സൂര്യഗ്രഹണം : ശബരിമല ക്ഷേത്രനടകൾ നാല് മണിക്കൂർ അടച്ചിടും

2019-12-23 21:13:26

സൂര്യഗ്രഹണം:  ശബരിമല ക്ഷേത്രനടകള്‍ നാല് മണിക്കൂര്‍ അടച്ചിടും

 ശബരിമല : സൂര്യഗ്രഹണം കണക്കിലെടുത്ത് ഈ മാസം 26 ന് ശബരിമല ശ്രീ ധര്‍മ്മശാസ്താ ക്ഷേത്ര തിരുനട, മാളികപ്പുറം, പമ്പ ക്ഷേത്ര നടകള്‍ നാല് മണിക്കൂര്‍ അടച്ചിടും. 7.30 മുതല്‍ 11.30 വരെയാണ് ക്ഷേത്രനടകള്‍ അടയ്ക്കുന്നത്. സൂര്യഗ്രഹണം ആയതിനാല്‍ ക്ഷേത്രനട നാല് മണിക്കൂര്‍ അടച്ചിടുന്നതിനാല്‍ അയ്യപ്പഭക്തര്‍ക്ക് ദര്‍ശനത്തിന് നിയന്ത്രണമുണ്ടാകുമെന്ന് പൊലീസ് അറിയിച്ചു. 26 ന് രാവിലെ 8.06 മുതല്‍ 11.13 മണി വരെയാണ് സൂര്യഗ്രഹണം. ഗ്രഹണം കഴിഞ്ഞ് 11.30 ന് ക്ഷേത്രനട തുറക്കും. തുടര്‍ന്ന് പുണ്യാഹവും കലശാഭിഷേകവും നടക്കും. ഇതിനു ശേഷം ഒരു മണിക്കൂര്‍ സമയം ഭഗവാന് നെയ്യഭിഷേകം ഉണ്ടായിരിക്കും. കളഭകലശം എഴുന്നെള്ളത്തിനു ശേഷം കളഭാഭിഷേകം. തുടര്‍ന്ന് ഉച്ചപൂജ. അതു കഴിഞ്ഞ് തിരുനട അടയ്ക്കും. അന്നേ ദിവസം വൈകുന്നേരം ശ്രീകോവില്‍ നട തുറക്കുന്നത് 5 മണിക്കായിരിക്കും. 5.30 ഓടെ തങ്ക അങ്കി സ്വീകരിക്കാന്‍ നിയോഗിക്കപ്പെട്ടവര്‍ തിരുനടയില്‍ എത്തി പ്രത്യേക ഹാരം അണിഞ്ഞ് ശരംകുത്തിയിലേക്ക് യാത്ര തിരിക്കും. ആറ് മണിയോടെ തങ്ക അങ്കി ഘോഷയാത്രയ്ക്ക് ശരംകുത്തിയില്‍ വച്ച് ആചാരപൂര്‍വ്വമുള്ള സ്വീകരണം നല്‍കും. തുടര്‍ന്ന് ക്ഷേത്രത്തിലേക്ക് ആനയിക്കും. 6.25 ഓടെ പതിനെട്ടാം പടി കയറി കൊണ്ടു വരുന്ന തങ്ക അങ്കിപ്പെട്ടി  ശ്രീകോവിലിലേക്ക് ക്ഷേത്രതന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന് ഏറ്റുവാങ്ങും. ശേഷം തങ്ക അങ്കി ചാര്‍ത്തിയുള്ള മഹാദീപാരാധന നടക്കും. ഗ്രഹണത്തിന്‍റെ ഭാഗമായുള്ള നട അടയ്ക്കല്‍ കണക്കിലെടുത്ത് രാവിലെ അഞ്ച് മണി മുതലും തങ്ക അങ്കി ഘോഷയാത്ര നടക്കുന്നതിനാല്‍ 26 ന്  വൈകുന്നേരവും അയ്യപ്പദര്‍ശനത്തിന് എത്തുന്ന ഭക്തര്‍ക്ക് നിലക്കല്‍ , പമ്പ എന്നിവിടങ്ങളില്‍ നിയന്ത്രണം ഉണ്ടാകുമെന്ന് പൊലീസ് അറിയിച്ചു. രാത്രി 9.30 ന് അത്താഴപൂജ, 10.50ന് ഹരിവരാസനം പാടി 11 മണിക്ക് തിരുനട അടയ്ക്കും. മണ്ഡലപൂജ ദിനമായ ഡിസംബര്‍ 27ന് പുലര്‍ച്ചെ 3 മണിക്ക് ആണ് ക്ഷേത്രനട തുറക്കുന്നത്. 3 .15 മുതല്‍ 7 മണി വരെ നെയ്യഭിഷേകം. 7.30 ന് ഉഷപൂജ. 8 മണി മുതല്‍ 9.30 വരെ നെയ്യഭിഷേകം തുടരും. 10 മണിക്കും 11.40നും ഇടയ്ക്കുള്ള കുംഭം രാശിയില്‍ തങ്ക അങ്കി ചാര്‍ത്തിയുള്ള മണ്ഡലപൂജ നടക്കും. ഉച്ചക്ക് ഒരു മണിക്ക് നട അടക്കും. അന്നേ ദിവസം വൈകുന്നേരം നാല് മണിക്ക് നട വീണ്ടും തുറക്കും. ദീപാരാധന വൈകുന്നേരം 6.30ന്. അത്താഴപൂജ 9.30 ന്. രാത്രി 9.50 ന് ഹരിവരാസനം പാടി നട അടയ്ക്കും.ഇതോടെ 41 ദിവസം നീണ്ടു നിന്ന മണ്ഡലകാലത്തിനും പരിസമാപ്തിയാകും. മകരവിളക്ക് ഉത്സവത്തിനായി ക്ഷേത്ര തിരുനട ഡിസംബര്‍ 30 ന് വൈകുന്നേരം 5 മണിക്ക് തുറക്കും. 2020 ജനുവരി 15 നാണ് മകരവിളക്ക്.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.