ഹുര്‍മുസ് കടലിടുക്കില്‍ യുഎസ് നാവികസേനയുടെ ഏറ്റവും അത്യാധുനികമായ നിരീക്ഷണ ഡ്രോണ്‍ തകര്‍ന്നു വീണു.
ഏകദേശം 238 മില്യണ്‍ ഡോളര്‍ (ഏകദേശം 2222 കോടി രൂപ) വിലമതിക്കുന്ന എം.ക്യു.ഫോര്‍-സി ട്രൈറ്റണ്‍ (MQ-4C Triton) എന്ന ഡ്രോണാണ് ഏപ്രില്‍ 9-ന് തകര്‍ന്നതെന്ന് നേവല്‍ സേഫ്റ്റി കമാന്‍ഡ് ഔദ്യോഗികമായി സ്ഥിരീകരിച്ചു.
അന്താരാഷ്ട്ര വ്യോമാതിര്‍ത്തിയില്‍ പതിവ് നിരീക്ഷണം നടത്തിക്കൊണ്ടിരുന്ന ഡ്രോണ്‍, പെട്ടെന്ന് തന്നെ അടിയന്തര സാഹചര്യങ്ങളെ സൂചിപ്പിക്കുന്ന ‘കോഡ് 7700’ പ്രക്ഷേപണം ചെയ്യുകയായിരുന്നു. 50,000 അടി ഉയരത്തില്‍ പറന്നുകൊണ്ടിരുന്ന ഡ്രോണ്‍ നിമിഷങ്ങള്‍ക്കുള്ളില്‍ 10,000 അടിയിലേക്ക് താഴുകയും പിന്നീട് റഡാറുകളില്‍ നിന്ന് അപ്രത്യക്ഷമാവുകയും ചെയ്തു. വിമാനത്തിനുണ്ടായ കനത്ത നാശനഷ്ടവും ഉയര്‍ന്ന വിലയും കണക്കിലെടുത്ത് നാവികസേന ഇതിനെ ‘ക്ലാസ് എ’ വിഭാഗത്തിലുള്ള അപകടമായാണ് തരംതിരിച്ചിരിക്കുന്നത്.
ഇറാനുമായുള്ള താല്‍ക്കാലിക വെടിനിര്‍ത്തല്‍ കരാര്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഈ സംഭവം ഉണ്ടായിരിക്കുന്നത്. സാങ്കേതിക തകരാറാണോ അതോ പുറത്തുനിന്നുള്ള ഇടപെടലാണോ തകര്‍ച്ചയ്ക്ക് കാരണമെന്ന് നാവികസേന വ്യക്തമാക്കിയിട്ടില്ല. സമുദ്രഗതാഗതവും സൈനിക നീക്കങ്ങളും തത്സമയം നിരീക്ഷിക്കാന്‍ കഴിവുള്ള ട്രൈറ്റണ്‍ ഡ്രോണുകള്‍ അമേരിക്കയുടെ പ്രതിരോധ മേഖലയിലെ കരുത്തുറ്റ നിരീക്ഷണ സംവിധാനമാണ്. സുരക്ഷാ കാരണങ്ങളാല്‍ അപകടം നടന്ന കൃത്യമായ സ്ഥലം വെളിപ്പെടുത്താന്‍ സൈന്യം തയ്യാറായിട്ടില്ല.

