സർക്കാരിന്റെ ലൈഫ് പദ്ധതി വീടുകളുടെ പൂർത്തികരണം

2020-03-02 15:32:51

   പുത്തരിക്കണ്ടം നിറഞ്ഞു തുളുമ്പി ലൈഫ് സന്തോഷം
 

തിരുവനന്തപുരം : അതൊരു ചരിത്ര നിമിഷമായിരുന്നു. കേരളം വീണ്ടും ഇന്ത്യയ്ക്ക് മാതൃകയായ വേള. ലൈഫ് പദ്ധതിയിൽ രണ്ടു ലക്ഷം വീടുകൾ പൂർത്തിയായതിന്റെ പ്രഖ്യാപനത്തിനും തിരുവനന്തപുരത്തെ ലൈഫ് ഗുണഭോക്തൃ കുടുംബസംഗമത്തിനും പുത്തരിക്കണ്ടത്ത് സാക്ഷിയായത് 35000 ത്തിലധികം പേർ. ഉച്ച മുതൽ തന്നെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ലൈഫ് ഗുണഭോക്താക്കളും കുടുംബാംഗങ്ങളും പുത്തരിക്കണ്ടത്ത് എത്തിത്തുടങ്ങിയിരുന്നു. സുരക്ഷിത ഭവനം ലഭിച്ചതിന്റെ തിളക്കം അവരുടെയെല്ലാം കണ്ണുകളിലുണ്ടായിരുന്നു. നാലു മണിയോടെ വിശാലമായ വേദി നിറഞ്ഞു കവിഞ്ഞു. തുറന്ന ജീപ്പിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ ജനസഞ്ചയത്തിനിടയിലൂടെ വേദിയിലേക്കെത്തിയത്. മന്ത്രിമാരായ എ. സി. മൊയ്തീൻ, കടകംപള്ളി സുരേന്ദ്രൻ, മേയർ കെ. ശ്രീകുമാർ, വി. കെ. പ്രശാന്ത് എം. എൽ. എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. കെ. മധു എന്നിവർ മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു. നിറഞ്ഞ സന്തോഷത്തോടെയാണ് ലൈഫ് പദ്ധതിയിൽ വീട് ലഭിച്ചവർ മുഖ്യമന്ത്രിയെ വരവേറ്റത്. ചടങ്ങിന് മോടി കൂട്ടാൻ സ്ത്രീകളുടെ ചെണ്ടമേളവും പോലീസ് ബാന്റും ഒരുക്കിയിരുന്നു. മുഖ്യമന്ത്രി എത്തുന്നതിന് മുമ്പ് വേദിയിൽ പ്രമുഖ ഗായകർ അണിനിരന്ന ഗാനമേളയും നടന്നു. വിജയത്തിന്റെയും അഭിമാനത്തിന്റേയും കാഹളം മുഴക്കിയാണ് ചടങ്ങുകൾ ആരംഭിച്ചത്. ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ വീഡിയോ വേദിയിൽ പ്രദർശിപ്പിച്ചു. ലൈഫ് പദ്ധതിയിൽ വീട് ലഭിച്ച വിളപ്പിൽ പഞ്ചായത്തിലെ പേയാട് മാധവിക്കുട്ടിയമ്മയാണ് വിളക്ക് തെളിയിക്കാനുള്ള ദീപം മുഖ്യമന്ത്രിക്ക് കൈമാറിയത്. ചടങ്ങുകൾ അവസാനിച്ചപ്പോൾ മനസു നിറഞ്ഞാണ് ഓരോരുത്തരും സ്വന്തം വീടുകളിലേക്ക് മടങ്ങിയത്. --------------------------------------------------------------------------------------------

രാജ്യത്ത് ഭവനരഹിതരില്ലാത്ത സംസ്ഥാനം എന്ന നേട്ടത്തിലേക്ക് കേരളം അടുക്കുന്നു: മന്ത്രി എ. സി. മൊയ്തീൻ രാജ്യത്ത് ഭവനരഹിതരില്ലാത്ത സംസ്ഥാനം എന്ന നേട്ടത്തിലേക്ക് കേരളം വളരെ വേഗം അടുക്കുകയാണെന്ന് തദ്ദേശസ്വയംഭരണ മന്ത്രി എ. സി. മൊയ്തീൻ പറഞ്ഞു. ലൈഫ് പദ്ധതിയിൽ രണ്ടു ലക്ഷം വീടുകൾ പൂർത്തീകരിച്ചതിന്റെ പ്രഖ്യാപന ചടങ്ങിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. ഈ സർക്കാരിന്റെ കാലയളവിൽ തന്നെ ഇത് യാഥാർത്ഥ്യമാകുമെന്ന് മന്ത്രി പറഞ്ഞു. കേരളം വീട് മാത്രമല്ല നൽകുന്നത്. വീടിനൊപ്പം ജീവനോപാധിയും ഉറപ്പാക്കുന്ന പദ്ധതിയാണ് ലൈഫ്. ലൈഫ് കുടുംബത്തിലെ ഒരാൾക്കെങ്കിലും തൊഴിൽ പരിശീലനം നൽകാനാണ് ഉദ്ദേശിക്കുന്നത്. വിവിധ വകുപ്പുകളുടെ ഭവന പദ്ധതികൾ സംയോജിപ്പിച്ചാണ് ലൈഫ് പദ്ധതി നടപ്പാക്കുന്നത്. ലൈഫിന്റെ ആദ്യ ഘട്ടത്തിൽ വീടു പണി പാതി വഴിയിൽ മുടങ്ങിയവർക്ക് 650 കോടി രൂപയാണ് വീട് നിർമിക്കാനായി സർക്കാർ നൽകിയത്. സ്വന്തമായി സ്ഥലമുള്ളവർക്ക് രണ്ടാം ഘട്ടത്തിൽ വീട് നിർമാണത്തിന് 5800 കോടി രൂപ ചെലവഴിച്ചു. മൂന്നാം ഘട്ടത്തിൽ ഭവന സമുച്ചയങ്ങളാണ് നിർമിക്കുന്നത്. 28 സ്ഥലത്ത് ഭവന സമുച്ചയം നിർമിക്കുന്നതിന് ടെണ്ടർ നടപടികളായി. 1,06,000 പേർക്കാണ് ഫ്‌ളാറ്റുകൾ നൽകുന്നതെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ ഏറ്റവും മഹത്തായ നേട്ടമാണ് ലൈഫ് പദ്ധതിയെന്ന് ചടങ്ങിൽ സ്വാഗതം പറഞ്ഞ ടൂറിസം സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ഇതിനെ വില കുറച്ചു കാണുന്നവർ നാടിന്റെ അപമാനകരമായ ചരിത്രത്തിന്റെ ഭാഗമാവും. രണ്ടു ലക്ഷം ഭവനം പൂർത്തീകരിക്കാനായത് ചരിത്ര സംഭവമാണെന്ന് മന്ത്രി പറഞ്ഞു. ലൈഫ് സി. ഇ. ഒ യു. വി. ജോസ് റിപ്പോർട്ട് അവതരിപ്പിച്ചു. ചടങ്ങ് നടക്കുന്ന സമയം വരെ 2,14,262 വീടുകൾ പൂർത്തിയായതായി അദ്ദേഹം പറഞ്ഞു. ഗുണഭോക്താക്കളുടെ പേരും മേൽവിലാസവും ലൈഫ് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.