കാർഷികോൽപാദനത്തിൽ എല്ലാവരും പങ്കാളികളാകണം: മന്ത്രി ഇ.പി. ജയരാജൻ

2020-04-28 11:37:45

  തിരുവനന്തപുരം: വ്യവസായ വകുപ്പിനു കീഴിലെ പൊതുമേഖലാ സ്ഥാപനങ്ങളുടെ കൈവശമുള്ള തരിശ് ഭൂമികളിലെ കൃഷിക്ക് തുടക്കമായി. തിരുവനന്തപുരം കരകുളത്തെ കെൽട്രോണിൽ പദ്ധതിയുടെ ഉദ്ഘാടനം വ്യവസായ മന്ത്രി ഇ പി ജയരാജൻ നിർവഹിച്ചു. ചേന, ചേമ്പ്, കാച്ചിൽ, മരച്ചീനി തുടങ്ങിയ കിഴങ്ങ് വർഗങ്ങളും വാഴ, മുരിങ്ങ, അഗസ്തി ചീര തുടങ്ങിയ വിളകളുമാണ്  കൃഷി ചെയ്യുന്നത്. നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ജൈവഗ്രാമവുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.

കാർഷിക രംഗത്തെ ഉൽപാദനം വർദ്ധിപ്പിച്ച്, വരാൻ സാധ്യതയുള്ള ഭക്ഷ്യക്ഷാമത്തെ നേരിടുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു. പൊതുമേഖലയിലെ 307 ഏക്കർ ഭൂമിയാണ് കൃഷിക്കായി കണ്ടെത്തിയിട്ടുള്ളത്. കാർഷികോൽപാദനത്തിൽ എല്ലാവരും പങ്കാളികളാകണം. കൊറോണ ലോകത്താകെ വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കിയത്. അതിനെ മറികടക്കാനുള്ള ദീർഘവീക്ഷണത്തോടെയുള്ള പദ്ധതികളാണ് സർക്കാർ ആവിഷ്‌കരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

36 സ്ഥാപനങ്ങളുടെ കൈവശമുള്ള ഭൂമിയിലാണ് വിവിധ കാർഷികവിഭവങ്ങൾ കൃഷി ചെയ്യുക. കാർഷിക മേഖലയിൽ ആഭ്യന്തര ഉൽപ്പാദനം വർദ്ധിപ്പിക്കാനും ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താനും ലക്ഷ്യമിട്ടുള്ള സംസ്ഥാനത്തിന്റെ ശ്രമങ്ങൾക്ക് പിന്തുണ പകരാനാണ് പൊതുമേഖലാ സ്ഥാപനങ്ങളുടെ ഭൂമിയിൽ കൃഷി തുടങ്ങുന്നത്. കൃഷി വകുപ്പ്,  തദ്ദേശ സ്ഥാപനങ്ങൾ, ഹരിത കേരള മിഷനുമായി കൊകോർത്താണ് കൃഷി.

സി ദിവാകരൻ എം.എൽ.എ, നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി ബിജു, സെക്രട്ടറി എസ് സുരേഷ്‌കുമാർ, കൃഷി അസിസ്റ്റന്റ് ഡയറക്ടർ ആന്റണി റോസ്, ഹരിതകേരള മിഷൻ ജില്ലാ കോർഡിനേറ്റർ ഡി ഹുമയൂൺ, ബ്ലോക്ക് മെമ്പർ സുരേഷ്‌കുമാർ, കെൽട്രോൺ ചെയർമാൻ എൻ നാരായണ മൂർത്തി, എംഡി ടി ആർ ഹേമലത തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായി. 
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.