കഴിഞ്ഞ വർഷം പതിനായിരം ഇന്ത്യക്കാരെ അമേരിക്ക തടഞ്ഞു വെച്ചു എന്ന് റിപ്പോർട്ട്

2019-12-13 22:08:52

കഴിഞ്ഞ വര്‍ഷം യുഎസില്‍ പതിനായിരത്തോളം ഇന്ത്യക്കാരെ തടഞ്ഞുവെച്ചിരുന്നുവെന്ന് റിപ്പോര്‍ട്ട്

മൊയ്തീന്‍ പുത്തന്‍‌ചിറ

വാഷിംഗ്ടണ്‍: യുഎസ് ഗവണ്മെന്റ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍, രാജ്യത്തെ വിവിധ നിയമ നിര്‍‌വ്വഹണ ഏജന്‍സികള്‍ 2018 ല്‍ ദേശീയ സുരക്ഷയ്ക്കോ പൊതുസുരക്ഷയ്ക്കോ ഭീഷണിയായി കണ്ട പതിനായിരത്തോളം ഇന്ത്യക്കാരെ തടഞ്ഞു വെച്ചതായി റിപ്പോര്‍ട്ട്.

ചൊവ്വാഴ്ച പുറത്തിറക്കിയ ഈ റിപ്പോര്‍ട്ടനുസരിച്ച് തടഞ്ഞുവെച്ചവരില്‍ 831 പേരെ അമേരിക്കയില്‍ നിന്ന് പുറത്താക്കുകയും ചെയ്തു.

'ഇമിഗ്രേഷന്‍ എന്‍ഫോഴ്സ്മെന്‍റ്: അറസ്റ്റുകള്‍, തടങ്കലില്‍ വയ്ക്കല്‍, നാടുകടത്തല്‍ ബന്ധപ്പെട്ട പ്രശ്നങ്ങള്‍' എന്ന തലക്കെട്ടിലുള്ള റിപ്പോര്‍ട്ട് ഗവണ്മെന്റ് അക്കൗണ്ടബിലിറ്റി ഓഫീസ് തയ്യാറാക്കിയിട്ടുണ്ട്. യുഎസ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്‍റ് (ഐസി‌ഇ) തടങ്കലിലാക്കിയ ഇന്ത്യക്കാരുടെ എണ്ണം 2015 നും 2018 നും ഇടയില്‍ ഇരട്ടിയായെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.

2015 ല്‍ 3,532 ഇന്ത്യക്കാരെെ ഇമിഗ്രേഷന്‍ തടഞ്ഞുവെച്ചു. 2016 ല്‍ 3,913 പേരെയും, 2017 ല്‍ 5,322 പേരെയും, 2018 ല്‍ 9,811 പേരെയുമാണ് അധികൃതര്‍ തടഞ്ഞുവെച്ചത്.

2018 ല്‍ 831 ഇന്ത്യക്കാരെ നാടുകടത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. 2015 ല്‍ 296 ഇന്ത്യക്കാരെയും, 2016 ല്‍ 387 പേരെയും 2017 ല്‍ 474 പേരെയും നാടു കടത്തി.

റിപ്പോര്‍ട്ടനുസരിച്ച് 2015 ല്‍ ആകെ 1,21,870 പേരെയാണ് ഐ സി ഇ തടങ്കലില്‍ വെച്ചത്. 2018 ല്‍ അവരുടെ എണ്ണം 1,51,497 ആയി ഉയര്‍ന്നു.

2016 നും 2018 നും ഇടയില്‍ ട്രാന്‍സ്ജെന്‍ഡര്‍, ഗര്‍ഭിണികള്‍ എന്നിവരുടെ എണ്ണം വര്‍ദ്ധിച്ചതായും 2017 മുതല്‍ 2018 വരെ പ്രത്യേക പരിഗണനയുള്ളവരുടെ എണ്ണം വര്‍ദ്ധിച്ചതായും ഐ സി ഇയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. 
 

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.