രാജ്യത്തെ പ്രഥമ ഡിജിറ്റൽ സമഗ്ര ഭൗമ വിവരശേഖര ബ്ലോക്ക് പഞ്ചായത്തായി ചിറയിൻകീഴ്

2020-03-05 09:59:10

    
    രാജ്യത്തെ പ്രഥമ ഡിജിറ്റൽ സമഗ്ര ഭൗമ വിവരശേഖര ബ്ലോക്ക് പഞ്ചായത്തായി ചിറയിൻകീഴ്
 

തിരുവനന്തപുരം :  ഭൗമസ്ഥലപര വിവരശേഖരണ റിപ്പോർട്ട് മന്ത്രി എ.സി.മൊയ്തീൻ പ്രകാശനം ചെയ്തു ഇന്ത്യയിലാദ്യമായി ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ മുഴുവൻ പ്രദേശങ്ങളും ഉപഗ്രഹ ചിത്രങ്ങളുടെ സഹായത്തോടെ പഠനവിധേയമാക്കി  സമഗ്ര സ്ഥലപര ഭൗമ വിവരശേഖരണ റിപ്പോർട്ട് തയ്യാറാക്കിയ പ്രഥമ ബ്ലോക്ക് പഞ്ചായത്തായി ചിറയിൻകീഴ്. റിപ്പോർട്ടിന്റെ പ്രകാശനം പ്രസ് ക്ലബ്ബ് ടി.എൻ.ജി.ഹാളിൽ നടന്ന ചടങ്ങിൽ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി.മൊയ്തീൻ നിർവഹിച്ചു. ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിന്റേത് മാതൃകാപരമായ പ്രവർത്തനമാണെന്നും ഓരോ പ്രദേശത്തിന്റയും പ്രത്യേകതകളറിഞ്ഞ് ആസൂത്രണം നടത്തിയാലേ സമ്പൂർണ വികസനം സാധ്യമാകൂവെന്നും മന്ത്രി പറഞ്ഞു. നിലവിൽ രേഖപ്പെടുത്തിയ വിവരങ്ങൾ ഭാവി തലമുറയ്ക്ക് പഠിക്കാനുതകുന്നതാകും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രവർത്തനങ്ങൾ വിപുലപ്പെടുത്താൻ ഇത്തരം പഠന റിപ്പോർട്ടുകൾ സഹായിക്കുമെന്നും മന്ത്രി പറഞ്ഞു. ബ്ലോക്ക് പഞ്ചായത്തിലുൾപ്പെടുന്ന എല്ലാ ആറ് ഗ്രാമപഞ്ചായത്തുകളിലെ 103 വാർഡുകളിലെയും സമഗ്ര ഭൗമ വിവരങ്ങളാണ് ഉപഗ്രഹ ചിത്രത്തിന്റെ സഹായത്തോടു കൂടിയുള്ള മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ച് പഠനം നടത്തിയിരിക്കുന്നത്. കേരള സംസ്ഥാന റിമോട്ട് സെൻസിംഗ് ആന്റ് എൻവയോൺമെന്റ് സെന്ററിന്റെയും 723 സന്നദ്ധപ്രവർത്തകരുടെയും സഹായത്തോടെയാണ് പഠനം നടത്തിയിരിക്കുന്നത്.  പ്രദേശത്തിലെ മണ്ണ്, ജലം, ജൈവസമ്പത്ത്, എന്നിവ സംബന്ധിച്ച് ശാസ്ത്രീയ വിവരശേഖരണ റിപ്പോർട്ടാണ് തയ്യാറാക്കിയിരിക്കുന്നത്. ഓരോ പ്രദേശത്തെയും ഭൂപ്രകൃതി, ചരിവ്, ശിലാഘടന, മണ്ണിന്റെ തരം, നീർത്തട പ്രദേശങ്ങൾ എന്നിവ സംബന്ധിച്ച സമഗ്ര വിവരങ്ങളുണ്ട്. പൊതു സ്വകാര്യ ആസ്തി വിവരങ്ങളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരോഗ്യസേവന കേന്ദ്രങ്ങൾ, വാർത്താവിനിമയ സൗകര്യങ്ങൾ, ഗതാഗത സൗകര്യങ്ങൾ, കൃഷി അനുബന്ധ മേഖലകൾ, വ്യവസായ ഭരണപരമായ സ്ഥാപനങ്ങൾ എന്നിവ  സംബന്ധിച്ച വിവരങ്ങളും റിപ്പോർട്ടിലുണ്ട്. കുടുംബങ്ങളുടെ വീടിന്റെ അവസ്ഥ, കുടിവെള്ള ലഭ്യത തുടങ്ങി സമഗ്രമായ വിവരങ്ങളാണ് പഠനം നടത്തിയിരിക്കുന്നത്.