ഇവിടെ ഇങ്ങനെ ആണ് ഭായി സികെ നാസർ കാഞ്ഞങ്ങാട് എഴുതുന്നു.

2020-02-18 08:51:03

ഇവിടെ ഇങ്ങനെ ആണ് ഭായി

*കാസര്‍കോട് ജില്ലയിലെ മേല്‍പറമ്പിലാണ് സംഭവം, മുസ്ലിം കുടുംബത്തിലെ വളർത്തു മകൾക്ക് അമ്പല നടയിൽ മാംഗല്യം.*

പത്താം വയസിൽ അച്ഛനമ്മമാർ മരിച്ച പെൺകുട്ടിയാണ് രാജശ്രീ. പത്ത് വര്‍ഷം മുമ്പ് അബ്ദുല്ലയുടെ വീട്ടിൽ എത്തിയ രാജശ്രീയെ സ്വന്തം മകളെ പോലെ കരുതി പോറ്റി വളർത്തി. അവളുടെ എല്ലാ വിശ്വാസവും സംരക്ഷിച്ചു കൊണ്ട്‌ തന്നെ, എല്ലാ ചിലവും വഹിച്ച് മംഗല്യ സൗഭാഗ്യം ഒരുക്കാനാണ് വീട്ടുടമസ്ഥനായ കൈനോത്ത് സ്വദേശി എ.അബ്ദുല്ലയും ഭാര്യ കദീജ കുന്നരീയത്തും തീരുമാനിച്ചത്‌. അതാണ് മദ്രസയില്‍ പഠിപ്പിച്ചു വിട്ട ഇസ്ലാം. 

മാതാപിതാക്കൾ നഷ്ടപ്പെട്ട, 12 വര്‍ഷമായി കൂടെ കഴിയുന്ന രാജശ്രീയെ കാഞ്ഞങ്ങാട് ശ്രീ മന്ന്യാട്ട് ക്ഷേത്രത്തിൽ വെച്ച് കാഞ്ഞങ്ങാട് സ്വദേശി വിഷ്ണുപ്രസാദിനെ അബ്ദുല്ലയും കദീജയും ഏല്പിച്ചു.
ഈ മത സൗഹാര്‍ദ്ദം തകര്‍ക്കാന്‍ ആര് ശ്രമിച്ചാലും നടക്കില്ല .

വാർത്ത

ഭഗവതിയെ സാക്ഷിയാക്കി അമ്പലനടയിൽ അബ്ദുള്ളയുടെയും ഖദീജയുടെയും മകൾ രാജേശ്വരിയ്ക്ക് മംഗല്യം. കാഞ്ഞങ്ങാട് സ്വദേശി വിഷ്ണുപ്രസാദാണ് മേൽപ്പറമ്പ് ‘ഷമീം മൻസി’ലിലെ രാജേശ്വരിയുടെ കഴുത്തിൽ താലി ചാർത്തിയത്. മതങ്ങള്‍ക്കതീതമായ വിവാഹത്തിനാണ് കാഞ്ഞങ്ങാട് ഭഗവതി ക്ഷേത്രം വേദിയായത്. ഭഗവതിയുടെ തിരുനടയിൽ വച്ച് വിഷ്ണു രാജേശ്വരിയുടെ കഴുത്തിൽ വരണമാല്യം അണിയിച്ചപ്പോൾ അബ്ദുള്ളയുടെയും ഖദീജയുടെയും കണ്ണുകൾ ഈറനണിഞ്ഞു. എല്ലാത്തിനും സാക്ഷ്യം വഹിക്കാൻ വധുവിന്റെ ബന്ധുക്കളായി മുസ്‌ലിം സഹോദരങ്ങളും ക്ഷേത്രത്തിലെത്തിയിരുന്നു.
അബ്ദുള്ളയുടെയും ഖദീജയുടെയും വളർത്തുമകളാണ് തഞ്ചാവൂർ സ്വദേശിയായ രാജേശ്വരി. വളരെ ചെറുപ്പത്തിൽ തന്നെ രാജേശ്വരിയുടെ അച്ഛനും അമ്മയും മരിച്ചു. പിന്നീട് സ്വന്തം മകളായി അവളെ പോറ്റിവളർത്തിയത് അബ്ദുള്ളയും ഭാര്യ ഖദീജയുമാണ്. രാജേശ്വരിയുടെ അച്ഛൻ ശരവണൻ കാസർകോട്ടും മേൽപ്പറമ്പിലും കൂലിപ്പണി ചെയ്തിരുന്നു. അബ്ദുള്ളയുടെ കുന്നരിയത്തെ വീട്ടുവളപ്പിലും കൃഷിയിടത്തിലും പണിയെടുത്തിരുന്നതും ശരവണനാണ്‌.

