റീബൂട്ട് കേരള ഹാക്കത്തോൺ 2020 പരമ്പര 14 ന് ആരംഭിക്കും

2020-02-12 22:10:20

റീബൂട്ട് കേരള ഹാക്കത്തോൺ 2020 പരമ്പര 14ന് ആരംഭിക്കും : മന്ത്രി കെ.ടി. ജലീൽ

തിരുവനന്തപുരം : ഉന്നത വിദ്യാഭ്യാസ വകുപ്പും അസാപും സംയുക്തമായി സംഘടിപ്പിക്കുന്ന റീബൂട്ട് കേരള ഹാക്കത്തോൺ 2020 പരമ്പരയിലെ ആദ്യ ഹാക്കത്തോൺ 14ന് തിരുവനന്തപുരത്ത് തുടങ്ങുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വിവിധ വകുപ്പുകൾ നേരിടുന്ന പ്രശ്‌നങ്ങൾക്ക് 36 മണിക്കൂർ തുടർച്ചയായി നീണ്ടുനിൽക്കുന്ന ഹാക്കത്തോണുകളിൽ വിദ്യാർഥികൾ പരിഹാരങ്ങൾ കണ്ടെത്തും. തിരഞ്ഞെടുക്കപ്പെടുന്ന പരിഹാരമാർഗങ്ങൾ സർക്കാർ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.  വിദ്യാർഥികളിൽ പ്രശ്‌ന പരിഹാരങ്ങൾക്കുള്ള കഴിവും നവീന ആശയങ്ങൾ വളർത്തുവാനും ഹാക്കത്തോൺ വഴി കഴിയും. മികവുറ്റവരെ നിയമിക്കാൻ പ്രമുഖ കമ്പിനികൾ ഹാക്കത്തോണിൽ എത്തുമെന്നും മന്ത്രി അറിയിച്ചു. പത്ത് പ്രാദേശിക ഹാക്കത്തോണും ഗ്രാന്റ് ഫിനാലയുമാണ് റീബൂട്ട് കേരളയിലുണ്ടാകുക. 14 വകുപ്പുകളിലെ വിവിധ പ്രശ്‌നങ്ങളാണ് പരിഹാര നിർദ്ദേശങ്ങൾക്കായി വിദ്യാർഥികൾക്ക് നൽകുക. 14മുതൽ മാർച്ച് 15 വരെ  പത്ത് ജില്ലകളിലായാണ് പ്രാദേശിക ഹാക്കത്തോണുകൾ നടക്കുക. 30 ടീമുകളാണ് ഓരോ സ്ഥലത്തും മത്സരിക്കുക. സാങ്കേതിക വിദഗ്ദ്ധർ, വകുപ്പ് പ്രതിനിധികൾ, സോഷ്യൽ എൻജിനിയർ എന്നിവരടങ്ങുന്ന സമിതിയാണ് വിധി നിർണ്ണയിക്കുക. വിജയികളാകുന്ന ആദ്യ മൂന്ന് സ്ഥാനക്കാർക്ക് 50000, 30000, 20000 രൂപ വീതം സമ്മാനം ലഭിക്കും. മാർച്ച് 27 മുതൽ 29 വരെ തിരുവനന്തപുരത്താണ് ഗ്രാന്റ് ഫിനാലെ. നിയമസഭാ മീഡിയാ റൂമിൽ റീബൂട്ട് കേരള ഹാക്കത്തോൺ 2020 യുടെ പൊസ്റ്റർ മന്ത്രി കെ.ടി. ജലീൽ അസാപ് സി.ഇ.ഒ വീണ.എൻ.മാധവന് നൽകി പ്രകാശനം ചെയ്തു. ഒന്നാം ഹാക്കത്തോൺ ഫെബ്രുവരി 14 മുതൽ 16 വരെ തിരുവനന്തപുരം എൽ.ബി.എസ്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ നടക്കും. രണ്ടും മൂന്നും ഹാക്കത്തോണുകൾ ഫെബ്രുവരി 21 മുതൽ 23 വരെ മലപ്പുറം എ.കെ.എൻ.എം ഗവ. പോളിടെക്‌നിക്ക് കോളേജിലും കോഴിക്കോട് എം. ദാസൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലും നടക്കും. നാലും അഞ്ചും ആറും ഹാക്കത്തോണുകൾ ഫെബ്രുവരി 28 മുതൽ മാർച്ച് ഒന്ന് വരെ ആലപ്പുഴ, തൃശ്ശൂർ ഹോളി ഗ്രേസ് അക്കാദമി, പാലക്കാട് ജവഹർലാൽ കോളേജ് ഓഫ് എൻജിനിയറിങ് ആൻഡ് ടെക്‌നോളജി എന്നിവിടങ്ങളിൽ നടക്കും. ഏഴും എട്ടും ഹാക്കത്തോണുകൾ മാർച്ച് ആറ് മുതൽ എട്ട് വരെ അങ്കമാലി ഫിസാറ്റിലും  കാസർകോട് പെരിയ ഗവ. പോളിടെക്‌നിക്ക് കോളേജിലും നടക്കും. ഒൻപതും പത്തും ഹാക്കത്തോണുകൾ മാർച്ച് 13 മുതൽ 15 വരെ തൃശ്ശൂർ ഗവ. എൻജിനിയറിങ് കോളേജിലും ഇടുക്കി കോളേജ് ഓഫ് എൻജിനിയറിങ്ങിലും  നടക്കും.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.