പൗരത്വബിൽ കേരളം നടപ്പിലാക്കില്ല.മുഖ്യമന്ത്രി പിണറായി വിജയൻ

2019-12-12 22:19:56

ഇന്ത്യൻ ജനാധിപത്യത്തിന്റെയും ഭരണഘടനയുടെയും അടിത്തറ തോണ്ടുന്നതാണ് പാർലമെന്റിൽ മുഷ്ക് പ്രയോഗിച്ച് സംഘപരിവാർ പാസാക്കി എടുത്ത പൗരത്വ ഭേദഗതി ബിൽ. മതനിരപേക്ഷത എന്ന സങ്കൽപ്പത്തെ തന്നെ നിഷേധിക്കുന്നതാണത്. ജനങ്ങളെ മതത്തിന്റെ  പേരിൽ വർഗീയചേരികളിലാക്കി തമ്മിലടിപ്പിക്കാനുള്ള ആർഎസ്എസ് കുതന്ത്രത്തിന്റെ ഉൽപന്നമാണ് ഈ കരിനിയമ നിർമ്മാണം. വർഗീയതയും ജനങ്ങൾ തമ്മിലുള്ള വിദ്വേഷവുമാണ് രാഷ്ട്രീയ ആയുധം എന്ന് ബിജെപി ഒരിക്കൽ കൂടി തെളിയിച്ചു. മതനിരപേക്ഷതയ്ക്ക് ഒരു വിലയും കൽപ്പിക്കുന്നില്ല എന്നതാണ് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ ഇന്നത്തെ വാക്കുകളുടെ പൊരുൾ.  ഫാസിസ്റ്റ് വൽക്കരണ നീക്കമാണ് കൃത്യമായി അരങ്ങേറുന്നത്. ഇതിനെതിരെ അതിശക്തമായ  പ്രതിരോധം ഉയർത്തേണ്ടതുണ്ട്. കേരള മുഖ്യമന്ത്രി പിണറായി വിജയൻ
 
    Adv Nadeem Kottalath എഴുതുന്നു.

എൻ.ആർ.സി വരുമ്പോൾ പൗരത്വം തെളിയിക്കുന്നതിലേക്ക് 1971ലെ രേഖകൾ ശരിയാക്കി വെക്കണം എന്ന് ചിലർ പറയുന്നുണ്ട്. അത് വസ്തുതാപരമായി ശരിയല്ലാത്തതിനാൽ ആണ് ഈ പോസ്റ്റ്. 

1950 ജനുവരി 26നും 1987 ജൂണ് 30നും (രണ്ട് തീയതികളും ഉൾപ്പടെ) ഇടയിൽ  ഇന്ത്യയിൽ ജനിച്ചവർ ഇന്ത്യൻ പൗരന്മാരാണ്. 1987 ജൂലൈ 1നും 2004 ഡിസംബർ 2നും ഇടയിൽ ഇന്ത്യയിൽ ജനിച്ച ആൾ, അയാൾ ജനിച്ച സമയത്ത് അയാളുടെ മാതാപിതാക്കളിൽ ഒരാൾ ഇന്ത്യൻ പൗരൻ ആണെങ്കിൽ അയാൾക്ക് ഇന്ത്യൻ പൗരത്വത്തിന് അവകാശമുണ്ട്. 2004 ഡിസംബർ 3നോ അതിന് ശേഷമോ ഇന്ത്യയിൽ ജനിച്ചവർ, അവരുടെ രക്ഷിതാക്കളിൽ ഒരാൾ ഇന്ത്യൻ പൗരനും മറ്റേ ആൾ നിയമവിരുദ്ധ കുടിയേറ്റകാരനും അല്ലെങ്കിൽ മാത്രമേ അയാൾക്ക്  ഇന്ത്യൻ പൗരത്വത്തിന് അർഹത ഉണ്ടാകൂ. (പൗരത്വ നിയമം വകുപ്പ് 3 നോക്കുക  )

ഇനി ഇന്ത്യക്കാരായ ആളുകളുടെ കുട്ടികൾ വിദേശ രാജ്യങ്ങളിൽ ജനിക്കുന്നുണ്ട്. അവരുടെ പൗരത്വം സംബന്ധിച്ചുള്ള കാര്യങ്ങൾ പറയുന്നത് നാലാം വകുപ്പിൽ ആണ്. 1950 ജനുവരി 26നും 1992 ഡിസംബർ 9നും ഇടയിൽ  വിദേശ രാജ്യത്ത് ജനിച്ച ആൾക്ക്, അയാളുടെ അച്ഛൻ അയാളുടെ ജനന സമയത്ത് ഇന്ത്യൻ പൗരൻ ആണെങ്കിൽ ഇന്ത്യൻ പൗരത്വം ലഭിക്കും.

 ജനനം 1992 ഡിസംബർ 10നോ അതിന് ശേഷമോ ആണെങ്കിൽ മാതാപിതാക്കളിൽ ഒരാൾ ഇന്ത്യൻ പൗരൻ ആണെങ്കിലും അപ്രകാരം ജനിച്ച ആൾക്ക് ഇന്ത്യൻ പൗരത്വം ലഭിക്കും. ഇപ്രകാരം പൗരത്വം ലഭിച്ചവരുടെ മക്കൾക്ക് ഇതേ രീതിയിൽ പൗരത്വം ലഭിക്കണമെങ്കിൽ ജനിച്ചു ഒരു വർഷത്തിനകം ആ രാജ്യത്തെ ഇന്ത്യൻ കോണ്സുലേറ്റിൽ ജനനം രജിസ്റ്റർ ചെയ്യണം.

 അല്ലെങ്കിൽ കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിക്കണം.  2004 ഡിസംബർ 3നോ അതിന് ശേഷമോ ആണ് ജനിക്കുന്നത് എങ്കിൽ ജനിച്ചു ഒരു വർഷത്തിനകം ആ രാജ്യത്തെ ഇന്ത്യൻ കോണ്സുലേറ്റിൽ ജനനം രജിസ്റ്റർ ചെയ്താലേ പൗരത്വം ലഭിക്കൂ. അല്ലെങ്കിൽ കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിക്കണം.  
 
മേൽ പറഞ്ഞ നിയമം ആസാമിൽ ബാധകമല്ല. ഇന്ത്യൻ പൗരത്വ നിയമത്തിലെ 6A വകുപ്പ് പ്രകാരം അസാമിൽ പൗരത്വത്തിന് വേറെ നിബന്ധനകളാണ്.

 1971 മാർച്ച്‌ 25 എന്ന കട്ട് ഓഫ് തീയതി ബാധകമാവുന്നത് അസാമിൽ മാത്രമാണ്. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ ആസാമിലെ പൗരത്വം സംബന്ധിച്ച നിയമങ്ങൾ ബാധകമല്ല. അത് കൊണ്ട് തന്നെ അസാമിലെ എൻ.ആർ.സി സംബന്ധമായ ചട്ടങ്ങളും നിബന്ധനകളും അനുസരിച്ച് കേരളത്തിലെ ജനങ്ങൾ രേഖകൾ ഒരുക്കി വെക്കേണ്ട കാര്യമില്ല. 

ഇനി ഒരു ജാഗ്രത എന്ന നിലക്ക് രേഖകൾ ഒരുക്കുന്നു എങ്കിൽ ജനനം തെളിയിക്കുന്ന രേഖകൾ മാത്രം മതി. 1971ന് മുൻപുള്ള ആധാരങ്ങളും നികുതി രശീതിയും ഒന്നും ആവശ്യമില്ല എന്ന് ചുരുക്കം.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.