ലൈഫ് പദ്ധതിയിൽ രണ്ടു ലക്ഷം വീടുകൾ പൂർത്തിയാകുന്നു

2019-12-28 19:23:02

തിരുവനന്തപുരം ; ലൈഫ് പദ്ധതി പ്രകാരം ജനുവരിയിൽ 2 ലക്ഷം വീടുകൾ കേരളത്തിൽ പൂർത്തിയാകുന്നു. എല്ലാ ഭവനരഹിതർക്കും സുരക്ഷിതവും മാന്യവുമായ വീടു നൽകുവാനായി ആവിഷ്കരിച്ച ലൈഫ് പദ്ധതി അതിദ്രുതം അതിൻ്റെ ലക്ഷ്യത്തിലോട്ടു നീങ്ങുകയാണ്.  ജനുവരി 26-നുള്ളിൽ 2 ലക്ഷം വീടുകളുടെ നിർമ്മാണം വിജയകരമായി പൂർത്തിയാകും. പദ്ധതി പുരോഗതി വിലയിരുത്തുകയും തുടർ നടപടികൾ തീരുമാനിക്കുകയും ചെയ്തു. 

ലൈഫ് രണ്ടാംഘട്ടം പൂര്‍ത്തിയാക്കാന്‍ സംസ്ഥാന വിഹിതമായി 242.5 കോടി രൂപയാണ് അനുവദിക്കേണ്ടിയിരുന്നത്. ഇതില്‍ 68 കോടി രൂപ ഇതിനകം റിലീസ് ചെയ്തു. ബാക്കി തുക ഉടനെ റിലീസ് ചെയ്യും. 

പൂര്‍ത്തിയാകാത്ത വീടുകളുടെ നിര്‍മ്മാണമാണ് ലൈഫിന്റെ ഒന്നാംഘട്ടത്തില്‍ ഏറ്റെടുത്തിരുന്നത്. ഈ പദ്ധതിയില്‍ 54,183 ഗുണഭോക്താക്കളാണുള്ളത്. ഇതിനകം തന്നെ 96 ശതമാനം വീടുകളും പൂര്‍ത്തിയായി.    

സ്വന്തമായി ഭൂമിയുള്ള ഭവനരഹിതര്‍ക്ക് പാര്‍പ്പിടം ഒരുക്കാനുള്ള രണ്ടാംഘട്ട പദ്ധതിയില്‍ 91,147 ഗുണഭോക്താക്കളാണുള്ളത്. ഇതില്‍ 60,524 വീടുകള്‍ (66.36 ശതമാനം) പൂര്‍ത്തിയായി. 30,623 വീടുകളാണ് രണ്ടാംഘട്ടത്തില്‍ ബാക്കിയുള്ളത്. രണ്ടാംഘട്ടത്തില്‍ 13,000 വീടുകളുടെ പ്രവൃത്തി മേല്‍ക്കൂരവരെ എത്തിയിട്ടുണ്ട്. 8,000 ത്തോളം വീടുകള്‍ ലിന്‍ഡല്‍ ലെവലില്‍ എത്തി. ഇവയെല്ലാം ജനുവരിയില്‍ പൂര്‍ത്തിയാകും. ബാക്കിയുള്ള ഒന്‍പതിനായിരത്തോളം വീടുകള്‍ ഫെബ്രുവരി, മാര്‍ച്ച് മാസമാകുമ്പോഴേക്കും പൂര്‍ത്തിയാകും.  

രണ്ടാംഘട്ടത്തിലുള്ള പി.എം.എ.വൈ (ഗ്രാമീണ്‍) വിഭാഗത്തില്‍ 17,471 ഗുണഭോക്താക്കളാണുള്ളത്. ഇതില്‍ 94 ശതമാനം വീടുകളും പൂര്‍ത്തിയായി. ബാക്കിയുള്ള വീടുകള്‍ മാര്‍ച്ചിനു മുമ്പ് പൂര്‍ത്തിയാകും. പി.എം.എ.വൈ (നഗരം) വിഭാഗത്തില്‍ 75,887 ഗുണഭോക്താക്കളാണുള്ളത്. ഇതില്‍ 28,334 വീടുകള്‍ പൂര്‍ത്തിയായി. ബാക്കിയുള്ളതില്‍ 22,000 വീടുകള്‍ ജനുവരി 31 നു മുമ്പ് പൂര്‍ത്തിയാകും. പി.എം.എ.വൈ പൂര്‍ത്തിയാക്കാന്‍ ആവശ്യമായ 82 കോടി രൂപയില്‍ 41 കോടി രൂപ ഇതിനകം റിലീസ് ചെയ്തു. ബാക്കി 41 കോടി ഉടനെ അനുവദിക്കും. 

പി.എം.എ.വൈ ഗ്രാമീണ്‍ വിഭാഗത്തില്‍ കേന്ദ്രം 72,000 രൂപ മാത്രമാണ് നല്‍കുന്നത്. സംസ്ഥാന സര്‍ക്കാറും പ്രാദേശിക സ്വയംഭരണ സ്ഥാപനവും കൂടി 2.8 ലക്ഷം രൂപ നല്‍കുന്നു. നഗരം വിഭാഗത്തില്‍ 1.5 ലക്ഷം രൂപയാണ് കേന്ദ്ര വിഹിതം. ഈ വിഭാഗത്തില്‍ സംസ്ഥാന സര്‍ക്കാരും പ്രാദേശിക സ്വയംഭരണ സ്ഥാപനവും ചേര്‍ന്ന് 2.5 ലക്ഷം രൂപ ലഭ്യമാക്കുന്നു.

ഭൂരഹിതരും ഭവനരഹിതരുമായവര്‍ക്കു വേണ്ടിയുള്ള മൂന്നാംഘട്ട പദ്ധതിയില്‍ ഫ്‌ളാറ്റ് സമുച്ചയമാണ് പണിയുന്നത്. മൊത്തം 1.06 ലക്ഷം ഗുണഭോക്താക്കളാണ് ഈ ഘട്ടത്തിലുള്ളത്. 10 ജില്ലകളിലായി 10 ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ പണിയുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. 2020 ജൂണിനു മുമ്പ് ഈ പത്തു ഫ്‌ളാറ്റുകളും പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. ഫ്രീ ഫാബ്രിക്കേഷന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് 10 ഫ്‌ളാറ്റുകളും പണിയുന്നത്. ഇതിനു പുറമേ 56 ഫ്‌ളാറ്റു സമുച്ചയങ്ങള്‍ക്കുള്ള വിശദ പദ്ധതി രേഖ തയ്യാറാക്കുകയാണ്. ഫെബ്രുവരിയില്‍ ഈ പ്രവൃത്തികള്‍ ആരംഭിക്കാന്‍ കഴിയും. ആറു മാസം കൊണ്ട് പൂര്‍ത്തിയാക്കാനാണ് ലക്ഷ്യം.

ഫ്‌ളാറ്റുകള്‍ പണിയുന്നതിന് 300 ഓളം സ്ഥലങ്ങള്‍ ലൈഫ് മിഷന്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി കണ്ടെത്തിയിട്ടുണ്ട്. ബാക്കിയുള്ള സ്ഥലങ്ങള്‍ കൂടി ജനുവരിയോടെ കണ്ടെത്തണമെന്ന് നിര്‍ദേശിച്ചു. 

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.