ബ്രേക്ക് ദ ചെയിന്‍ രണ്ടാം ഘട്ട കാമ്പയിന് തുടക്കം

2020-04-29 22:17:51

തിരുവനന്തപുരം: പൊതുസ്ഥലത്ത് തുപ്പുന്നതിനെതിരെ ‘തുപ്പല്ലേ തോറ്റുപോകും’

ഓര്‍ക്കണം എസ്എംഎസ്: സോപ്പ്, മാസ്‌ക്, സോഷ്യല്‍ ഡിസ്റ്റന്‍സിങ്

ലോക് ഡൗണ്‍ ഭാഗീകമായി പിന്‍വലിച്ച് തുടങ്ങിയ സാഹചര്യത്തില്‍ ബ്രേക്ക് ദ ചെയിന്‍ രണ്ടാംഘട്ട കാമ്പയിന് മുഖ്യമന്ത്രി പിണറായി വിജയന്‍ തുടക്കം കുറിച്ചു. കോവിഡ്-19നെ പ്രതിരോധിക്കാന്‍ ജനങ്ങള്‍ ജാഗ്രത തുടരേണ്ടതുണ്ട്. ഒരു തരത്തിലുമുള്ള കരുതലും കുറയാന്‍ പാടില്ല. ഇത് മുന്നില്‍ക്കണ്ടാണ് ജനങ്ങളില്‍ കൂടുതല്‍ അവബോധം സൃഷ്ടിക്കുന്നതിന് ബ്രേക്ക് ദ ചെയിന്‍ ‘തുടരണം ഈ കരുതല്‍’ രണ്ടാം ഘട്ട കാമ്പയിന് രൂപം നല്‍കിയിരിക്കുന്നത്.

മുഖ്യമന്ത്രി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറിന് ബ്രേക്ക് ദ ചെയിന്‍ ‘തുടരണം ഈ കരുതല്‍’ പോസ്റ്റര്‍ കൈമാറി പ്രകാശനം ചെയ്തു. സാമൂഹ്യനീതി വകുപ്പ് സെക്രട്ടറി ബിജു പ്രഭാകര്‍, സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍ ഷീബ ജോര്‍ജ്, വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ ടി.വി. അനുപമ, സാമൂഹ്യ സുരക്ഷമിഷന്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അഷീല്‍ എന്നിവര്‍ പങ്കെടുത്തു. ആരോഗ്യ വകുപ്പ്, സാമൂഹ്യനീതി വകുപ്പ്, വനിത ശിശുവികസന വകുപ്പ്, സാമൂഹ്യ സുരക്ഷ മിഷന്‍, ആരോഗ്യ കേരളം എന്നിവ സംയുക്തമായാണ് ബ്രേക്ക് ദ ചെയിന്‍ കാമ്പയിന്‍ സംഘടിപ്പിച്ചിരിക്കുന്നത്.

കൊറോണ വൈറസ് വ്യാപനം തടയാന്‍ നല്ല കരുതലോടെ തുടര്‍ന്നുള്ള ദിവസങ്ങളിലും മുന്നോട്ടുപോകാന്‍ കഴിയണം. ജനങ്ങള്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യമാണ് പൊതുസ്ഥലത്ത് തുപ്പാതിരിക്കുക എന്നത്. പൊതുസ്ഥലത്ത് തുപ്പുന്നതിനെതിരെ ശക്തമായ ബോധവത്ക്കരണമുണ്ടാക്കാന്‍ ‘തുപ്പല്ലേ തോറ്റുപോകും’ എന്ന സന്ദേശം നല്‍കി കാമ്പയിന്‍ സംഘടിപ്പിക്കും.

വൈറസ് രോഗവും മറ്റ് രോഗാണുക്കളും വ്യാപിക്കുന്നതിന് തുപ്പല്‍ ഉള്‍പ്പടെയുള്ള ശരീര സ്രവങ്ങള്‍ കാരണമാവുന്നുണ്ട്. ഇതോടൊപ്പം ഓര്‍ത്ത് വയ്‌ക്കേണ്ട ഒന്നാണ് എസ്.എം.എസ്. എസ്: സോപ്പ്, എം: മാസ്‌ക്, എസ്: സോഷ്യല്‍ ഡിസ്റ്റന്‍സിങ് എന്നിങ്ങനെ 3 കാര്യങ്ങള്‍ എപ്പോഴും ശ്രദ്ധിക്കണം. അതായത് സോപ്പ് ഉപയോഗിച്ച് കൈകഴുകണം, മാസ്‌ക് ധരിക്കണം, സാമൂഹ്യ അകലം പാലിക്കണം. ഇത് കൂടാതെ പൊതുജനങ്ങള്‍ പാലിക്കേണ്ട പത്ത് പ്രധാന കാര്യങ്ങള്‍ കൂടി ഉള്‍പ്പെടുത്തി വിപുലമായ പ്രചാരണ പരിപാടികളാണ് നടത്തുക.

