ഭരണഘടന സ്ഥാപനങ്ങൾ കടമ മറന്നു സ്വന്തം താത്പര്യങ്ങളിൽ : പി രാജീവ്

2020-02-06 22:18:41

ഭരണഘടന സ്ഥാപനങ്ങൾ  കടമകൾ വിസ്മരിച്ച് താല്പര്യ സംരക്ഷകരായി മാറുന്നു: പി രാജീവ്

കളമശ്ശേരി:  ജനാധിപത്യത്തിന്റെ നാലു തൂണുകളായ ലെജിസ്ലേച്ചർ, എക്‌സിക്യൂട്ടിവ്, ജുഡീഷ്യറി, മാധ്യമങ്ങൾ എന്നിവ പരസ്പരം പൂരകങ്ങളാകേണ്ടതിനു പകരം അതിരുകൾ ലംഘിക്കുകയാണെന്ന് ദേശാഭിമാനി ചീഫ് എഡിറ്ററും മുൻ എം.പിയുമായ പി രാജീവ് പറഞ്ഞു.

കേരള ജേർണലിസ്റ്റ്  യൂണിയൻ ജില്ലാ സമ്മേളനത്തോട്  അനുബന്ധിച്ച് ജനാധിപത്യത്തിൽ മാധ്യമങ്ങളുടെ പങ്ക് എന്ന വിഷയത്തിൽ  സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാർ  താത്പര്യങ്ങൾ സംരക്ഷിക്കാൻ  വേണ്ടി മാത്രം  നിയമം നിർമ്മിക്കുന്ന സ്ഥാപനമായി പാർലമെന്റ് മാറി. കോടതി വിധികൾ പോലും അന്തിമമല്ലാതായി. നിയമങ്ങൾക്ക് പകരം   വിശ്വാസങ്ങൾക്ക് മുന്തിയ പരിഗണന നൽകുന്ന  ഉത്തരവുകളാണ് പുറത്ത് വരുന്നത്.  മാധ്യമങ്ങളെ നിയന്ത്രിക്കുന്നത് കോർപ്പറേറ്റുകളല്ല പകരം മാധ്യമങ്ങൾ തന്നെ കോർപ്പറേറ്റുകളായിരിക്കുകയാണെന്നും പി രാജീവ് പറഞ്ഞു.

ജില്ല പ്രസിഡന്റ് എം എ ഷാജി അദ്ധ്യക്ഷത വഹിച്ചു. തുടർന്ന് നടന്ന സെമിനാറിൽ സംസ്ഥാന സെക്രട്ടറി  കെ.സി. സ്മിജൻ മോഡറേറ്ററായി. ഐ എൻ ടി യു സി ജില്ലാ പ്രസിഡന്റ് കെ കെ ഇബ്രാഹിംകുട്ടി , എസ് ടി യു ജില്ലാ ജില്ലാ വൈസ് പ്രസിഡന്റ് പി എം എ ലത്തീഫ്,കെ.ജെ.യു സംസ്ഥാന ട്രഷറർ ഷാജി ഇടപ്പള്ളി, ജില്ലാ സെക്രട്ടറി  ബോബൻ ബി കിഴക്കേത്തറ എന്നിവർ സംസാരിച്ചു.  

സൗത്ത് കളമശ്ശേരി എമറാത്ത് ഹോട്ടലിൽ സുനീഷ് കോട്ടപ്പുറം നഗറിലാണ് വിവിധ പരിപാടികളോടെ മൂന്ന് ദിനങ്ങളിലായി ജില്ലാ സമ്മേളനം നടക്കുന്നത്. നാളെ (7.2.20) ഉച്ചക്ക് 2 ന്കലാ , കായിക മത്സരങ്ങൾ, സുഹൃദ് സംഗമം , കലാപരിപാടികൾ എന്നിവ അരങ്ങേറും. കളമശ്ശേരി നഗരസഭാ മുൻ ചെയർപേഴ്‌സൺ ജെസി പീറ്റർ ഉദ്ഘാടനം ചെയ്യും. എട്ടാം തീയതി രാവിലെ 10 ന് പൊതുസമ്മേളനത്തിന്റെ ഉദ്ഘാടനവും സുനീഷ് കോട്ടപ്പുറം സ്മാരക മാധ്യമ അവാർഡ് വിതരണവും ഹൈബി ഈഡൻ എം പി നിർവഹിക്കും. കെ ജെ യു ജില്ലാ പ്രസിഡന്റ് എം എ ഷാജി അദ്ധ്യക്ഷത വഹിക്കും. മുഖ്യ പ്രഭാഷണവും മുതിർന്ന മാധ്യമ പ്രവർത്തകരേയും ബഹുമതികൾ നേടിയവരേയും വി കെ ഇബ്രാഹിംകുഞ്ഞ് എം എൽ എ ആദരിക്കും.

ഐ ജെ യു ദേശീയ സെക്രട്ടറി യു വിക്രമൻ മുഖ്യാതിഥിയാകും. തിരിച്ചറിയൽ കാർഡ് വിതരണം നഗരസഭ ചെയർപേഴ്‌സൺ റുക്കിയ ജമാലും, സുനീഷ് കോട്ടപ്പുറം അനുസ്മരണം കെ സി സ്മിജനും, സമ്മേളന പതിപ്പ് പ്രകാശനം ഷാജി ഇടപ്പള്ളിയും നിർവഹിക്കും. തുടർന്ന് പ്രതിനിധി സമ്മേളനം ഐ ജെ യു സെക്രട്ടറി ജനറൽ ജി പ്രഭാകരൻ ഉദ്ഘാടനം ചെയ്യും. കെ ജെയു സംസ്ഥാന പ്രസിഡന്റ് ബാബു തോമസ് മുഖ്യ പ്രഭാഷണം നടത്തും. സംഘടന റിപ്പോർട്ട് സംസ്ഥാന ജനറൽ സെക്രട്ടറി അനിൽ ബിശ്വാസും, ഭാവി പ്രവർത്തന റിപ്പോർട്ട് വൈസ് പ്രസിഡന്റ് ജോഷി അറയ്ക്കലും പ്രവർത്തന റിപ്പോർട്ട് ജില്ലാ സെക്രട്ടറി ബോബൻ ബി കിഴക്കേത്തറയും കണക്ക് ട്രഷറർ ജെറോം മൈക്കിളും അവതരിപ്പിക്കും.

സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം ശ്രീമൂലം മോഹൻദാസ്, സംസ്ഥാന കമ്മിറ്റി അംഗം ശശി പെരുമ്പടപ്പിൽ എന്നിവർ സംസാരിക്കും. സ്വാഗതസംഘം ജനറൽ കൺവീനർ കെ എം ഇസ്മായിൽ സ്വാഗതവും ട്രഷറർ എസ് ശ്രീജിത്ത് നന്ദിയും പറയും.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.