അഭിമാനമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ്; എല്ലാവരും രോഗമുക്തര്‍

2020-04-28 11:47:55

തിരുവനന്തപുരം: ഒരു ഘട്ടത്തില്‍ ഏറെ ആശങ്ക ഉണ്ടായിരുന്ന തിരുവനന്തപുരം ജില്ലയ്ക്ക് ആശ്വാസവും അഭിമാനവുമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മാറുകയാണ്. ഇവിടെ ചികിത്സയിലുണ്ടായിരുന്ന 80 വയസുകാരിയുടേയും വര്‍ക്കല സ്വദേശിയുടേയും പരിശോധനാഫലം നെഗറ്റീവായതോടെ നിലവില്‍ തിരുവനന്തപുരം കോവിഡ്-19 രോഗികളില്ലാത്ത ജില്ലയായി മാറിയിരിക്കുകയാണ്.

60 വയസിന് മുകളിലുള്ളവര്‍ ഹൈ റിസ്‌കില്‍ വരുമ്പോഴാണ് 80 വയസുള്ള ഫാത്തിമ ബീവി ഉള്‍പ്പെടെയുള്ളവരെ കോവിഡില്‍ നിന്നും മെഡിക്കല്‍ കോളേജ് രക്ഷിച്ചെടുത്തത്. തുടര്‍ച്ചയായി 4 പ്രാവശ്യം പോസിറ്റീവായതിന് ശേഷമാണ് മികച്ച ചികിത്സയിലൂടെ ഫാത്തിമ ബീവിയെ ജീവിതത്തിലേക്ക് തിരികെയെത്തിച്ചത്. നിരീക്ഷണത്തിന് ശേഷം മറ്റ് ബുദ്ധിമുട്ടുകളില്ലെങ്കില്‍ അടുത്ത ദിവസം ഇരുവരേയും ഡിസ്ചാര്‍ജ് ചെയ്യുന്നതാണ്.

അതീവ ഗുരുതരാവസ്ഥയില്‍ നിന്നുപോലും രോഗികളെ രക്ഷിച്ചെടുത്ത ആശുപത്രിയിലെ എല്ലാ ജീവനക്കാര്‍ക്കും ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അഭിനന്ദനങ്ങള്‍ അറിയിച്ചു. മെഡിക്കല്‍ കോളേജുമായി നിരന്തരം ബന്ധപ്പെട്ട് ചെറിയ പ്രശ്‌നങ്ങളില്‍പ്പോലും ഇടപെടാറുണ്ട്. വളരെ ഏകോപനത്തോടെയുള്ള പ്രവര്‍ത്തനമാണ് മെഡിക്കല്‍ കോളേജ് നടത്തിയത്. അതിന്റെ വിജയം കൂടിയാണിത്. എങ്കിലും രോഗികള്‍ വരാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത തുടരണമെന്നും മന്ത്രി വ്യക്തമാക്കി.

കോവിഡ് സ്ഥിരീകരിച്ച 17 രോഗികളേയാണ് മെഡിക്കല്‍ കോളേജില്‍ ചികിത്സിച്ചത്. ഇതില്‍ 16 പേരേയും രക്ഷിച്ചെടുക്കാന്‍ മെഡിക്കല്‍ കോളേജിനായി. 15 രോഗികളെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേയും 2 കുട്ടികളെ എസ്.എ.ടി. ആശുപത്രിയിലേയും ഐസൊലേഷനിലാണ് ചികിത്സിച്ചത്.

1895 പേരാണ് കോവിഡ് സംശയിച്ച് മെഡിക്കല്‍ കോളേജില്‍ റിപ്പോര്‍ട്ട് ചെയ്തത്. അതില്‍ 1396 പേരെ വീട്ടില്‍ നിരീക്ഷണത്തിലാക്കുകയും 499 പേരെ മെഡിക്കല്‍ കോളേജില്‍ ചികിത്സിക്കുകയും ചെയ്തു. അതില്‍ 451 പേരെ ഡിസ്ചാര്‍ജാക്കി. നിലവില്‍ 48 രോഗികളാണ് രോഗം സംശയിച്ച് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. 1230 സാമ്പിളുകള്‍ ഇതുവരെ പരിശോധനയ്ക്ക് വിധേയമാക്കി. അതില്‍ ലഭ്യമായ 1210 എണ്ണവും നെഗറ്റീവായിരുന്നു.

ചൈനയിലെ വ്യുഹാനില്‍ നിന്നും ആളുകള്‍ വന്നുതുടങ്ങിയപ്പോള്‍ തന്നെ കോവിഡ് രോഗം ബാധിച്ചവരെ ചികിത്സിക്കുന്നതിനായി വലിയ സൗകര്യങ്ങളാണ് മെഡിക്കല്‍ കോളേജില്‍ ഒരുക്കിയത്. കോവിഡ്-19 ക്ലിനിക്ക്, 49 ഐസൊലേഷന്‍ റൂമുകള്‍, ഐസൊലേഷന്‍ ഐ.സി.യു. എന്നിവ സജ്ജമാക്കി. രോഗികളുടെ എണ്ണം കൂടിയതനുസരിച്ച് 216 ഐസൊലേഷന്‍ കിടക്കകള്‍ സജ്ജമാക്കിയിട്ടുണ്ട്. അടുത്ത ഘട്ടത്തില്‍ രോഗികള്‍ വര്‍ധിച്ചാല്‍ 24 മണിക്കൂറിനകം മെഡിക്കല്‍ കോളേജിനെ 788 കിടക്കകളും 369 ഐ.സി.യു. കിടക്കകളുമുള്ള പ്രത്യേക കോവിഡ് ആശുപത്രിയാക്കി മാറ്റാനുള്ള സജ്ജീകരണവും നടത്തിയിട്ടുണ്ട്.

