ചീഫ് സെക്രട്ടറിയായി വിശ്വാസ് മേത്ത ചുമലതയേറ്റു

2020-06-01 19:30:25

 തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ചീഫ് സെക്രട്ടറിയായി ഡോ. വിശ്വാസ് മേത്ത ചുമലതയേറ്റു. രാവിലെ 9.35നാണ് സെക്രട്ടേറിയറ്റിലെ ഓഫീസിലെത്തി ചുമതലയേറ്റത്. ഭാര്യ പ്രീതി മേത്ത അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. സ്ഥാനമൊഴിഞ്ഞ ചീഫ് സെക്രട്ടറി ടോം ജോസ് ബൊക്കെ നൽകി അദ്ദേഹത്തെ സ്വീകരിച്ചു. പുതിയ ചീഫ് സെക്രട്ടറിക്ക് എല്ലാ ആശംസകളും നേരുന്നതായി അദ്ദേഹം പറഞ്ഞു. തുടർന്ന് ചുമതല കൈമാറി. അഡീഷണൽ ചീഫ് സെക്രട്ടറിമാരായ ടി. കെ. ജോസ്, ആശാ തോമസ്, ടിക്കറാം മീണ, രാജഷ് കുമാർ സിംഗ്, സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ, വിവിധ വകുപ്പുകളുടെ സെക്രട്ടറിമാർ, തിരുവനന്തപുരം ജില്ലാ പോലീസ് മേധാവി ബൽറാം കുമാർ ഉപാധ്യായ എന്നിവർ സന്നിഹിതരായിരുന്നു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ നടന്ന കോവിഡ് 19 ഉന്നതതല യോഗത്തിൽ പുതിയ ചീഫ് സെക്രട്ടറി പങ്കെടുത്തു.

കഴിവിനനുസരിച്ച് സംസ്ഥാനത്തെ സേവിക്കാൻ കഴിഞ്ഞുവെന്നാണ് വിശ്വാസമെന്ന് സ്ഥാനമൊഴിഞ്ഞ ചീഫ് സെക്രട്ടറി ടോം ജോസ് പറഞ്ഞു.സ്ഥാനമേറ്റെടുത്ത ശേഷം പ്രളയം, നിപ്പ, കോവിഡ് 19 തുടങ്ങി നിരവധി വെല്ലുവിളികളെ നേരിടേണ്ടി വന്നു. മാലിന്യസംസ്‌കരണ പദ്ധതികൾക്ക് തുടക്കമിടാനായി എന്ന ചാരിതാർത്ഥ്യത്തോടെയാണ് വിരമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ചീഫ് സെക്രട്ടറിയുടെ ഓഫീസിലെ ജീവനക്കാർ അദ്ദേഹത്തിന് ഉപഹാരം സമ്മാനിച്ചു. ജീവനക്കാർക്കൊപ്പം ഗ്രൂപ്പ് ഫോട്ടോ എടുത്ത ശേഷമാണ് അദ്ദേഹം മടങ്ങിയത്.  
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.