നാലുദിവസം കൊണ്ട് 63.5 ശതമാനം കുടുംബങ്ങൾ റേഷൻ വാങ്ങി

2020-04-04 22:37:42

ശനിയാഴ്ച മാത്രം വാങ്ങിയത് 12.56 ലക്ഷം കാർഡുടമകൾ

നാല് ദിവസംകൊണ്ട് സംസ്ഥാനത്തെ 63.5 ശതമാനം കുടുംബങ്ങൾ റേഷൻ വാങ്ങിയതായി ഭക്ഷ്യ-പൊതുവിതരണ മന്ത്രി പി. തിലോത്തമൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കേരളത്തിന്റെ പൊതുവിതരണ വകുപ്പിന്റെ ചരിത്രത്തിൽ ആദ്യമായാണിത്. ശനിയാഴ്ച മാത്രം വിതരണം നടന്നിട്ടുള്ളത് 12.56 ലക്ഷം കാർഡുടമകൾക്കാണ്.

ആകെയുള്ള 87.28 ലക്ഷം കാർഡുകളിൽ 55.44 ലക്ഷം കുടുംബങ്ങൾ ആണ് ഇതുവരെ റേഷൻ വാങ്ങിയത്. ഇന്ത്യയിൽ മുൻഗണന-മുൻഗണനേതര വ്യത്യാസമില്ലാതെ എല്ലാ വിഭാഗം ജനങ്ങൾക്കും കോവിഡ്-19 പ്രമാണിച്ച് സൗജന്യമായി റേഷൻ നൽകിയിട്ടുള്ള സംസ്ഥാനം കേരളമാണ്.

ഇന്നുവരെ ആകെ റേഷൻ വാങ്ങിയ അന്ത്യോദയ കുടുംബങ്ങൾ (മഞ്ഞ കാർഡ്) 3,36,603 ആണ്. 17,48,126 മുൻഗണനാ കുടുംബങ്ങളും (പിങ്ക് കാർഡുകൾ), മുൻഗണനേതര കുടുംബങ്ങൾ (നീല, വെള്ള കാർഡുകൾ) 33.64 ലക്ഷവും റേഷൻ വാങ്ങിയിട്ടുണ്ട്. ഇതുവരെ ആകെ വിതരണം ചെയ്യപ്പെട്ടിട്ടുള്ളത് 89734 മെട്രിക് ടൺ അരിയും 10112 മെട്രിക് ടൺ ഗോതമ്പുമാണ്.

12 ലക്ഷം കുടുംബങ്ങൾക്കാണ് ഇന്ന് മാത്രം റേഷൻ നൽകിയത്. ആകെ 12.27 ലക്ഷം ആളുകൾ തങ്ങൾക്ക് ഇഷ്ടപ്പെട്ട കടകളിൽ നിന്നും പോർട്ടബിലിറ്റി സംവിധാനം ഉപയോഗിച്ച് റേഷൻ വാങ്ങിയിട്ടുണ്ട്. കമ്മ്യൂണിറ്റി കിച്ചണുകൾക്കുവേണ്ടി 91 മെട്രിക് ടൺ അരി വിതരണം ചെയ്തിട്ടുണ്ട്.

ഏപ്രിൽ 20 ന് ശേഷം മുൻഗണനാ വിഭാഗങ്ങൾക്ക് വേണ്ടി വീണ്ടും സൗജന്യ അരിവിതരണം ആരംഭിക്കും. കേന്ദ്രത്തിൽ നിന്നും അധികം ലഭിക്കുന്ന അരിയാണ് ഇതിനായി വിതരണം ചെയ്യുക.

സംസ്ഥാനത്ത് 87.28 ലക്ഷം കാർഡ് ഉടമകളുണ്ട്. അവർക്കെല്ലാം സൗജന്യമായാണ് ഈ മാസം റേഷൻ ലഭിക്കുക. അന്ത്യോദയ (എ.എ.വൈ) വിഭാഗത്തിൽ പെട്ട (മഞ്ഞ കാർഡ്) ഒരു കുടുംബത്തിന് 30 കിലോ അരിയും അഞ്ചു കിലോ ഗോതമ്പും ഓരോ മാസവും ലഭിക്കും. ഇത് ഓരോ മാസവും സൗജന്യമായി ലഭിക്കും.

