ഇന്ന് 7 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 7 പേർ രോഗമുക്തി നേടി

2020-04-25 20:32:09

   തിരുവനന്തപുരം: സംസ്ഥാനത്ത് 7 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കോട്ടയം, കൊല്ലം ജില്ലകളില്‍ നിന്നുള്ള 3 പേര്‍ക്ക് വീതവും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ രണ്ട് പേര്‍ ഷാര്‍ജയില്‍ നിന്നും ഒരാള്‍ മഹാരാഷ്ട്രയില്‍ നിന്നും വന്നതാണ്. 3 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയുമാണ് രോഗം ബാധിച്ചത്. കൊല്ലം ജില്ലയിലുള്ള ഒരാള്‍ ആരോഗ്യ പ്രവര്‍ത്തകയാണ്. കൊല്ലം, കോട്ടയം ജില്ലയിലെ ഓരോരുത്തര്‍ ഷാര്‍ജയില്‍ നിന്നും കോട്ടയം ജില്ലയിലെ ഒരാള്‍ മഹാരാഷ്ട്രയില്‍ നിന്നും വന്നതാണ്. കണ്ണൂര്‍, കൊല്ലം, കോട്ടയം ജില്ലകളിലെ ഓരോരുത്തര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

സംസ്ഥാനത്ത് 7 പേരാണ് ഇന്ന് രോഗമുക്തി നേടിയത്. കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് (കണ്ണൂര്‍ ജില്ലയില്‍ ചികിത്സയിലായിരുന്ന ഒരാള്‍) ജില്ലകളില്‍ നിന്നുള്ള രണ്ട് പേരുടെ വീതവും വയനാട് ജില്ലയില്‍ നിന്നുള്ള ഒരാളുടേയും പരിശോധനാ ഫലമാണ് നെഗറ്റീവായത്. ഇതോടെ 338 പേരാണ് ഇതുവരെ കോവിഡില്‍ നിന്നും രോഗമുക്തി നേടിയത്. 116 പേരാണ് നിലവില്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 21,004 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 20,580 പേര്‍ വീടുകളിലും 464 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 132 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങളുള്ള 22,360 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 21,457 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്.

ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍, റവന്യൂ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.