ശാരീരിക അകലം മാനസിക സാമൂഹിക ഒരുമയുമായി പ്രതിരോധം ശക്തമാക്കും

2020-03-19 22:24:31

  ശാരീരിക അകലവും സാമൂഹിക ഒരുമയുമായി പ്രതിരോധം ശക്തമാക്കും – മുഖ്യമന്ത്രി
 

തിരുവനന്തപുരം : ശാരീരിക അകലം, സാമൂഹിക ഒരുമ' എന്ന മുദ്രാവാക്യവുമായി ജാഗ്രതയോടെ കോവിഡ്19 പ്രതിരോധം ശക്തമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നല്ല ജാഗ്രതയോടെ പ്രവർത്തനങ്ങൾ തുടരുമ്പോഴും സാമൂഹിക ജീവിതം സ്തംഭിക്കുന്ന നില വരരുത്.
ജനങ്ങൾ തമ്മിൽ മെയ്യകലം പാലിച്ച് ഒരേ മനസോടെയാകണം പ്രതിരോധനടപടികൾ മുന്നോട്ടുകൊണ്ടുപോകേണ്ടത്.
പരീക്ഷകൾ കൃത്യമായ മുൻകരുതലോടെ നടക്കുന്നതിനാൽ നിർത്തിവെക്കേണ്ട സാഹചര്യമില്ല. ഇനി ചുരുക്കം പരീക്ഷകളേ ബാക്കിയുള്ളൂ. വോളണ്ടിയർമാരുടെ  രജിസ്ട്രേഷൻ വർധിച്ചിട്ടുണ്ട്. സാമൂഹ്യ സുരക്ഷാ സന്നദ്ധ സേനയിൽ കൂടുതൽ ആളുകൾ കടന്നുവരണം. കോവിഡ്19 വ്യാപനം നിയന്ത്രിക്കാനുള്ള സർക്കാർ ശ്രമങ്ങൾക്ക് എല്ലാ ഭാഗത്തുനിന്നും പിന്തുണ ആവശ്യമാണ്.
തദ്ദേശസ്ഥാപന അധ്യക്ഷൻമാരുമായും ജനപ്രതിനിധികളുമായും പ്രതിപക്ഷനേതാവിനൊപ്പം നടത്തിയ ചർച്ചയിൽ എല്ലാവരും ഒറ്റക്കെട്ടായി അണിനിരക്കേണ്ടതിന്റെ അനിവാര്യതയാണ് ഊന്നിപ്പറഞ്ഞത്. എല്ലാരംഗത്തും ആവശ്യമായ നടപടികൾ കൈക്കൊള്ളുന്നുണ്ട്. സെക്രട്ടേറിയറ്റിലും ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തും.
കൊടുങ്ങല്ലൂർ ഭരണിക്ക് ജനക്കൂട്ടം സൃഷ്ടിക്കുന്ന നിലയിൽ ആളുകളെത്തുന്നത് ഒഴിവാക്കണമെന്ന നിർദേശത്തിന് നല്ല പ്രതികരണമാണ് ലഭിക്കുന്നത്. അതുകൊണ്ട് പോകാൻ തയാറെടുക്കുന്നവർ ഉണ്ടെങ്കിൽ പിന്തിരിയണം.
പുസ്തകമെത്തിക്കണമെന്ന അഭ്യർഥന മാനിച്ച് കലാകൗമുദി പ്രസിദ്ധീകരണങ്ങൾ എല്ലാം സൗജന്യമായി നിരീക്ഷണങ്ങളിലുള്ളവർക്ക് നൽകാനുള്ള തീരുമാനം വന്നത് സ്വാഗതാർഹമാണ്. ഇത് മാധ്യമങ്ങളുടെ ഭാഗത്തുനിന്നുള്ള നല്ല തുടക്കമാണ്. മാധ്യമങ്ങളുടെ പിന്തുണ വളരെ വിലപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.