കോവിഡ് 19 : സംസ്ഥാനത്ത് 3313 പേർ നിരീക്ഷണത്തിൽ 293 പേർ ചികിത്സയിൽ

2020-03-11 22:46:44

 കോവിഡ് 19: വിമാനത്താവളങ്ങളിലും സീപോർട്ടുകളിലും നിരീക്ഷണം കൂടുതൽ ശക്തമാക്കി
 

തിരുവനന്തപുരം : സംസ്ഥാനത്ത് 3313 പേർ നിരീക്ഷണത്തിൽ; 293 പേർ ആശുപത്രി നിരീക്ഷണത്തിൽ
കേരളത്തിലെ വിമാനത്താവളങ്ങളിലും സീപോർട്ടുകളിലും നിരീക്ഷണം കൂടുതൽ ശക്തമാക്കിയതായി ആരോഗ്യ മന്ത്രി കെ. കെ. ശൈലജ ടീച്ചർ പറഞ്ഞു. കോവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു മന്ത്രി.
കോവിഡ് ബാധിത രാജ്യങ്ങളിൽ നിന്ന് കൂടുതൽ പേർ വിമാനത്താവളങ്ങളിൽ എത്തുന്നുണ്ട്. എല്ലാവരെയും കൃത്യമായി പരിശോധിക്കുന്നുണ്ട്. പുതിയ പോസിറ്റീവ് കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് മന്ത്രി അറിയിച്ചു.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3313 പേർ നിരീക്ഷണത്തിലാണ്. ഇവരിൽ 3020 പേർ വീടുകളിലും 293 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. രോഗം സംശയിക്കുന്ന 1179 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിൽ 889 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്. 213 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. നിലവിൽ സംസ്ഥാനത്ത് കോവിഡ് 19 രോഗം ബാധിച്ച 14 പേരാണുള്ളത്. ഇറ്റലിയിൽ നിന്നും പത്തനംതിട്ടയിൽ എത്തിയ മൂന്നംഗ കുടുംബവുമായി സമ്പർക്കം പുലർത്തിയ 969 പേരെയാണ് കണ്ടെത്തിയത്. ഇതിൽ 129 പേരെ ഹൈറിസ്‌ക് വിഭാഗത്തിൽപ്പെടുത്തിയിട്ടുണ്ട്. ഇവരിൽ 13 ശതമാനം പേർ 60 വയസിന് മുകളിലുള്ളവരാണ്. അവർക്ക് പ്രത്യേക പരിചരണമാണ് നൽകുന്നത്. കോട്ടയത്ത് 60 പേർ നിരീക്ഷണത്തിലാണ്. എറണാകുളത്ത് കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലുള്ള മൂന്ന് വയസുകാരനുമായും മാതാപിതാക്കളുമായും സമ്പർക്കം പുലർത്തിയ 33 ഹൈ റിസ്‌കുള്ളവർ ഉൾപ്പെടെ 131 പേരെയും കണ്ടെത്തിയിട്ടുണ്ട്.
കോവിഡ് ബാധിത രാജ്യങ്ങളിൽ നിന്ന് നേരത്തെ വന്നവരെ കണ്ടെത്താൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ മുഖേന ശ്രമം നടക്കുന്നുണ്ട്. പരീക്ഷയെഴുതാൻ സ്‌കൂളുകളിൽ വരുന്ന കുട്ടികൾക്ക് പ്രത്യേക മുറിയും സൗകര്യങ്ങളും സ്‌കൂൾ അധികൃതർ തന്നെ ചെയ്തു കൊടുക്കേണ്ടതാണ്. വിദ്യാഭ്യാസ വകുപ്പിന്റെ സഹായത്തോടെ 40 ലക്ഷം കുട്ടികളിൽ നല്ല ബോധവത്ക്കരണം നടത്തിയിട്ടുണ്ട്.
കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള 85 വയസിന് മുകളിൽ പ്രായമുള്ള രണ്ട് പേർ ഹൈ റിസ്‌കിലുള്ളവരാണ്. ഇടയ്ക്ക് ആരോഗ്യ നിലയിൽ ചെറിയ വ്യത്യാസം വന്നിരുന്നെങ്കിലും ഇപ്പോൾ തൃപ്തികരമാണ്. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട മറ്റുള്ളവരുടെ ആരോഗ്യനിലയിൽ ആശങ്കയ്ക്ക് വകയില്ലെന്നും മന്ത്രി വ്യക്തമാക്കി. കെ. എസ്. ഡി. പിയ്ക്ക് പുറമെ ഫാർമസി കോളേജും സാനിറ്റൈസർ തയ്യാറാക്കാനുള്ള ശ്രമം നടത്തുന്നുണ്ട്.
പത്തനംതിട്ടയിൽ രോഗം ബാധിച്ചവരുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചത് ഫലപ്രദമാണ്. ഇതുകണ്ട് നിരവധി പേർ ആരോഗ്യവകുപ്പ് അധികൃതരെ ബന്ധപ്പെട്ടിട്ടുണ്ട്. കോട്ടയത്തും ഈ രീതി പ്രയോഗത്തിൽവരുത്തും. രോഗബാധിതരായവർ സന്ദർശിച്ച സ്ഥലം, തീയതി, സമയം തുടങ്ങിയ വിവരം ആരോഗ്യകേരളം വെബ്‌സൈറ്റിൽ നൽകിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.