ഡെങ്കിപ്പനി നിയന്ത്രണത്തിന് പൊതുജന പങ്കാളിത്തം അനിവാര്യം

2020-05-15 21:32:56

   തിരുവനന്തപുരം:കോവിഡ്-19 ബാധയ്ക്കെതിരെ ഒറ്റക്കെട്ടായി പൊരുതുമ്പോഴും ഡെങ്കിപ്പനി പ്രതിരോധ പ്രവർത്തനങ്ങളിലും അതീവ ജാഗ്രത പാലിക്കാൻ ശ്രദ്ധിക്കേണ്ടതാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. എല്ലാ വർഷവും മേയ് 16ന് ദേശീയ ഡെങ്കിപ്പനി ദിനമായി ആചരിച്ച് വരികയാണ്. ‘ഡെങ്കിപ്പനി നിയന്ത്രണത്തിന് പൊതുജന പങ്കാളിത്തം അനിവാര്യം’ എന്നതാണ് ഈ വർഷത്തെ ദിനാചരണ സന്ദേശം. പല സ്ഥലങ്ങളിലും മഴ പെയ്യുന്നതിനാൽ ഇപ്പോൾ തന്നെ ശ്രദ്ധിക്കണം. ഡെങ്കിപ്പനിക്ക് പ്രത്യേക മരുന്നോ പ്രതിരോധ കുത്തിവയ്പ്പുകളോ ഇല്ല. രോഗം പരത്തുന്ന കൊതുകളെ നശിപ്പിക്കുകയാണ് ഏറ്റവും ഫലപ്രദമായ പ്രതിരോധമാർഗം. അതിനാൽ തന്നെ എല്ലാവരും ശ്രദ്ധിക്കണമെന്നും മന്ത്രി വ്യക്തമാക്കി.

കൊതുക് നിവാരണം പരമപ്രധാനം

ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകുകൾ ശുദ്ധ ജലത്തിലാണ് മുട്ടയിടുന്നത് കെട്ടി നിൽക്കുന്ന തീരെ ചെറിയ അളവിലുളള വെള്ളത്തിൽപ്പോലും കൊതുകൾ മുട്ടയിട്ടു വളരാനിടയുണ്ട്. അതിനാൽ വീട്, സ്ഥാപനങ്ങൾ തുടങ്ങിയ കെട്ടിടങ്ങളുടെ അകത്തും മേൽകൂരകളിലും പരിസരത്തും വെള്ളം കെട്ടി നിൽക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ലോക്ക് ഡൗൺ കാലയളവിൽ ദീർഘനാൾ അടഞ്ഞു കിടക്കുന്ന ഓഫീസുകൾ, വാണിജ്യ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ടൂറിസ്റ്റ് കേന്ദ്രങ്ങൾ, പാർക്കുകൾ, ചന്തകൾ, ആക്രികടകൾ, ഫാക്ടറികൾ, മറ്റു തൊഴിലിടങ്ങൾ തുടങ്ങിയവയിൽ കൊതുകുകൾ ധാരാളമായി മുട്ടയിട്ട് പെരുകുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ട്.

ഇത്തരം കേന്ദ്രങ്ങൾ വളരെ നാളുകൾക്ക് ശേഷം തുറക്കുമ്പോൾ കൊതുക് മനുഷ്യരെ കടിക്കുന്നതിനും ഡെങ്കിപ്പനി പോലുളള രോഗങ്ങൾ പടർന്നു പിടിക്കുന്നതിനും ഉളള സാധ്യത ഏറെയാണ്. അതിനാൽ കെട്ടിടത്തിനുള്ളിലും ടെറസ്, സൺഷേഡുകൾ, കെട്ടിടത്തിന്റെ പരിസരം എന്നിവയിൽ കെട്ടിനിൽക്കുന്ന വെളളം ഒഴുക്കി കളയുകയും പാഴ് വസ്തുക്കൾ സംസ്‌കരിക്കുകയും കൊതുകു നിർമ്മാർജ്ജനം ഉറപ്പുവരുത്തിയും വേണം പ്രവർത്തനം തുടങ്ങാൻ.

കൂടാതെ ബസ് സ്റ്റാന്റ്, റെയിൽവേ സ്റ്റേഷൻ തുടങ്ങിയ പൊതുസ്ഥലങ്ങളിൽ കൊതുക് വളരാൻ ഇടയുളള എല്ലാ വസ്തുക്കളും സുരക്ഷിതമായി സംസ്‌കരിച്ചു കുത്താടികളെ നശിപ്പിക്കണം. മാർക്കറ്റ്, പാർക്കുകൾ വിനോദ സഞ്ചാര കേന്ദ്രങ്ങൾ എന്നിവിടങ്ങളിലും ശുചീകരണം നടത്തിയതിനു ശേഷം മാത്രമേ പൊതുജനങ്ങളെ പ്രവേശിപ്പിക്കാവൂ.

കോവിഡ് 19 പ്രതിരോധത്തിനായി വിവിധ സ്ഥാപനങ്ങളുടേയും കടകളുടെയും മുന്നിൽ കൈകൾ കഴുകാനായി സംഭരിച്ചിരിക്കുന്ന വെള്ളം ദിവസവും മാറ്റി ബക്കറ്റ്, സംഭരണി കഴുകി വൃത്തിയാക്കണം. വീട്ടു മുറ്റത്തും പുരയിടത്തിലും എറിഞ്ഞു കളഞ്ഞ പാത്രങ്ങൾ, ചിരട്ടകൾ, തൊണ്ട്, ടയർ, മുട്ടത്തോട്, ടിന്നുകൾ തുടങ്ങിയവയിൽ കെട്ടിനിൽക്കുന്ന വെള്ളത്തിൽ കൊതുക് വളരാം. അവ വലിച്ചെറിയാതെ നശിപ്പിക്കുകയോ വെള്ളം കെട്ടിനിൽക്കാതെ കമഴ്ത്തി വയ്ക്കുകയോ ചെയ്യുക. റബ്ബർ മരങ്ങളിൽ വച്ചിട്ടുളള ചിരട്ടകളിലും കവുങ്ങിൻ തോട്ടങ്ങളിൽ വീണു കിടക്കുന്ന പാളകളിലും മരപ്പൊത്തുകളിൽ കെട്ടിനിൽക്കുന്ന വെള്ളത്തിലും ഇവ മുട്ടയിടാം. അതിനാൽ തോട്ടങ്ങളിൽ കൊതുക് പെരുകുന്നില്ലെന്ന് ഉറപ്പാക്കുക.

വീട്ടിനുള്ളിൽ പൂച്ചട്ടികൾക്ക് താഴെ വെള്ളം കെട്ടിനിൽക്കുന്ന പാത്രങ്ങളിലും ഫ്രിഡ്ജിന് അടിയിൽ വെള്ളം നിൽക്കുന്ന ട്രേയിലും കൊതുക് മുട്ടയിടാൻ സാധ്യതയുണ്ട്. ഫ്രിഡ്ജിനിടയിലെ ട്രേ ആഴ്ചയിൽ ഒരിക്കൽ വൃത്തിയാക്കുക. ജല ദൗർലഭ്യമുളള പ്രദേശങ്ങളിൽ ജലം സംഭരിച്ചു സൂക്ഷിച്ചിരിക്കുന്ന പാത്രങ്ങളും ടാങ്കുകളും ഭദ്രമായി അടച്ചു സൂക്ഷിക്കുക.
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.