ശരവണനും ഭാര്യയും മരണപ്പെട്ടതോടെ മകൾ രാജേശ്വരി ഒറ്റയ്ക്കായി. ഇതോടെയാണ് മക്കൾ ഷമീമിനും നജീബിനും ഷെറീഫിനുമൊപ്പം അവരുടെ സഹോദരിയായി രാജേശ്വരിയെ കൂടി വളർത്താൻ അബ്ദുള്ളയും ഖദീജയും തീരുമാനിക്കുന്നത്. ‘‘ഏഴോ എട്ടോ വയസ്സായപ്പോൾ അവൾ ഇവിടെ വന്നതാണ്. അച്ഛനും അമ്മയും മരിച്ചശേഷം നാട്ടിലേക്ക് മടങ്ങിയില്ല. ഇപ്പോൾ 22 വയസ്സ് കഴിഞ്ഞു.’’ -അബ്ദുള്ള പറയുന്നു.

പുതിയകോട്ടയിലെ ബാലചന്ദ്രൻ- ജയന്തി ദമ്പതികളുടെ മകനാണ് വിഷ്ണു. വിഷ്ണുവിന്റെ വിവാഹാലോചന വന്നപ്പോൾ അബ്ദുള്ളയും കുടുംബവും അവരുടെ വീട്ടിലെത്തി കാര്യങ്ങൾ അന്വേഷിച്ചു. വിവാഹം ക്ഷേത്രത്തിൽ നടത്തണമെന്ന് മാത്രമാണ് വിഷ്ണുവിന്റെ വീട്ടുകാർ ആവശ്യപ്പെട്ടത്. ഇതോടെ മുസ്‌ലിം സമുദായക്കാർക്ക് കൂടി പ്രവേശിക്കാവുന്ന കാഞ്ഞങ്ങാട്ടെ മന്യോട്ട് ക്ഷേത്രത്തിൽ വച്ച് വിവാഹം നടത്താൻ തീരുമാനിക്കുകയായിരുന്നു.

അബ്ദുള്ളയുടെ 84 വയസ്സുകാരിയായ അമ്മ സഫിയുമ്മ ഉൾപ്പെടെ എല്ലാ ബന്ധുക്കളും വിവാഹത്തിൽ പങ്കുകൊണ്ടു. ശ്രീകോവിലിന് മുന്നിൽ ചടങ്ങ് നടക്കുമ്പോൾ തെല്ലകലെ മാറിനിന്നിരുന്ന അബ്ദുള്ളയെയും സഹോദരൻ മുത്തലീബിനെയും ഭാര്യാസഹോദരൻ ബഷീർ കുന്നരിയത്തിനെയും വരന്റെ ആളുകൾ കൈപിടിച്ച് അടുത്തേക്ക് കൊണ്ടുവന്നു. വിഷ്ണുവിന്റെ അമ്മയുടെ സഹോദരി പൂർണിമയും കാഞ്ഞങ്ങാട് നഗരസഭാ കൗൺസിലർ എച്ച്.ആർ. ശ്രീധരനും ബിജെപി ജില്ലാ ജനറൽ സെക്രട്ടറി എ. വേലായുധനും വിഷ്ണുവിന്റെ സുഹൃത്തുക്കളും ചേർന്നാണ് വധുവിന്റെ കുടുംബത്തെ നാലമ്പലത്തിലേക്ക് ആനയിച്ചത്. ഇതോടെ മതസൗഹാർദത്തിന്റെ മനോഹരമായ രംഗങ്ങൾക്ക് ക്ഷേത്രനട വേദിയായി.

https://m.facebook.com/story.php?story_fbid=187851338946792&id=100031657813325

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.