പാഠപുസ്ത വിതരണത്തിന്റെ സംസ്ഥാന തല ഉൽഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു

2020-03-02 15:23:00

   പാഠപുസ്തക വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു
 

തിരുവനന്തപുരം ; അടുത്ത അധ്യയനവർഷത്തെ പാഠപുസ്തകങ്ങളുടെ ഒന്നാംവാല്യത്തിന്റെ സംസ്ഥാനതല വിതരണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. കാക്കനാട് കേരള ബുക്സ് ആന്റ പബ്ലിക്കേഷൻസ് സൊസൈറ്റിയിൽ നടന്ന വിതരണോദ്ഘാടന ചടങ്ങിൽ വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. മൂന്ന് വാല്യങ്ങളായാണ് പുസ്തകങ്ങൾ വിതരണം ചെയ്യുന്നത്. മൂന്ന് കോടി 23 ലക്ഷം പുസ്തകങ്ങൾ ഒന്നാം വാല്യത്തിൽ വിതരണത്തിനു തയാറായതായി മുഖ്യമന്ത്രി അറിയിച്ചു. മൂന്ന് ലക്ഷത്തിമുപ്പത്തെണ്ണായിരം പുസ്തകങ്ങൾ അറബി, ഉറുദു, തമിഴ്, കന്നട ഭാഷകളിലായി ഇതിനു പുറമെ അച്ചടിച്ചു. ഒന്നാം വാല്യം പുസ്തകങ്ങളെല്ലാം തന്നെ ഏപ്രിൽ 15നു മുമ്പ് വിതരണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.  ഒന്നു മുതൽ ഏഴ് വരെ ക്ലാസ്സുകളിലെ പുസ്തകങ്ങൾ ഈ വർഷത്തെ അവസാന പരീക്ഷ കഴിയുന്ന ദിവസം കുട്ടികൾക്ക് നൽകും. പത്താം ക്ലാസിലെ പുസ്തകങ്ങൾ ഒൻപതാം ക്ലാസിലെ ഫലപ്രഖ്യാപനം നടത്തുന്ന ദിവസവും കൈമാറും. എട്ട്, ഒൻപത് ക്ലാസുകളിലേത് ഏപ്രിൽ - മെയ് മാസങ്ങളിലും വിതരണത്തിനെത്തും. പാഠപുസ്തക വിതരണത്തിനായി സംസ്ഥാനത്തെ മൂന്ന് മേഖലകളായി തിരിച്ച് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയതായും മുഖ്യമന്ത്രി അറിയിച്ചു. കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങൾ ശാക്തീകരണത്തിന്റെ പാതയിലാണ്. പൊതുമേഖലാ സ്ഥാപനങ്ങളിൽ കെ.ബി.പി.എസിന് ശ്രദ്ധേയമായ സ്ഥാനമുണ്ട്. പുസ്തക പ്രസിദ്ധീകരണം എന്നതിനുമപ്പുറമുള്ള മാനം കൈവരിക്കാൻ കഴിഞ്ഞു. ചില ഘട്ടങ്ങളിൽ വിദ്യാർത്ഥികൾ പാഠപുസ്തകങ്ങൾക്കായി കാത്തിരിക്കേണ്ട സാഹചര്യമുണ്ടായിരുന്നു. പുസ്തകങ്ങളുടെ അച്ചടി കെ.ബി.പി.എസ് ഏറ്റെടുത്തതോടെ ഇത് കൃത്യസമയത്തിനു മുമ്പുതന്നെ ലഭിച്ചു തുടങ്ങി.  പുസ്തകമില്ല എന്ന രക്ഷിതാക്കളുടെ ആവലാതി മാറ്റിയെടുക്കാൻ സാധിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. ആലുവ അന്ധവിദ്യാലയത്തിലെ നാലാം ക്ലാസ് വിദ്യാർത്ഥി ശ്രീഹരിക്കും അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി അശ്വിനിക്കും പുസ്തകങ്ങൾ കൈമാറി മുഖ്യമന്ത്രി വിതരണോദ്ഘാടനം നിർവഹിച്ചു.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.