പ്ലാസ്റ്റിക് നിരോധനം ബദലായി കുടുംബശ്രീ ബ്രാൻഡ് സഞ്ചികൾ

2020-01-05 10:51:37

ബദലാവാന്‍ കുടുംബശ്രീയുടെ ‘കൂട്ടുകാരി’ ബ്രാന്‍ഡ് സഞ്ചികള്‍

 കോട്ടയം : കാഴ്ചയില് ചെറിയൊരു പഴ്സ്. മടക്ക് നിവര്‍ത്തിയാല്‍ പത്തു കിലോയോളം കൊള്ളുന്ന തുണി സഞ്ചി. പ്ലാസ്റ്റിക് കൂടുകള്‍ക്ക് ബദലായി പഴ്സ്  പോലെ കൊണ്ടു നടക്കാവുന്ന തുണി സഞ്ചികള്‍ വിപണിയിലെത്തിക്കുന്നത് പുതുപ്പള്ളിയിലെ കുടുംബശ്രീ വനിതകളാണ്. കൊണ്ടു നടക്കാനുള്ള സൗകര്യമാണ് ഈ സഞ്ചികളുടെ സവിശേഷത.
പുതുപ്പള്ളി സി.ഡി.എസിനു കീഴിലുള്ള കീര്‍ത്തി, ഉദയം, സ്നേഹക്കൂട്  കുടുംബശ്രീ യൂണിറ്റുകളില്‍ നിന്നുള്ള നാലു വനിതകളുടെ കൂട്ടായ്മയാണ് തുണി സഞ്ചി നിര്‍മ്മാണത്തില്‍ പുത്തന്‍ ആശയങ്ങള്‍ അവതരിപ്പിക്കുന്നത്.പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ക്ക് പകരമായി ഉപയോഗിക്കാവുന്ന കോറ തുണിത്തരങ്ങള്‍ കൊണ്ടുള്ള സഞ്ചികള്‍ മുതല്‍ വലിപ്പമുള്ള മേല്‍ത്തരം സഞ്ചികള്‍ വരെ ഇവര്‍ നിര്‍മ്മിക്കുന്നു.
ഹാന്‍ഡ് ബാഗുകള്‍, ലഞ്ച് ബോക്സ് കവറുകള്‍, മേശപ്പുറത്ത് സാധനങ്ങള്‍ ഇട്ടു വയ്ക്കാവുന്ന തുണികൊണ്ടുള്ള കോപ്പകള്‍, യോഗ മാറ്റുകള്‍, ചവിട്ടികള്‍ തുടങ്ങി നിരവധി ബദല്‍ ഉത്പ്പന്നങ്ങളുമുണ്ട്.  എട്ടു രൂപ മുതല്‍ 100 രൂപ വരെ വിലയുള്ള തുണി സഞ്ചികള്‍ ലഭ്യമാണ്. ഒരു ദിവസം 150ലധികം സഞ്ചികള്‍ ഇവിടെ നിര്‍മ്മിക്കുന്നു.
കൂട്ടുകാരി എന്ന ബ്രാന്‍ഡിലുള്ള സഞ്ചികള്‍ ഓര്‍ഡര്‍ അനുസരിച്ച് ഇഷ്ട ഡിസൈനില്‍  നിര്‍മിച്ചു നല്‍കുകയും ചെയ്യും. ഉപയോഗശേഷം ഉപേക്ഷിച്ചാല്‍  ദ്രവിച്ച് മണ്ണിലടിയുമെന്ന പ്രത്യേകതയുമുണ്ട്. പുതുപ്പള്ളി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മറ്റി  ചെയര്‍പേഴ്സന്‍ കൂടിയായ ഗീത ഷിജുവാണ് തുണി സഞ്ചി യൂണിറ്റിന് നേതൃത്വം നല്‍കുന്നത്. പള്ളം ബ്ലോക്ക് പഞ്ചായത്തില്‍ നിന്ന് സബ്സിഡിയിനത്തില്‍ ലഭിച്ച ഒരു ലക്ഷം രൂപ ഉപയോഗിച്ചാണ് തയ്യല്‍ യൂണിറ്റ് ആരംഭിച്ചത്.
ഒരു വര്‍ഷം മുമ്പ് തുണി സഞ്ചി നിര്‍മാണം ആരംഭിച്ച ഇവര്‍ പനച്ചിക്കാട്, മരങ്ങാട്ടുപിളളി പഞ്ചായത്തുകളിലെ പരിപാടികള്‍ക്കും വിവിധ സംഘടനകള്‍ക്കുമായി ആയിരക്കണക്കിന് സഞ്ചികള്‍ ഇതിനോടകം നല്‍കിയതായി ഗീത പറയുന്നു.  കുടുംബശ്രീ മേളകളിലും കൂട്ടുകാരി ബ്രാന്‍ഡുമായി സജീവമായ ഇവര്‍ സ്കൂള്‍ ബാഗ് നിര്‍മാണം ആരംഭിക്കാനും ലക്ഷ്യമിടുന്നു.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.