ടെങ്കിലും സംഘർഷ സാഹചര്യത്തിൽ വലിയ ആശ്വാസമില്ലാത്തതാണ് വിലവർധനയ്ക്ക് പ്രധാന കാരണം.ഹോർമുസിൽ ഉപരോധം തുടരുന്ന സാഹചര്യത്തിൽ യുഎസ് നാവികസേന ഇറാന്റെ ഒരു എണ്ണക്കപ്പൽ കൂടി തടഞ്ഞതായി റിപ്പോർട്ടുണ്ട്. ഇറാൻ തുറമുഖത്തേക്ക് നീങ്ങിയ കപ്പലാണ് തടഞ്ഞതെന്ന് യുഎസ് നാവികസേനാ സെൻട്രൽ കമാൻഡ് അറിയിച്ചു.പശ്ചിമേഷ്യയിലെ സംഘർഷത്തിന്റെ തുടക്കത്തിൽ ബാരലിന് 65 ഡോളറായിരുന്ന എണ്ണവില, യുദ്ധം രൂക്ഷമായപ്പോൾ 115 ഡോളർ വരെ ഉയർന്നിരുന്നു. പിന്നീട് ഇരുരാജ്യങ്ങളും വെടിനിർത്തലിലെത്തുകയും ഹോർമുസ് തുറക്കപ്പെടുകയും ചെയ്തതോടെ വില ഇടിഞ്ഞിരുന്നു.എന്നാൽ, ഹോർമുസിൽ നാവിക ഉപരോധം തുടരാനുള്ള യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തീരുമാനം സമാധാന ശ്രമങ്ങൾക്ക് തിരിച്ചടിയായതായി വിലയിരുത്തപ്പെടുന്നു. പിന്നാലെ ഇറാൻ ഹോർമുസ് അടച്ചുവെന്നും റിപ്പോർട്ടുകളുണ്ട്.അതേസമയം, സംഘർഷം അവസാനിപ്പിക്കാനുള്ള ഇറാന്റെ പുതിയ നിർദേശത്തെക്കുറിച്ച് യുഎസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് സുരക്ഷാ ഉദ്യോഗസ്ഥരുമായി ചർച്ചകൾ തുടരുകയാണ്. ഇറാൻ മുന്നോട്ടുവെച്ച നിർദേശങ്ങളിൽ ട്രംപ് ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. ആണവപദ്ധതി സംബന്ധിച്ച വിഷയങ്ങൾ നിർദേശത്തിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നതിൽ ട്രംപ് അതൃപ്തി പ്രകടിപ്പിച്ചതായും യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.ഉപരോധം പിൻവലിച്ചാൽ ഹോർമുസ് ഉടൻ തുറക്കാമെന്നും ആണവ വിഷയങ്ങൾ പിന്നീട് ചർച്ച ചെയ്യാമെന്നുമാണ് ഇറാന്റെ നിർദേശം. പ്രധാന കപ്പൽപാതയായ ഹോർമുസ് വാണിജ്യത്തിനായി തുറക്കാൻ തയ്യാറാണെന്ന് ഇറാൻ അറിയിച്ചിട്ടുണ്ട്. യുറേനിയം സമ്പുഷ്ടീകരണ വിഷയത്തിൽ പിന്നീട് ചർച്ച നടത്താമെന്നും പാകിസ്താന്റെ മധ്യസ്ഥതയിൽ ഇറാൻ യുഎസിനെ അറിയിച്ചു.താൽക്കാലിക വെടിനിർത്തൽ ദീർഘകാലത്തേക്കോ സ്ഥിരമായോ തുടരണമെന്ന നിലപാടാണ് ഇറാൻ മുന്നോട്ടുവെച്ചിരിക്കുന്നത്. ഹോർമുസിൽ യുഎസ് നിയന്ത്രണങ്ങൾ നീക്കിയതിന് ശേഷം മാത്രമേ ആണവശേഖരങ്ങളെക്കുറിച്ചുള്ള ചർച്ചകൾ ആരംഭിക്കൂ എന്നും ഇറാൻ വ്യക്തമാക്കിയതായി റിപ്പോർട്ടുകൾ പറയുന്നു.

