കോവിഡ് 19 : വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്നവർക്ക് ആരോഗ്യ വകുപ്പ് നൽകുന്ന നിർദേശങ്ങൾ

2020-03-11 22:55:12

   കോവിഡ് 19: വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് വേണ്ടിയുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍

March 11, 2020

തിരുവനന്തപുരം: സംസ്ഥാനത്ത് നിലവില്‍ 14 പേര്‍ക്ക് കോവിഡ് 19 രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ സംസ്ഥാനം അതീവ ജാഗ്രതയിലാണ്. അതിനാല്‍ തന്നെ ആരോഗ്യ വകുപ്പ് നല്‍കുന്ന ജാഗ്രതാ നിര്‍ദേശങ്ങള്‍ എല്ലാവരും കൃത്യമായി പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു.


കോവിഡ് 19 രോഗബാധിത പ്രദേശങ്ങളില്‍ നിന്നും വന്നവരില്‍ രോഗലക്ഷണമുള്ളവരെ ഐസൊലേഷന്‍ സൗകര്യമുള്ള ആശുപത്രികളിലും രോഗലക്ഷണങ്ങളില്ലാത്തവരെ വീടുകളിലും നിരീക്ഷണത്തിലാക്കുന്നു. രോഗലക്ഷണങ്ങളിലെങ്കിലും ഈ കാലയളവിനുള്ളില്‍ രോഗം വരാനും രോഗപകര്‍ച്ച ഉണ്ടാകാനും സാധ്യത കൂടുതലായതുകൊണ്ടാണ് ഇവരെ വീട്ടിലെ നിരീക്ഷണത്തിലാക്കുന്നത്. ഇവര്‍ ആരോഗ്യ വകുപ്പ് നല്‍കുന്ന നിര്‍ദേശങ്ങള്‍ നിര്‍ബന്ധമായും പാലിക്കേണ്ടതാണെന്നും മന്ത്രി വ്യക്തമാക്കി.


വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ മറ്റ് കുടുംബാംഗങ്ങളുമായുള്ള സമ്പര്‍ക്കം കര്‍ശനമായി ഒഴിവാക്കേണ്ടതാണ്.
രോഗിയെ പരിചരിക്കുന്നവര്‍ മാസ്‌ക്, കൈയുറ തുടങ്ങിയ വ്യക്തിഗത സുരക്ഷാ മാര്‍ഗങ്ങള്‍ സ്വീകരിക്കേണ്ടതാണ്.


രോഗിയുടെ ശരീര സ്രവങ്ങളുമായി സമ്പര്‍ക്കത്തില്‍ വരാതിരിക്കാന്‍ പരമാവധി ശ്രദ്ധിക്കണം. രോഗിയെ സ്പര്‍ശിച്ചതിനു ശേഷവും രോഗിയുടെ മുറിയില്‍ കയറിയതിനു ശേഷവും കൈകള്‍ സോപ്പുപയോഗിച്ചു കഴുക്കുക. കൈകള്‍ തുടയ്ക്കുവാനായി പേപ്പര്‍ ടവല്‍, തുണികൊണ്ടുള്ള ടവല്‍ എന്നിവ ഉപയോഗിക്കുക. ഉപയോഗിച്ച മാസ്‌കുകള്‍, ടവലുകള്‍ എന്നിവ സുരക്ഷിതമായി നിര്‍മ്മാര്‍ജ്ജനം ചെയ്യേണ്ടതാണ്.


രോഗലക്ഷണമുള്ളവര്‍ വായൂ സഞ്ചാരമുള്ള മുറിയില്‍ തന്നെ കഴിയേണ്ടതാണ്. പാത്രങ്ങള്‍, ബെഡ് ഷീറ്റ്, മറ്റു വസ്തുക്കള്‍ തുടങ്ങിയവ മറ്റുള്ളവരു മായി പങ്കുവയ്ക്കാതിരിക്കുക. തോര്‍ത്ത്, വസ്ത്രങ്ങള്‍ മുതലായവ ബ്‌ളീച്ചിംഗ് ലായനി (1 ലിറ്റര്‍ വെള്ളത്തില്‍ 3 ടിസ്പൂണ്‍ ബ്‌ളീച്ചിംഗ് പൗഡര്‍) ഉപയോഗിച്ച് പ്രത്യേകം കഴുകി വെയിലത്ത് ഉണക്കി ഉപയോഗിക്കേണ്ടതാണ്.
ചുമയ്ക്കാനോ തുമ്മാനോ തോന്നിയാല്‍ തൂവാല, തോര്‍ത്ത്, തുണി കൊണ്ട് വായും മൂക്കും മറയ്‌ക്കേണ്ടതും പൊതുസ്ഥലത്ത് തുപ്പാതിരിക്കുകയും ചെയ്യേണ്ടതാണ്. സന്ദര്‍ശകരെ ഒരുകാരണവശാവും അനുവദിക്കാതിരിക്കുക. നിരീക്ഷണത്തില്‍ ഉള്ള വ്യക്തി ഉപയോഗിച്ച മേശ, കസേര മുതലായ സാമഗ്രികളും ബാത്ത്‌റൂം തുടങ്ങിയവയും ബ്ലീച്ചിംഗ് ലായനി ഉപയോഗിച്ച് വൃത്തിയാക്കണം.
രോഗ ലക്ഷണം പ്രകടമാകുന്നവര്‍ കോവിഡ് 19 കോള്‍ സെന്ററുമായി ബന്ധപ്പെടേണ്ടതാണ്. ഒരുകാരണവശാലും പൊതുഗതാഗത സമ്പ്രദായമുപയോഗിച്ച് ആശുപത്രിയിലെത്തരുത്. കോവിഡ് 19 കോള്‍ സെന്ററിലെ 0471 2309250, 0471 2309251, 0471 2309252 എന്നീ നമ്പരുകളിലേക്കോ ദിശയിലെ 2552056 എന്ന നമ്പരിലേക്കോ വിളിച്ചാല്‍ വേണ്ട മാര്‍ഗ നിര്‍ദേശങ്ങള്‍ ലഭിക്കുന്നതാണ്. ഇതുകൂടാതെ ജില്ലാ നമ്പരുകളിലും ബന്ധപ്പെടാവുന്നതാണ്.  

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.