വ്യവസായ സംരംഭകർക്കായി കേരള ഇ മാർക്കറ്റിന് തുടക്കമായി

2020-05-11 23:06:44

 തിരുവനന്തപുരം:  വെബ്പോർട്ടൽ മന്ത്രി ഇ.പി.ജയരാജൻ ഉദ്ഘാടനം ചെയ്തു
കേരളത്തിലെ ഉല്പന്നങ്ങൾക്ക് ദേശീയ, അന്തർദേശീയ വിപണി ലക്ഷ്യമിട്ട് ഓൺലൈൻ സംരംഭവുമായി വ്യവസായ വകുപ്പ്. സംസ്ഥാനത്തെ സംരംഭങ്ങളുടെ ഉല്പന്നങ്ങൾക്കും സേവനങ്ങൾക്കും വിപുലമായ വിപണനത്തിന് കേരള മാർക്കറ്റ് എന്ന പേരിൽ വെബ്പോർട്ടലിന് മന്ത്രി ഇ.പി.ജയരാജൻ തുടക്കം കുറിച്ചു. www.keralaemarket.com, www.keralaemarket.org എന്ന വെബ്പോർട്ടലാണ് എല്ലാതരം സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കും പൊതുമേഖലാ സ്ഥാപനങ്ങൾക്കുമായി സജ്ജമാക്കിയിരിക്കുന്നത്.
കോവിഡ് 19 സൃഷ്ടിച്ച പുതിയ ലോക സാഹചര്യത്തിൽ ശിഥിലമായിരിക്കുന്ന വിപണിയിൽ വ്യവസായ സംരംഭങ്ങൾ പടിപടിയായി ആരംഭിച്ച് ഉല്പാദന മേഖല സജീവമാക്കണമെന്ന് മന്ത്രി പറഞ്ഞു. അവശ്യവസ്തുക്കളുടെ നിലവാരത്തെയും ലഭ്യതയെക്കുറിച്ചും ലോകത്തെമ്പാടുമുള്ള ജനങ്ങളെ അറിയിക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.
ഭക്ഷ്യസംസ്‌കരണം, കൈത്തറി, റബ്ബർ, കയർ, ആയുർവേദം, ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്, കരകൗശലം, കൃഷി എന്നിങ്ങനെ വിവിധ വിഭാഗങ്ങളായി തിരിച്ചാണ് പോർട്ടലിൽ സേവനം നൽകുന്നത്. സംരംഭകർക്ക് അവരുടെ സ്ഥാപനത്തെക്കുറിച്ചും ഉല്പന്നങ്ങളെക്കുറിച്ചുമുള്ള വിവരങ്ങൾ പോർട്ടലിൽ ചേർക്കാം.
ഉല്പന്നങ്ങളുടെ ചെറിയ വിവരണവും ചിത്രവും വിലവിവരവും നൽകാൻ സൗകര്യമുണ്ട്. സംരംഭകർക്ക് വിതരണക്കാരെ കണ്ടെത്താനും വിതരണക്കാർക്ക് ആവശ്യമുള്ള ഉല്പന്നങ്ങൾ തെരഞ്ഞെടുക്കാനും എളുപ്പത്തിൽ സാധിക്കും.  ചെറുകിട സംരംഭകർക്ക് അന്താരാഷ്ട്ര കമ്പനികളുമായി അനായാസം ഇടപെടാനും കയറ്റുമതി പ്രോത്സാഹനത്തിനും ഇത് വഴിതെളിക്കും.
എം.എസ്.എം.ഇകളെ ജില്ലാ വ്യവസായ കേന്ദ്രങ്ങളും പൊതുമേഖലാ സ്ഥാപനങ്ങളെ പബ്ലിക് സെക്ടർ റീസ്ട്രക്ചറിങ് ആന്റ് ഇന്റേണൽ ഓഡിറ്റ് ബോർഡും (റിയാബ്) രജിസ്ട്രേഷന് സഹായിക്കും. വ്യവസായ വകുപ്പിന് കീഴിലെ കേരള ബ്യൂറോ ഓഫ് ഇൻസ്ട്രയിൽ പ്രമോഷനാണ് (കെ ബിപ്) വെബ്പോർട്ടലിന്റെ ചുമതല.
വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ. ഇളങ്കോവൻ, ഡയറക്ടർ പ്രേംകുമാർ, കെ.എസ്.ഐ.ഡി.സി എക്‌സിക്യൂട്ടീവ് ഡയറക്ടർ എൻ.എസ്.കെ. ഉമേഷ്, റിയാബ് ചെയർമാൻ ശശിധരൻ നായർ, കെ.ബിപ്പ് സി.ഇ.ഒ സൂരജ് എസ് എന്നിവർ സന്നിഹിതരായിരുന്നു. 
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.