കോവിഡ് 19 ; ഹാർബറുകളിൽ മത്സ്യവിൽപ്പന ഇങ്ങനെ

2020-03-26 22:31:58

കോവിഡ് 19; ഹാര്‍ബറുകളില്‍ മത്സ്യ വില്‍പ്പന ഇങ്ങനെ
 കൊല്ലം |  March 25, 2020

കൊല്ലം:  ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്നും സംസ്ഥാനത്തെ മറ്റു ജില്ലകളില്‍ നിന്നുമുള്ള മത്സ്യബന്ധന യാനങ്ങള്‍ ജില്ലയിലെ ഹാര്‍ബറുകളില്‍ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ അടുപ്പിക്കാന്‍ പാടില്ലെന്ന് ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ അറിയിച്ചു.
ജില്ലയില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയിട്ടുള്ള യാനങ്ങള്‍ എത്തിച്ചേരുന്നതിന് തലേദിവസം രാത്രി എട്ടിനകം ഫിഷറീസ് സ്റ്റേഷന്‍ അസിസ്റ്റന്റ് ഡയറക്ടര്‍/മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റിനെ എത്തിച്ചേരുന്ന സമയവും മത്സ്യം വാങ്ങാനെത്തുന്ന മൊത്ത കച്ചവടക്കാരുടെ വിവരവും അറിയിച്ച് കച്ചവടത്തിനുള്ള പാസ് കൈപ്പറ്റണം.
ഫിഷറീസ് സ്റ്റേഷനില്‍ നിന്നും അതത് ദിവസം ഒരു യാനത്തിന് അഞ്ച് പ്രവേശന പാസ് എന്ന നിലയിലാകും നല്‍കുക.  ഇങ്ങനെ പ്രവേശന പാസ് ലഭിച്ചിട്ടുള്ള അഞ്ച് മൊത്ത കച്ചവടക്കാരെ മാത്രമേ ഹാര്‍ബറില്‍ ഒരു യാനത്തില്‍  നിന്നും മത്സ്യം വാങ്ങുന്നതിനായി പ്രവേശിപ്പിക്കുകയുള്ളൂ. ഹാര്‍ബറില്‍ മത്സ്യലേലം അനുവദിക്കില്ല. സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള അടിസ്ഥാന വിലയില്‍ മാത്രമേ മൊത്ത കച്ചവടക്കാരെ മത്സ്യം വാങ്ങാന്‍ അനുവദിക്കു.
ഒരേ സമയം പരമാവധി അഞ്ച് യാനങ്ങളില്‍ നിന്ന് മാത്രമേ മത്സ്യം ഇറക്കാന്‍ അനുവദിക്കൂ. മത്സ്യബന്ധനത്തിന് പോയിവരുന്ന തൊഴിലാളികളുടെ വിവരങ്ങള്‍ അതത് യാന ഉടമ ആരോഗ്യ വിഭാഗത്തെ അറിയിക്കണം. തുടര്‍ന്ന് തൊഴിലാളികളുടെ  പരിശോധന വിവരം ഫിഷറീസ് സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യണം.
തീരുമാനങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കോവിഡ് 19 പ്രതിരോധ ചട്ടങ്ങള്‍ പ്രകാരമുള്ള നിയമ നടപടികള്‍ സ്വീകരിക്കും. പകര്‍ച്ചവ്യാധി പടര്‍ത്താന്‍ ശ്രമിച്ചതിനും മനുഷ്യ ജീവന് ഹാനികരമായ പ്രവൃത്തിയില്‍ ഏര്‍പ്പെട്ടതിനും ക്രിമിനല്‍ നടപടി പ്രകാരം ശിക്ഷാ നടപടികള്‍ സ്വീകരിക്കും. ഓരോ ദിവസവത്തെയും ഹാര്‍ബറിലെ പ്രവര്‍ത്തനങ്ങള്‍ അതത് ഹാര്‍ബര്‍ മാനേജ്‌മെന്റ് സൊസൈറ്റിയുടെ പൂര്‍ണ നിയന്ത്രണങ്ങള്‍ക്ക് വിധേയമായിരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.