നാടിനെ നടുക്കിയ കൊലപാതകം. വർഷങ്ങൾക്കു ശേഷം മകൻ അടക്കമുള്ള പ്രതികൾ പിടിയിൽ

2020-01-26 07:50:10

    
   കോഴിക്കോട് ; വർഷങ്ങൾക്ക് മുൻപ് നാടിനെ നടുക്കിയ ആ അരുംകൊലയുടെ ചുരുളഴിയുന്നു. ചാലിയ,​ മുക്കം എന്നിവിടങ്ങളില്‍ നിന്നായി മനുഷ്യശരീരഭാഗങ്ങള്‍ കണ്ടെത്തിയ കേസില്‍ പ്രതി പിടിയിലായതോടെ മാഞ്ഞുപോകാൻ സാധ്യതയുണ്ടായിരുന്ന കേസിനാണ് ഇപ്പോൾ വഴിത്തിരിവുണ്ടാകുന്നത്. കൊല്ലപ്പെട്ടത് ഒരു സ്ത്രീയും പുരുഷനുമാണെന്നാണ് വിവരം. കൊലപ്പെടുത്തിയതിനു ശേഷം തെളിവുനശിപ്പിക്കാനായി ശരീരഭാഗങ്ങള്‍ പല സ്ഥലത്തായി ഉപേക്ഷിക്കുകയായിരുന്നെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. 2017 ജൂണ്‍ 28നാണ് ആദ്യ ശരീരഭാഗം ചാലിയം കടപ്പുറത്തുനിന്ന് ലഭിച്ചത്. രണ്ടരവര്‍ഷത്തെ അന്വേഷണത്തിനൊടുവിലാണ് കൊല്ലപ്പെട്ടവരെയും കൊലപ്പെടുത്തിയവരെക്കുറിച്ചും വ്യക്തമായ വിവരം ലഭിച്ചത്. ചാലിയ കടല്‍തീരത്തു നിന്ന് ഇടതുകൈയുടെ ഭാഗമാണ് ആദ്യം കിട്ടിയത്. മൂന്നു ദിവസത്തിനുശേഷം ഇതേ സ്ഥലത്തുനിന്ന് വലതുകൈയും ലഭിച്ചു. അന്വേഷണം നടക്കുന്നതിനിടെ മലയോര മേഖലയായ മുക്കം എസ്റ്റേറ്റ് റോഡരികില്‍നിന്ന് കൈകളും കാലും തലയും വെട്ടിമാറ്റിയ നിലയില്‍ ഉടല്‍ മാത്രം ചാക്കിനുള്ളില്‍ കണ്ടെത്തി. ഒരാഴ്ച കഴിഞ്ഞ് കൈകള്‍ ലഭിച്ച ചാലിയം തീരത്തുനിന്ന് തലയോട്ടിയും ലഭിച്ചു. വിദഗ്ധ പരിശോധനയില്‍ എല്ലാ ശരീര ഭാഗങ്ങളും ഒരാളുടേതാണെന്ന് കണ്ടെത്തി. മുക്കം പൊലീസാണ് കേസ് അന്വേഷിച്ചിരുന്നത്. എന്നാല്‍,​ ലോക്കല്‍ പൊലീസിന്റെ അന്വേഷണത്തില്‍ നിര്‍ണായക പുരോഗതി ഉണ്ടാകാതിരുന്നതോടെ, അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു. ഒരു തുമ്ബും ലഭിക്കാതെ വന്നതോടെ കൊല്ലപ്പെട്ട ആളോട് സാമ്യമുള്ള രേഖാചിത്രം കഴിഞ്ഞ നവംബറില്‍ ക്രൈംബ്രാഞ്ച് തയ്യാറാക്കി. കേസുമായി ബന്ധപ്പെട്ട് മൂന്ന് വ്യത്യസ്ത രേഖാചിത്രം തയ്യാറാക്കിയിരുന്നു.