ഇത് ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിൽ ഉൾപ്പെട്ട മുദാക്കൽ, കിഴുവിലം, ചിറയിൻകീഴ്, കടയ്ക്കാവൂർ, വക്കം, അഞ്ചുതെങ്ങ് എന്നീ ഗ്രാമപഞ്ചായത്തുകളിലെ പദ്ധതി രൂപീകരണ പ്രവർത്തനങ്ങൾക്കുള്ള അടിസ്ഥാന രേഖയാണ്. ബ്ലോക്ക് പഞ്ചായത്തിന്റെ ജൈവഗ്രാമം സന്തുഷ്ട ഗ്രാമ പദ്ധതിയുടെ ഭാഗമായാണ് പഠന റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. രണ്ടാം ഘട്ടമായി ബ്ലോക്ക് പഞ്ചായത്തിൽ ഉൾപ്പെട്ട 55000 ൽപരം കുടുംബങ്ങളുടെ സമഗ്ര സാമ്പത്തിക സാമൂഹിക അടിസ്ഥാന വിവരശേഖരണവും നടത്തുന്നു. കെ.എസ്.ആർ.ഇ.സിയുടെ സാങ്കേതിക സഹായത്തോടെ നടപ്പാക്കുന്ന ഈ വിവരശേഖരണ പ്രവർത്തനങ്ങളഉടെ ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കർ വി.ശശി നിർവഹിച്ചു. ഗ്രാമം എന്ന പേരിൽ രൂപം നൽകിയ മൊബൈൽ ആപ്ലിക്കേഷൻ വിവരശേഖരണത്തിനായി ഉപയോഗിക്കും. ജനങ്ങളുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്തുന്നതിനുള്ള വിവിധ പദ്ധതികൾ ആവിഷകരിക്കാൻ ലക്ഷ്യമിട്ടാണ് ഈ പഠനം നടത്തുന്നത്. ബ്ലോക്ക് പഞ്ചായത്ത് ഭൗമസ്ഥലപര വിവരശേഖരണ റിപ്പോർട്ട് തദ്ദേശസ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ശാരദാമുരളീധരൻ ഏറ്റുവാങ്ങി.  ഗ്രാമപഞ്ചായത്തുകളുടെ ഭൗമ സ്ഥലവിവരശേഖരണ റിപ്പോർട്ട് ഹരിതകേരള മിഷൻ ചെയർപേഴ്സൺ ഡോ. ടി.എൻ.സീമ പ്രകാശനം ചെയ്തു. ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.സുഭാഷ് അധ്യക്ഷത വഹിച്ചു. കെ.എസ്.ആർ.ഇ.സി. ഡയറക്ടർ നിസാമുദ്ദീൻ ആമുഖ പ്രഭാഷണം നടത്തി. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈലജ ബീഗം, വി.എസ്. സന്തോഷ്‌കുമാർ, ബ്ലോക്ക് പഞ്ചായത്ത വൈസ് പ്രസിഡന്റ് ബി.രമാഭായി അമ്മ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാർ, അംഗങ്ങൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.