വായ്പാപരിധി ഉയർത്തിയത് സ്വാഗതാർഹം: ധനമന്ത്രി

2020-05-18 19:37:25

 തിരുവനന്തപുരം:നിബന്ധനകൾ ഒഴിവാക്കണം
സംസ്ഥാനങ്ങൾക്ക് വായ്പയെടുക്കാനുള്ള പരിധി മൂന്നുശതമാനത്തിൽനിന്ന് അഞ്ചുശതമാനത്തിലേക്ക് ഉയർത്താനുള്ള കേന്ദ്രാനുമതി സ്വാഗതാർഹമാണെന്ന് ധനകാര്യമന്ത്രി ഡോ: ടി.എം തോമസ് ഐസക് പറഞ്ഞു. ഈ നടപടിയിലൂടെ സംസ്ഥാനങ്ങളുടെ ഭരണസ്തംഭനം ഒഴിവാകുമെന്നും അദ്ദേഹം പറഞ്ഞു.

വായ്പാപരിധി അഞ്ചുശതമാനമായി ഉയർത്തണമെന്ന് ആദ്യമായി ആവശ്യപ്പെട്ടത് കേരള മുഖ്യമന്ത്രിയാണെന്നും ധനമന്ത്രി പറഞ്ഞു. സംസ്ഥാനത്തുണ്ടാകുന്ന വരുമാന ഇടിവിന്റെ പകുതിയോളമേ ഇത്തരത്തിൽ വായ്പാപരിധി ഉയർത്തിയാലും നികത്താനാകൂ. ഏകദേശം 18,087 കോടി രൂപ കൂടി ഇത്തരത്തിൽ വായ്പ ലഭ്യമാകുമെന്നാണ് പ്രതീക്ഷ.

വായ്പാപരിധി സംസ്ഥാന വരുമാനത്തിന്റെ അഞ്ചുശതമാനമെന്നാണ് ഇപ്പോൾ പറഞ്ഞിരിക്കുന്നത്. ഇത് കേന്ദ്രബജറ്റിൽ അംഗീകരിച്ച വരുമാനത്തിന്റെ അഞ്ചുശതമാനമായി കണക്കാക്കണം. അതല്ലാതെ നിലവിലെ അവസ്ഥ വെച്ചുള്ള വരുമാനത്തിന്റെ ശതമാനക്കണക്കെടുത്താൽ 18,087 കോടി ലഭ്യമാക്കാനാവില്ല.

ന്യായമായ പലിശയ്ക്ക് വായ്പ ലഭിക്കാൻ അവസരമുണ്ടാകണം. അല്ലെങ്കിൽ വായ്പ റിസർവ് ബാങ്കിൽനിന്ന് എടുക്കാൻ സംസ്ഥാനങ്ങൾക്ക് അനുവാദം നൽകണം.   ഇതിനുപുറമേ ബാക്കിയുള്ള ജി.എസ്.ടി വിഹിതം കൂടി നൽകാൻ കേന്ദ്രസർക്കാർ തയാറാകണം. വായ്പയെടുക്കുന്നതിന് നിബന്ധനകൾ വയ്ക്കുന്നതിന് കേരളം എതിരാണെന്ന് ധനമന്ത്രി പറഞ്ഞു.

സംസ്ഥാനത്തിന്റെ മുൻഗണന അനുസരിച്ച് ചെലവാക്കേണ്ട വായ്പയിൽ നിബന്ധനകൾ വയ്ക്കുന്നതിൽ അർഥമില്ല.
കേന്ദ്രസർക്കാർ പറയുന്ന ഏകീകൃത റേഷൻ കാർഡ്, ഈസ് ഓഫ് ഡ്യൂയിംഗ് ബിസിനസ് തുടങ്ങിയ കാര്യങ്ങളോട് എതിർപ്പില്ല. പക്ഷേ, ഈസ് ഓഫ് ഡ്യൂയിംഗ് ബിസിനസിന്റെ പേരിൽ പ്രഖ്യാപിച്ചിരിക്കുന്ന പലകാര്യങ്ങളും പൊതുമേഖലയെ പരിപൂർണമായി ഇല്ലാതാക്കുന്നതാണ്.

സ്ട്രാറ്റജിക് തുറകൾ നിശ്ചയിച്ച് അവയിൽ മാത്രമേ പൊതുമേഖല പാടുള്ളൂ എന്നത് ശരിയല്ല. സ്ട്രാറ്റജിക് മേഖലകളിൽ പോലും ഒരു പൊതുമേഖ സ്ഥാപനം മതി, ഏറിയാൽ നാല് എന്നുള്ള നിലപാടും ബാക്കിയുള്ള മേഖലകളിൽ പൊതുമേഖല വേണ്ട എന്നതും ശരിയായ നിലപാടല്ല.

വൈദ്യുതമേഖലയിലെ പരിഷ്‌കാരങ്ങളിലും എതിരഭിപ്രായമുണ്ട്. നിബന്ധനകൾ അടിച്ചേൽപ്പിക്കരുത്. പ്രതിസന്ധി കാലഘട്ടത്തെ ഇത്തരത്തിലെ പരിഷ്‌കാരങ്ങൾ കൊണ്ടുവരാനുള്ള കാലമാക്കി മാറ്റരുത്.

40,000 കോടി രൂപ തൊഴിലുറപ്പ് പദ്ധതിക്ക് അനുവദിച്ചത് ഉചിതമായ നടപടിയാണ്. ഇരിട്ടിയാക്കണമെന്നാണ് കേരളം ആവശ്യപ്പെട്ടത്. തൊഴിലുറപ്പ് തൊഴിലാളികൾക്കെല്ലാം കഴിഞ്ഞവർഷം ലഭിച്ച കൂലിയുടെ പകുതി മുൻകൂറായി അക്കൗണ്ടിൽ നൽകണമെന്നാണ് കേരളം ആവശ്യപ്പെട്ടത്. പിന്നീട് അവർ പണി ചെയ്യുമ്പോൾ ആനുപാതികമായി കുറച്ചാൽ മതി.

കേന്ദ്രസർക്കാരിന്റെ പാക്കേജിൽ എല്ലാംകൂടി കണക്കാക്കിയാലും ജനങ്ങൾക്ക് നേരിട്ട് പണമെത്തിക്കുന്നത് 80,000 കോടിക്ക് അപ്പുറമില്ലെന്ന് ധനമന്ത്രി പറഞ്ഞു.    
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.