എയർപോർട്ടുകളിൽ എട്ടു ഇൻഫ്രാറെഡ് വാക്ക് ത്രൂ തെർമ്മൽ സ്‌കാനറുകൾ

2020-05-21 22:31:24

തിരുവനന്തപുരം:നാല് പ്രധാന എയർപോർട്ടുകളിലും ഒരു റെയിൽവേ സ്റ്റേഷനിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗപ്പെടുത്തിയ എട്ട് വാക്ക് ത്രൂ തെർമൽ സ്‌കാനറുകൾ കെ.എം.എസ്.സി.എൽ. മുഖേന വാങ്ങിയതായി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. തിരുവനന്തപുരം വിമാനത്താവളം (അന്താരാഷ്ട്രം, ആഭ്യന്തരം) നെടുമ്പാശേരി വിമാനത്താവളം, കോഴിക്കോട് വിമാനത്താവളം (അന്താരാഷ്ട്രം, ആഭ്യന്തരം), കണ്ണൂർ വിമാനത്താവളം (അന്താരാഷ്ട്രം, ആഭ്യന്തരം), കോഴിക്കോട് റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലാണ് വാക്ക് ത്രൂ തെർമൽ സ്‌കാനറുകൾ സ്ഥാപിക്കുന്നത്.

കോവിഡ്-19 വ്യാപന കാലത്ത് തിരക്കേറിയ എയർപോർട്ട്, റെയിൽവേ സ്റ്റേഷൻ, മറ്റ് പ്രധാന ഓഫീസ് സമുച്ചയങ്ങൾ എന്നിവിടങ്ങളിലെത്തുന്നവരുടെ ശരീര ഊഷ്മാവ് പ്രത്യേകം പരിശോധിക്കാൻ സാങ്കേതികമായി ബുദ്ധിമുട്ടുണ്ട്. ഇത് പരിഹരിക്കാനാണ് നൂതന സാങ്കേതികവിദ്യയുള്ള തെർമ്മൽ സ്‌കാനറുകൾ സ്ഥാപിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സഹായത്തോടെ വാക്ക് ത്രൂ തെർമൽ സ്‌കാനറുകൾ ഉപയോഗിച്ച് ഒരു വഴിയിലൂടെ കടന്നുപോകുന്ന ഒന്നിൽ കൂടുതൽ ആളുകളുടെ ശരീര ഊഷ്മാവ് ഒരേസമയം പരിശോധിക്കാനാകും.

ഈ ഉപകരണത്തിന്റെ കപ്പാസിറ്റി അനുസരിച്ച് മൂന്ന് മീറ്റർ ചുറ്റളവിൽ ഏകദേശം 10 ആൾക്കാരുടെ വരെ ശരീര ഊഷ്മാവ് വേർതിരിച്ച് കാണാൻ സാധിക്കും. കൂടാതെ ഓരോരുത്തരുടേയും മുഖം പ്രത്യേകം ക്യാമറയിൽ ചിത്രീകരിക്കാനും കഴിയും. ആളുകളുടെ ശരീരത്തിൽ സ്പർശിക്കാതെ ശരീര ഊഷ്മാവ് കണ്ടെത്താൻ ഇൻഫ്രാറെഡ് ക്യാമറയാണ് ഉപയോഗിക്കുന്നത്. ആളുകൾ ഏകദേശം 3.2 മീറ്റർ ദൂരത്ത് എത്തുമ്പോൾ തന്നെ ശരീര ഊഷ്മാവും മുഖച്ചിത്രവും ലഭിക്കും. തുടർന്ന് താപവ്യതിയാനമുള്ള ഓരോ വ്യക്തിയേയും നിമിഷങ്ങൾക്കുള്ളിൽ തിരിച്ചറിയാനും തുടർന്ന് മറ്റ് പരിശോധനകൾക്ക് മാറ്റാനും സാധിക്കും.

മെഷീനൊപ്പം ലഭ്യമായ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സോഫ്റ്റ്വെയർ ശരീര ഊഷ്മാവ് സാധാരണ നിലയിലുള്ളവരുടേയും വ്യതിയാനമുള്ളവരുടേയും ചിത്രം തനിയെ പകർത്തും. ഉപകരണത്തിലൂടെ കടന്നുപോകുന്ന ആളുകളുടെ എണ്ണവും കണക്കാക്കും. മറ്റ് താപനില കൂടിയ ഉപകരണങ്ങളെ തിരിച്ചറിയുകയും അവയെ ആളുകളുടെ എണ്ണത്തിൽ നിന്നും ഒഴിവാക്കുകയും ചെയ്യും. താപനില കൂടിയ ആൾക്കാരെ കണ്ടുപിടിച്ചാലുടൻ ഉപകരണം ശബ്ദ മുന്നറിയിപ്പും നൽകും. ആളുകൾ കൂടുതലായി വന്നുപോകുന്ന ഏത് സ്ഥലത്തും ഓരോരുത്തരുടേയും ശരീര ഊഷ്മാവ് പ്രത്യേകം കണ്ടെത്തുന്നതിന് തെർമൽ സ്‌കാനർ ഉപയോഗിക്കാനാവും.    
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.