ജനുവരി 23ന് ചൈനയിലെ വുഹാനില്‍ നിന്നാണ് കോവിഡ് സംശയിച്ച് മെഡിക്കല്‍ കോളേജില്‍ ആദ്യയാള്‍ എത്തിയത്. ഈ മെഡിക്കല്‍ വിദ്യാര്‍ത്ഥിയുടെ ഫലം നെഗറ്റീവായിരുന്നു. മെഡിക്കല്‍ കോളേജിലെ ആദ്യ കോവിഡ് സ്ഥിരീകരിച്ച രോഗി മാര്‍ച്ച് 12ന് ഇറ്റലിയില്‍ നിന്നും വന്ന വെള്ളനാട് സ്വദേശി ധനേഷായിരുന്നു. മാര്‍ച്ച് 26ന് ആശുപത്രിയിലെത്തിയ മലയിന്‍കീഴ് സ്വദേശിയുടെ മക്കളായ 8, 13 വയസുള്ള കുട്ടികളെ എസ്.എ.ടി. ആശുപത്രിയിലാണ് വിദഗ്ധ ചികിത്സ നല്‍കിയത്.

കുട്ടികള്‍ക്ക് വിദഗ്ധ ചികിത്സയോടൊപ്പം ഐസൊലേഷന്‍ മുറിയില്‍ എസ്.എ.ടി. ആശുപത്രി ജീവനക്കാര്‍ വിഷുക്കണിയും ഒരുക്കി. മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഇവരുടെ സന്തോഷത്തില്‍ പങ്ക് ചേരുകയും ചെയ്തു. കോവിഡിന്റെ രണ്ടാം ഘട്ടത്തില്‍ വര്‍ക്കലയില്‍ ഏറെ ആശങ്കയുണ്ടാക്കിയ ഗുരുതര രോഗമുള്ള വിദേശിയായ റോബര്‍ട്ടോ ടൊണോസോയേയും ചികിത്സിച്ച് ഭേദമാക്കി യാത്രയയച്ചു.

വിവിധ വിഭാഗങ്ങളെ ഏകോപിപ്പിച്ച് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചാണ് ദൈനംദിന ചികിത്സ നല്‍കിയത്. രോഗികള്‍ക്ക് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായാല്‍ തന്നെ തീവ്രപരിചരണ വിഭാഗത്തില്‍ എത്തിച്ചുള്ള വിദഗ്ധ ചികിത്സയാണ് നല്‍കുന്നത്. ചികിത്സ, മരുന്നുകള്‍, പരിശോധന, ഭക്ഷണം, വസ്ത്രം, വിനോദത്തിനായുള്ള പുസ്തകങ്ങള്‍ എന്നിവയെല്ലാം സൗജന്യമായാണ് മെഡിക്കല്‍ കോളേജ് നല്‍കുന്നത്.

പരിശീലനം സിദ്ധിച്ച വിദഗ്ധ ഡോക്ടര്‍മാരും നഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ള മറ്റ് ജീവനക്കാരുമാണ് ഇവിടെയുള്ളത്. രോഗപ്രതിരോധത്തിനായി സംസ്ഥാന പകര്‍ച്ചവ്യാധി പ്രതിരോധ സെല്ലിന്റെ നേതൃത്വത്തിലുള്ള ഡേറ്റ ശേഖരണവും നടക്കുന്നുണ്ട്. മറ്റ് പകര്‍ച്ചവ്യാധികളെ തടയാനായി ക്ലീന്‍ ക്യാമ്പസ് കാമ്പയിനും നടന്നു വരുന്നു.

കാസര്‍ഗോഡ് കോവിഡ് ആശുപത്രി പ്രവര്‍ത്തനസജ്ജമാക്കാനായി മെഡിക്കല്‍ കോളേജ് ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. എസ്.എസ്. സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള 26 അംഗ സംഘം എത്തിയത് ഏറെ ശ്രദ്ധനേടി.

ജില്ലാ കളക്ടര്‍ ഗോപാലകൃഷ്ണന്‍ ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ. പ്രീത, ജില്ല പ്രോഗ്രാം മാനേജര്‍ ഡോ. പി.വി. അരുണ്‍ എന്നിവരുടെ ഏകോപനത്തില്‍ വലിയ പ്രവര്‍ത്തനമാണ് തലസ്ഥാന ജില്ലയില്‍ നടന്നുവരുന്നത്.

മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. അജയകുമാര്‍, ആശുപത്രി സൂപ്രണ്ട് ഡോ. എം.എസ്. ഷര്‍മ്മദ്, എസ്.എ.ടി. ആശുപത്രി സൂപ്രണ്ട് ഡോ. എ. സന്തോഷ്‌കുമാര്‍, ഡെപ്യൂട്ടി സൂപ്രണ്ടുമാരായ ഡോ. ജോബി ജോണ്‍, ഡോ. എസ്.എസ്. സന്തോഷ് കുമാര്‍, ഡോ. സുനില്‍കുമാര്‍, ആര്‍.എം.ഒ. ഡോ. മോഹന്‍ റോയ്, എ.ആര്‍.എം.ഒ.മാരായ ഡോ. ഷിജു മജീദ്, ഡോ. എസ്. സുജാത, നോഡല്‍ ഓഫീസര്‍ ഡോ. അരവിന്ദ്, നഴ്‌സിംഗ് ഓഫീസര്‍ ആര്‍. രമണി, തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, മറ്റ് എല്ലാ ആശുപത്രി ജീവനക്കാര്‍ എന്നിവരാണ് ഈ വിജയത്തിന് പിന്നില്‍.   
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.