കൊറോണ വൈറസ് ഇറ്റലിയിൽ മരണപ്പെട്ടത് 2500 പേർ

2020-03-20 22:32:47

 കൊറോണ വൈറസ്: മരണപ്പെട്ടവര്‍ ഇറ്റലിയില്‍ 2500, അമേരിക്കയില്‍ 100

മൊയ്തീന്‍ പുത്തന്‍‌ചിറ

ന്യൂയോര്‍ക്ക്: ലോകമെമ്പാടുമുള്ള രാജ്യങ്ങള്‍ക്ക് ഒരു വെല്ലുവിളിയായി മാറിയിരിക്കുന്ന കോറോണ വൈറസ് (കൊവിഡ്-19) ബാധയില്‍ ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ഇറ്റലിയില്‍ നിന്നാണെന്ന് ആരോഗ്യ മന്ത്രാലയം. ഇതുവരെ 2500 ല്‍ അധികം പേരാണ് അവിടെ മരിച്ചത്. ചൊവ്വാഴ്ച പുറത്തിറക്കിയ ഇറ്റാലിയന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 2503 മരണങ്ങളും 31,506 രോഗബാധിതരും ഇറ്റലിയില്‍ ഉണ്ടെന്ന് സ്ഥിരീകരിച്ചു. അമേരിക്കയിലാകട്ടേ മരണ സംഖ്യ 100 കവിഞ്ഞു.

നിലവില്‍, ഇറ്റലിയില്‍ 26000 ല്‍ അധികം കേസുകള്‍ പോസിറ്റീവ് ആണെന്ന് കണ്ടെത്തി. മൂവായിരത്തോളം ആളുകള്‍ സുഖം പ്രാപിച്ചു. ഇറ്റലി രേഖപ്പെടുത്തിയ മരണങ്ങളുടെ എണ്ണം ചൈന ഒഴികെയുള്ള ഏത് രാജ്യത്തുനിന്നും ഏറ്റവും ഉയര്‍ന്നതാണ്. ചൈനയില്‍ മൂവായിരത്തിലധികം മരണങ്ങളാണ് നടന്നത്.

ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയുടെ കണക്കുകള്‍ പ്രകാരം ആഗോളതലത്തില്‍ 195,000 ല്‍ അധികം കോവിഡ് 19 കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. കൂടാതെ, പുറത്തുവിട്ട ഡാറ്റയില്‍, ലോകമെമ്പാടുമുള്ള 7868 പേര്‍ ഈ അപകടകരമായ വൈറസ് ബാധിച്ച് മരിച്ചു.

അമേരിക്കയില്‍ കൊറോണ വൈറസ് മൂലം ഏറ്റവും കൂടുതല്‍ മരണങ്ങള്‍ വാഷിംഗ്ടണ്‍ സ്റ്റേറ്റില്‍ നിന്നാണ്. വടക്കു പടിഞ്ഞാറന്‍ സംസ്ഥാനങ്ങളില്‍ 50 മരണങ്ങളും ന്യൂയോര്‍ക്കില്‍ 12 പേരും കാലിഫോര്‍ണിയയില്‍ 11 പേരും മരിച്ചു.

അമേരിക്കയിലെ 50 സംസ്ഥാനങ്ങളിലും കൊവിഡ്-19 പടര്‍ന്നു പിടിച്ചുകൊണ്ടിരിക്കുകയാണ്. വെസ്റ്റ് വിര്‍ജീനിയയില്‍ ആദ്യത്തെ കേസ് ബുധനാഴ്ച സ്ഥിരീകരിച്ചിട്ടുണ്ട്.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.