തുടര്‍ന്ന് മുക്കം ഭാഗത്തെ അസ്വഭാവിക മരണങ്ങളുടെ വിവരങ്ങള്‍ ശേഖരിച്ചു. ഒരു സ്ത്രീയുടെ തൂങ്ങിമരണം ഇതില്‍ സംശയമുണര്‍ത്തി. 70 വയസ്സുണ്ടായിരുന്ന ഈ സ്ത്രീ താമസിച്ചിരുന്ന ഭാഗത്ത് പോലീസ് സംഘം അന്വേഷണം നടത്തിയപ്പോള്‍ അയല്‍ക്കാരും ഇതേ സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ സ്ത്രീയുടെ മരണശേഷം വീട്ടുകാര്‍ വീടും സ്ഥലവും വിറ്റ് മറ്റൊരിടത്തേക്ക് പോയിരുന്നു. ഈ വീട്ടിലെ താമസക്കാരന്‍ ബിര്‍ജു എന്നയാളാണെന്ന് തെളിഞ്ഞതോടെ ഇയാളെ കണ്ടെത്താനായി പോലീസ് സംഘത്തിന്റെ ശ്രമം. ബിര്‍ജുവിന്റെ ഭാര്യ ഒരു നഴ്‌സാണെന്നും രണ്ട് പെണ്‍മക്കളുണ്ടെന്നും കണ്ടെത്തിയെങ്കിലും ഇവരുടെ താമസസ്ഥലം എവിടെയാണെന്നറിയാന്‍ ഏറെ സമയമെടുത്തു. തമിഴ്‌നാട് നീലഗിരി ഭാഗത്ത് ബിര്‍ജുവുണ്ടെന്ന വിവരം ലഭിച്ചതോടെ പോലീസ് അങ്ങോട്ടുതിരിച്ചു. ഒറ്റപ്പെട്ടസ്ഥലത്ത് ഒരു തോട്ടത്തിന് നടുവിലായിരുന്നു ഇയാളുടെ താമസം. എന്നാല്‍ പിടികൂടാനുള്ള ശ്രമത്തിനിടെ ബിര്‍ജു കടന്നുകളഞ്ഞു. പിന്നീട് മുക്കത്ത് നിന്നാണ് ഇയാളെ പിടികൂടിയത്. ബിര്‍ജുവിന്റെ പിതാവ് മുക്കത്തെ ഭൂവുടമയായിരുന്നു. പിതാവിന്റെ മരണശേഷം ബിര്‍ജുവിന്റെ മാതാവിന്റെ പേരിലുള്ള സ്ഥലംവിറ്റ് പണം ലഭിച്ചിരുന്നു. ഇതില്‍ ഒരുപങ്ക് ബിര്‍ജുവിനും നല്‍കി. ഈ പണം ബിര്‍ജു ധൂര്‍ത്തടിച്ചുകളഞ്ഞു. മാതാവില്‍നിന്ന് ബിര്‍ജു വീണ്ടും പണം ആവശ്യപ്പെട്ടെങ്കിലും നല്‍കാന്‍ കൂട്ടാക്കിയില്ല. തുടര്‍ന്നാണ് മാതാവിനെ കൊലപ്പെടുത്താന്‍ ഇസ്മായിലിനെ ഏര്‍പ്പാടാക്കുന്നത്. ബിര്‍ജുവിന്റെ മാതാവില്‍നിന്ന് ഇസ്മായില്‍ പണം പലിശയ്ക്ക് വാങ്ങി ആദ്യം ബന്ധം സ്ഥാപിച്ചിരുന്നു. രണ്ടുതവണ കൊലപാതകം നടത്താന്‍ ആസൂത്രണം ചെയ്‌തെങ്കിലും നടപ്പായില്ല. പിന്നീട്‌ ബിര്‍ജുവും ഇസ്മായിലും ചേര്‍ന്ന് മാതാവിനെ ഉറങ്ങുന്നതിനിടെ ശ്വാസംമുട്ടിച്ചു കൊന്നു. സംഭവം ആത്മഹത്യയാണെന്ന് പോലീസിനോട് പറയുകയും ചെയ്തു.
 

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.