മുൻഗനാവിഭാഗം (പിങ്ക് കാർഡ്) കാർഡിലെ ഓരോ അംഗത്തിനും നാലു കിലോ അരിയും ഒരു കിലോ ഗോതമ്പും പ്രതിമാസം രണ്ട് രൂപാ നിരക്കിൽ ലഭിക്കും.
മുൻഗണനേതര (സബ്സിഡി) വിഭാഗം (നീലക്കാർഡ്) കാർഡിലെ ഓരോരുത്തർക്കും നാല് രൂപ നിരക്കിൽ രണ്ടുകിലോ വീതം അരി ലഭിക്കും. കൂടാതെ ഈ കാർഡുകൾക്ക് ഓരോന്നിനും പ്രതിമാസം 3 കിലോ ആട്ട 17 രൂപാ നിരക്കിൽ ലഭിക്കും.

മുൻഗണനേതര (നോൺസബ്സിഡി) വിഭാഗം (വെള്ള കാർഡ്) അവശേഷിക്കുന്ന ധാന്യം കിലോയ്ക്ക് 10.90 രൂപ നിരക്കിൽ തുല്യമായി വീതിച്ചു നൽകും. ഇത് മിക്കവാറും മാസങ്ങളിൽ രണ്ട് കിലോ ആയിരുന്നു. കൂടുതൽ മിച്ചം ലഭിച്ചിരുന്ന ചില മാസങ്ങളിൽ 10 കിലോ വരെ നൽകിയിട്ടുണ്ട്. കൂടാതെ ഈ കാർഡുകൾക്ക് ഓരോന്നിനും പ്രതിമാസം മൂന്നു കിലോ ആട്ട 17 രൂപാ നിരക്കിൽ ലഭിക്കും.

ലോക്ക് ഡൗൺ സാഹചര്യത്തിൽ അന്ത്യോദയ വിഭാഗത്തിന് നിലവിൽ ലഭിച്ചുകൊണ്ടിരുന്ന ധാന്യം അതേ അളവിൽ തന്നെ സൗജന്യമായി നൽകുകയാണ്. കൂടാതെ ഏപ്രിൽ 20 ന് ശേഷം ഈ കാർഡുകളിലെ ഓരോ അംഗത്തിനും അഞ്ചു കിലോ അരി അധികമായി ലഭിക്കും. ഇതും സൗജന്യമാണ്.

പിങ്ക് കാർഡിന് നിലവിൽ ലഭിച്ചുകൊണ്ടിരുന്ന അളവ് തുടർന്നും ലഭിക്കും. പക്ഷേ വില ഈടാക്കുന്നത് ഒഴിവാക്കി. ഏപ്രിൽ 20ന് ശേഷം ഇവർക്കും ആളൊന്നിന് അഞ്ചു കിലോ അരി ലഭിക്കും.

മഞ്ഞ, പിങ്ക് കാർഡുകൾക്ക് ഓരോന്നിനും അരിക്ക് പുറമെ കാർഡൊന്നിന് ഓരോ കിലോഗ്രാം പയർ കൂടി നൽകും. ഈ കാർഡുകൾക്ക് ഇപ്രകാരം അധികമായി നൽകുന്ന അഞ്ചു കിലോ വീതമുള്ള അരിയും ഓരോ കിലോ പയറും കേന്ദ്രം സൗജന്യമായി നൽകുന്നതാണ്.  അധികമായി നൽകുന്ന ഈ വിഹിതം എപ്രിൽ, മെയ്, ജൂൺ മാസങ്ങളിൽ കൂടി നൽകും.

നീല, വെള്ള കാർഡുകൾക്ക് കേന്ദ്രത്തിൽ നിന്നും കൂടുതൽ വില നൽകി സംസ്ഥാന സർക്കാർ വാങ്ങിയിട്ടുള്ള ധാന്യമാണ് ഏറ്റവും കുറഞ്ഞത് 15 കിലോ വീതം സൗജന്യമായി നൽകുന്നത്. ചില നീല കാർഡുകൾക്ക് പ്രതിമാസം 15 കിലോയിൽ കൂടുതൽ ലഭിച്ചുവന്നിരുന്നുവെങ്കിൽ കാർഡിലെ അംഗങ്ങളുടെ എണ്ണം അനുസരിച്ച് ആ അളവ് തന്നെ സൗജന്യമായി നൽകും.

എല്ലാ മാസവും റേഷൻ വിതരണം നടത്തുന്നതിന് ധാന്യത്തിന്റെ വില, ഗതാഗത ചെലവ്, കൈകാര്യ ചെലവ്, റേഷൻ വ്യാപാരികളുടെ കമ്മീഷൻ, തുടങ്ങിയ ഇനങ്ങളിലായി പ്രതിമാസം 50 കോടിയിൽ അധികം രൂപയാണ് സംസ്ഥാന സർക്കാരിന് അധിക ബാധ്യത ഉണ്ടാകുന്നത്.

