കേരളത്തിന്റെ പോരാട്ടങ്ങള്‍ക്ക് കരുത്തേകാന്‍ ആസാദെത്തുന്നു; ആദ്യം കോഴിക്കോട്

2020-01-24 23:03:54

    
    കോഴിക്കോട്: മതാടിസ്ഥാനത്തില്‍ രാജ്യത്തെ ജനങ്ങളെ വിഭജിക്കുന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരളത്തില്‍ നടക്കുന്ന പോരാട്ടങ്ങള്‍ക്ക് കൂടുതല്‍ കരുത്ത് പകരാന്‍ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദെത്തുന്നു. ജാമ്യം ലഭിച്ച ശേഷം ഡല്‍ഹി ജുമാ മസ്ജിദിനു മുന്നിലും ജാമിഅ മില്ലിയ സര്‍വകലാശാലയിലും ഷഹീന്‍ബാഗിലും എത്തി പ്രതിഷേധക്കാരെ അഭിസംബോധന ചെയ്ത ശേഷം ആസാദിന്റെ അടുത്ത പോരാട്ട വേദിയായി മാറുകയാണ് കേരളം. 
 
സംസ്ഥാനത്ത് കോഴിക്കോടാണ് ആസാദ് ആദ്യമെത്തുക. ജനാധിപത്യ സംരക്ഷണ സമിതി കോഴിക്കോട് ബീച്ചില്‍ ഈ മാസം 31ന് ഉച്ചകഴിഞ്ഞ് മൂന്നിന് നടത്തുന്ന പീപ്പിള്‍സ് സമ്മിറ്റിലാണ് ആസാദ് പങ്കെടുക്കുക. വംശഹത്യാ നിയമങ്ങള്‍ക്കെതിരെ കേരളം ആസാദിനൊപ്പം എന്ന പ്രമേയത്തിലാണ് പ്രതിഷേധ പരിപാടി. സ്വാതന്ത്ര്യത്തിനായി പോരാടുക, സിഎഎ പിന്‍വലിക്കുക, നോ എന്‍ആര്‍സി, എന്‍പിആര്‍ ബഹിഷ്‌കരിക്കുക എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് പ്രതിഷേധം നടക്കുക. 
 
തുടര്‍ന്ന് ഫെബ്രുവരി ഒന്നിന് തിരുവനന്തപുരത്ത് നടക്കുന്ന എസ്ഡിപിഐ സിറ്റിസണ്‍ മാര്‍ച്ചിന്റെ സമാപന സമ്മേളനത്തില്‍ ആസാദ് പങ്കെടുക്കും. ശേഷം കൊടുങ്ങല്ലൂരില്‍ നടക്കുന്ന പ്രതിഷേധ പരിപാടിയിലും പങ്കാളിയാവും. നേരത്തെ, ഡല്‍ഹി ജുമാ മസ്ജിദിനു മുന്നില്‍ പതിനായിരങ്ങളെ അണിനിരത്തി നടന്ന കൂറ്റന്‍ പ്രതിഷേധത്തിനു പിന്നാലെ പൊലീസ് അറസ്റ്റ് ചെയ്ത ആസാദിനു വേണ്ടി കേരളത്തിലടക്കം പ്രതിഷേധം അലയടിച്ചിരുന്നു. ആസാദിന് ആസാദീ എന്ന മുദ്രാവാക്യമാണ് പ്രതിഷേധ റാലികളില്‍ മുഴങ്ങിക്കേട്ടത്.
 
അറസ്റ്റ് ചെയ്ത് ചികിത്സ പോലും നിഷേധിച്ച് ജയിലിലിട്ട ഡല്‍ഹി പൊലീസിനെതിരെ കോടതി തന്നെ രൂക്ഷവിമര്‍ശനവുമായി രംഗത്തുവരികയും പിന്നീട് ജാമ്യം അനുവദിക്കുകയുമായിരുന്നു. 26 ദിവസത്തിനു ശേഷം ഈ മാസം 16നായിരുന്നു ജാമ്യം. ആദ്യം കര്‍ശന ഉപാധികള്‍ വച്ചെങ്കിലും പിന്നീട് ആസാദിനെതിരെ ഗുരുതര കുറ്റങ്ങളൊന്നും ഇല്ലെന്ന് ഡല്‍ഹി പൊലീസിന് സമ്മതിക്കേണ്ടിവന്നതോടെ ജാമ്യ വ്യവസ്ഥയില്‍ ഇളവ് നല്‍കുകയായിരുന്നു. ഷഹീന്‍ബാഗ് മാതൃകയില്‍ ആയിരക്കണക്കിന് സമരപന്തലുകള്‍ രാജ്യത്തുടനീളം തീര്‍ക്കുമെന്ന് ചന്ദ്രശേഖര്‍ ആസാദ് പറഞ്ഞിരുന്നു.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.