സമൂഹത്തിൽ നിന്ന് അന്ധവിശ്വാസം തുടച്ചു നീക്കണം: ആരോഗ്യ മന്ത്രി കെകെ ഷൈലജ ടീച്ചർ

2020-03-05 10:34:05

   സമൂഹത്തിൽ നിന്ന് അന്ധവിശ്വാസങ്ങളെ ഉന്മൂലനം ചെയ്യണം- ആരോഗ്യമന്ത്രി 
 

സാമൂഹ്യപരമായി വനിതാമുന്നേറ്റം നടത്താനായെങ്കിലും സമൂഹത്തിൽ സ്ത്രീകൾക്കെതിരെ നിലനിൽക്കുന്ന അന്ധവിശ്വാസങ്ങൾ ഉന്മൂലനം ചെയ്യണമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ ടീച്ചർ. ചൊവ്വാദോഷമെന്ന പേരിൽ നിരവധി സ്ത്രീകളെ ചൂഴ്ന്നു നിൽക്കുന്ന അനാചാരങ്ങൾ തെറ്റാണെന്ന ബോധ്യമുണ്ടാകണമെന്നും മന്ത്രി പറഞ്ഞു. വനിതാ വാരാചരണത്തോടനുബന്ധിച്ച് സംസ്ഥാന സാമൂഹ്യ ക്ഷേമ ബോർഡ് വെള്ളയമ്പലം ആനിമേഷൻ സെന്ററിൽ സംഘടിപ്പിച്ച ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കേരളത്തിൽ മഹാ ഭൂരിപക്ഷം സ്ത്രീകളും ഇന്നും ഗാർഹിക പീഡനത്തിനിരയാകുന്നുണ്ട്. ഇതിനെ മറികടക്കാൻ ഗാർഹിക പീഡന നിരോധന നിയമം സമ്പൂർണമായി നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു. കുഞ്ഞുങ്ങളെ സംരക്ഷിക്കേണ്ടത് കുടുംബത്തിന്റെയും സമൂഹത്തിന്റയും കൂട്ടുത്തരവാദിത്വമാണ്. കുട്ടികൾക്കെതിരായ അതിക്രമങ്ങൾ തടയാനാകണമെന്നും മന്ത്രി പറഞ്ഞു.  ഉപഭോഗ സംസ്‌കാരത്തിന്റെ ഭാഗമായി സ്ത്രീകൾക്കെതിരായി അപഹാസ്യമായ  തലക്കെട്ടുകൾ സമൂഹമാധ്യമങ്ങളിൽ കാണാനാകും. ഇവ തടയാൻ മാധ്യമനിരീക്ഷണം ഏർപ്പെടുത്തേണ്ടതുണ്ട്. ഇത്തരം സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ സൈബർ സെല്ലുമായി ബന്ധപ്പെട്ട് ഇതിനെതിരെ കർശനമായ നടപടി സ്വീകരിക്കണം. മനുഷ്യ പരിണാമത്തിന്റെ ആദ്യ ഘട്ടത്തിൽ തുല്യരായാണ് സത്രീയും പുരുഷനും ജീവിച്ചത്. കാലക്രമേണ സ്ത്രീ സമൂഹത്തിൽ നിന്ന് പിന്തള്ളപ്പെട്ടു. നിരവധി പോരാട്ടങ്ങൾക്ക് ശേഷമാണ് സ്ത്രീ ഇന്നു കാണുന്ന മുന്നേറ്റത്തിലേക്കെത്തിയത്. ഈ മുന്നേറ്റം കൂടുതൽ ശക്തിപ്പെടുത്താനാകണമെന്നും മന്ത്രി പറഞ്ഞു. 'സ്ത്രീകളുടെ അവകാശത്തിന് തലമുറകളുടെ തുല്യത' എന്ന വിഷയത്തിലാണ് ശില്പശാല സംഘടിപ്പിച്ചത്. ജ്യോതിർഗമയ ഫൗണ്ടേഷൻ സ്ഥാപക ടിഫാനി ബ്രാറിനെ ചടങ്ങിൽ ആദരിച്ചു. ഡെയിൽ വ്യൂ ഷെൽട്ടർ ഹോമിലെ അന്തേവാസികളിൽ സ്വയം തൊഴിൽ പരിശീലനം പൂർത്തിയായവർക്കുള്ള തയ്യൽ മെഷീൻ വിതരണം മന്ത്രി നിർവഹിച്ചു.  കേരള സംസ്ഥാന സാമൂഹ്യ ക്ഷേമ ബോർഡ് ചെയർപേഴ്‌സൺ സൂസൻ കോടി അധ്യക്ഷത വഹിച്ചു. ക്രൈം ബ്രാഞ്ച് ഐ.ജി. എസ്. ശ്രീജിത്ത്  മുഖ്യ പ്രഭാഷണം നടത്തി. പ്ലാനിംഗ് ബോർഡംഗം ഡോ. മൃദുൽ ഈപ്പൻ, ജെൻഡർ അഡൈ്വസർ ഡോ. ടി.കെ. ആനന്ദി, സബീന ബീഗം എസ്, ആർ. എസ്. ശ്രീലത, സി. ക്രസ്തുദാസ്, രമ്യ എം.എസ്. തുടങ്ങിയവർ  സംബന്ധിച്ചു.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.