മുൻഗണനേതര വിഭാഗത്തിന് നൽകുന്ന 15 കിലോ വീതം ഫുഡ് കോർപ്പറേഷൻ ഓഫ് ഇൻഡ്യയിൽ നിന്നും സംസ്ഥാന സർക്കാർ 23 രൂപ നിരക്കിൽ നൽകി വാങ്ങിയും കൈകാര്യ ചെലവും, വാഹന ചെലവുമടക്കം വഹിച്ചുമാണ് ലോക്ക് ഡൗൺ കാലയളവിൽ സൗജന്യമായി നൽകുന്നുത്. ഇതിനായി 130 കോടിയോളം രൂപ സംസ്ഥാന സർക്കാരിന് അധിക ബാദ്ധ്യത വരുന്നുണ്ട്.

സംസ്ഥാന സർക്കാർ ദുരന്തനിവാരണ ഫണ്ടിൽ നിന്നും സംസ്ഥാനത്തെ എല്ലാ റേഷൻ കാർഡ് ഉടമകൾക്കും ഒരു മാസത്തേയ്ക്കുള്ള പലവ്യഞ്ജനങ്ങൾ അടങ്ങിയ കിറ്റ് നൽകാൻ ഉദ്ദേശിക്കുന്നുണ്ട്. ഇതിനായി 756 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. 350 കോടി രൂപ ദുരന്ത നിവാരണ ഫണ്ടിൽ നിന്നും ഇതിനായി ഭക്ഷ്യ വകുപ്പിന് അനുവദിച്ചിട്ടുണ്ട്.

ഇത് ഏപ്രിൽ മാസത്തിനുള്ളിൽ തന്നെ വിതരണം ചെയ്തുതീർക്കുന്നതിനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. ആദ്യ ഘട്ടത്തിൽ അന്ത്യേദയ, മുൻഗണനാ വിഭാഗങ്ങൾക്കും തുടർന്ന് മുൻഗണനേതര വിഭാഗങ്ങൾക്കും നൽകാനാണ് തീരുമാനിച്ചിട്ടുള്ളത്. ഭക്ഷണ കിറ്റ് ആവശ്യമില്ലാത്തവർ അത് വാങ്ങാതെ തന്നെ മറ്റൊരാൾക്ക് ദാനം ചെയ്യുവാൻ സംവിധാനം സിവിൽ സപ്ലൈസ് വകുപ്പിന്റെ വെബ്സൈറ്റിൽ ഒരുക്കിയിട്ടുണ്ട്.

സംസ്ഥാനത്ത് റേഷൻ കാർഡില്ലാത്ത എല്ലാവർക്കും 15 കിലോ സൗജന്യ റേഷൻ ലഭിക്കാൻ അർഹതയുണ്ട്. മറ്റൊരു റേഷൻ കാർഡിലും പേരില്ലാത്ത, ആധാർ കാർഡുള്ള ആളുകൾക്ക് റേഷൻ കടയിൽ ഒരു സത്യപ്രസ്താവന നൽകി ഇത് വാങ്ങാം.

ഇതര സംസ്ഥാന തൊഴിലാളികൾക്കും അഗതി മന്ദിരങ്ങൾ, അനാഥാലയങ്ങൾ ശിശുഭവനങ്ങൾ, വൃദ്ധസദനങ്ങൾ, ആതുര ചികിത്സാകേന്ദ്രങ്ങൾ തുടങ്ങിയ ഇടങ്ങളിലെ അന്തേവാസികൾക്കും ഭക്ഷ്യധാന്യങ്ങൾ സൗജന്യമായി എത്തിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ട്. ഇതര സംസ്ഥാന തൊഴിലാളികൾക്ക് ഒരാൾക്ക് പരമാവധി അഞ്ചു കിലോ അരിയോ അല്ലെങ്കിൽ നാലു കിലോ ആട്ടയോ ജില്ലാ കളക്ടർമാരുടെ നിർദ്ദേശപ്രകാരം നൽകാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

വാർത്താസമ്മേളനത്തിൽ ഭക്ഷ്യ-പൊതു വിതരണ സെക്രട്ടറി പി. വേണുഗോപാൽ, സിവിൽ സപ്ലൈസ് ഡയറക്ടർ നരസിംഹുഗാരി ടി.എൽ. റെഡ്ഢി, ദിവ്യ എസ്. അയ്യർ എന്നിവർ സംബന്ധിച്ചു.    
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.