വീടിന് സമീപത്തുള്ള വെള്ളക്കെട്ടില്‍ വീണ് ഒരു കുടുംബത്തിലെ മൂന്ന് കുട്ടികള്‍ക്ക് ദാരുണാന്ത്യം.

2020-05-01 05:43:26

കാഞ്ഞങ്ങാട് : വീടിന് സമീപത്തുള്ള വെള്ളക്കെട്ടില്‍ വീണ് ഒരു കുടുംബത്തിലെ മൂന്ന് കുട്ടികള്‍ക്ക് ദാരുണാന്ത്യം. കാഞ്ഞങ്ങാട്ട് ബാവാ നഗറിലാണ് ഞെട്ടിക്കുന്ന സംഭവം. സഹോദരങ്ങളുടെ മക്കളായ മൂന്ന് പേരും പത്തുവയസില്‍ താഴെ മാത്രം പ്രായമുള്ളവരാണ്.
നാസര്‍-താഹിറ ദമ്പതിമാരുടെ മകന്‍ അജിനാസ് (8), നാസറിന്റെ സഹോദരന്‍ സാമിറിന്റെയും റസീനയുടെയും മകന്‍ മുഹമ്മദ് നിഷാദ് (7), ഇവരുടെ സഹോദരന്റെ മകള്‍ മെഹറൂഫ-നൂര്‍ദീന്‍ ദമ്പതിമാരുടെ മകന്‍ മുഹമ്മദ് ബാസിര്‍ (6) എന്നിവരാണ് മരിച്ചത്.

ഇന്നലെ വൈകുന്നേരം നാലുമണിയോടെയാണ് കുട്ടികള്‍ വീട്ടില്‍ നിന്നു പുറത്തേക്ക് പോയത്. എന്നും ഈ സമയത്ത് കളിക്കാന്‍ പോകുന്നത് പതിവായതിനാല്‍ വീട്ടുകാരും ശ്രദ്ധിച്ചിരുന്നില്ല. മഴ പെയ്തിരുന്നതിനാല്‍ കുട്ടികള്‍ അടുത്തവീട്ടില്‍ തങ്ങിക്കാണുമെന്നാണ് കരുതിയിരുന്നത്. വൈകിട്ട് ആറുമണിയോടെ നോമ്പുതുറ സമയമായിട്ടും കുട്ടികളെ കാണാത്തതിനെ തുടര്‍ന്ന് അന്വേഷണം ആരംഭിച്ചപ്പോഴാണ് നൂറു മീറ്റര്‍ അകലെയുള്ള വെള്ളക്കെട്ടില്‍ പൊന്തിയ നിലയില്‍ കണ്ടെത്തിയത്.. ഉടന്‍ തന്നെ കാഞ്ഞങ്ങാട്ടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കളിക്കുന്നതിനിടെ അബദ്ധത്തില്‍ വെള്ളക്കെട്ടില്‍ വീണു പോയതാകാമെന്നാണ് കരുതപ്പെടുന്നത്.

മൃതദേഹം മന്‍സൂര്‍ ആശുപതിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നാളെ രാവിലെ ജില്ലാശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തും. കടപ്പുറം പി പി ടി എസ് എല്‍പി സ്‌കൂളിലെ യുകെജി വിദ്യാര്‍ഥികളാണ് അജ്നാസും നിഷാദും. ഒരു വീട്ടിലെ തന്നെ മൂന്ന് കുരുന്നുകളുടെ ദാരുണ മരണത്തില്‍ ഞെട്ടി നില്‍ക്കുകയാണ് പ്രദേശവാസികള്‍.

    
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.