നമ്മള്‍ കര്‍ശനമായി പാലിക്കേണ്ട 10 കാര്യങ്ങള്‍

1. സോപ്പ് ഉപയോഗിച്ച് കൈകള്‍ വൃത്തിയാക്കുക
2. മാസ്‌ക് ഉപയോഗിച്ച് മുഖം മറയ്ക്കുക
3. സാമൂഹിക അകലം പാലിക്കുക
4. മാസ്‌ക് ഉള്‍പ്പെടെ ഉപയോഗിക്കുന്ന വസ്തുക്കള്‍ വലിച്ചെറിയരുത്
5. പരമാവധി യാത്രകള്‍ ഒഴിവാക്കുക
6. വയോധികരും കുട്ടികളും ഗര്‍ഭിണികളും രോഗികളും വീട് വിട്ട് പുറത്തിറങ്ങരുത്
7. കഴുകാത്ത കൈകള്‍ കൊണ്ട് കണ്ണ്, മൂക്ക്, വായ തുടങ്ങിയ ഭാഗങ്ങള്‍ തൊടരുത്
8. പൊതുഇടങ്ങളില്‍ തുപ്പരുത്
9. പോഷകാഹാരം കഴിക്കുക, ധാരാളം വെള്ളം കുടിക്കുക, ആരോഗ്യം നിലനിര്‍ത്തുക
10. ചുമയ്ക്കുമ്പോള്‍ തൂവാല ഉപയോഗിച്ച് മൂക്കും വായും അടച്ചു പിടിക്കുക

കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച ‘ബ്രേക്ക് ദ ചെയിന്‍’ കാമ്പയിന് ലോകത്തെമ്പാടു നിന്നും വലിയ അഭിനന്ദനമാണ് ലഭിച്ചത്. കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ ഏറ്റവും ഫലപ്രദം വൈറസിന്റെ കണ്ണികളെ ബ്രേക്ക് ചെയ്യുക എന്നതാണ്. ലളിതമായ ബോധവത്ക്കരണത്തിലൂടെ കുറഞ്ഞനാളുകള്‍ക്കുള്ളില്‍ സംസ്ഥാനത്തെ എല്ലാ ജനവിഭാഗങ്ങളും ബ്രേക്ക് ദ ചെയിന്‍ ഏറ്റെടുക്കുകയായിരുന്നു.

എല്ലാവരും നിര്‍ദേശങ്ങള്‍ കൃത്യമായി പാലിച്ചാല്‍ വൈറസ് വ്യാപന തോത് കുറയ്ക്കാന്‍ സാധിക്കുന്നതാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. ഇതിന്റെ പ്രചരണാര്‍ത്ഥം സംസ്ഥാനത്തുടനീളം വിപുലമായ കാമ്പയിന്‍ പ്രവര്‍ത്തങ്ങള്‍ സംഘടിപ്പിക്കും. ബ്രേക്ക് ദ ചെയിന്‍ ‘തുടരണം ഈ കരുതല്‍’ ബോര്‍ഡുകള്‍, പോസ്റ്ററുകള്‍, കിയോസ്‌കുകള്‍ എന്നിവ പ്രധാനസ്ഥലങ്ങളില്‍ സ്ഥാപിക്കും. ഈ പ്രചാരണ പ്രവര്‍ത്തങ്ങളില്‍ തദ്ദേശ സ്വയംഭരണ സ്ഥാപങ്ങളുടെ സഹകരണം ഉറപ്പുവരുത്തും.

ബോധവല്‍ക്കരണ വിഡിയോകള്‍, സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള പ്രചാരണം എന്നിവ വിപുലമായി സംഘടിപ്പിക്കും. എല്ലാവരും ഈ കാമ്പയിന്‍ ഏറ്റെടുത്ത് കൊറോണ പ്രതിരോധത്തില്‍ സ്വയം പങ്കാളികളാകേണ്ടതാണ്. ഇതിലൂടെ സ്വന്തം കുടുംബത്തേയും സമൂഹത്തേയും രക്ഷിക്കാനാകുമെന്നും മന്ത്രി വ്യക്തമാക്കി.   
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.