പിന്നാക്ക വിഭാഗ വികസന കോർപറേഷൻ 650 കോടിയുടെ പദ്ധതി നടപ്പാക്കും

2020-06-02 21:04:20

   തിരുവനന്തപുരം: കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ കോവിഡിന്റെ പശ്ചാത്തലത്തിൽ 650 കോടി രൂപയുടെ വായ്പാ പദ്ധതികൾ  നടപ്പിലാക്കും. ലോക്ഡൗണിനെ തുടർന്ന് വരുമാനമില്ലാതായ സംരംഭകർക്ക് ഇവ പുനരാരംഭിക്കുന്നതിന് പരമാവധി 5 ലക്ഷം രൂപ വരെ 6 ശതമാനം വാർഷിക പലിശ നിരക്കിൽ പ്രവർത്തന മൂലധനവായ്പ അനുവദിക്കും.

‘സുഭിക്ഷ കേരളം’- പദ്ധതി പ്രോത്സാഹിപ്പിക്കുന്നതിനായി ഒബിസി വിഭാഗത്തിൽപ്പെട്ട വ്യക്തിഗത വനിതാ സംരംഭകർക്ക് അവരുടെ വീടുകളിലും പരിസരങ്ങളിലുമായി കൃഷി, മത്സ്യം വളർത്തൽ, പശു/ആടുവളർത്തൽ, പൗൾട്രിഫാം എന്നിവ ആരംഭിക്കുന്നതിന് പരമാവധി 2 ലക്ഷം രൂപ വരെ 5 ശതമാനം വാർഷിക പലിശ നിരക്കിൽ വ്യക്തിഗത വായ്പ ലഭ്യമാക്കും. മൈക്രോ ക്രെഡിറ്റ്/മഹിളാ സമൃദ്ധി യോജന പദ്ധതികൾ പ്രകാരം അനുവദിക്കുന്ന വായ്പ 2 കോടി രൂപയിൽ നിന്നും 3 കോടി രൂപയായി വർദ്ധിപ്പിക്കും. 3 മുതൽ 4 ശതമാനം വരെ വാർഷിക പലിശ നിരക്കിലാണ് സിഡിഎസ്സുകൾക്ക് ഈ വായ്പ അനുവദിക്കുന്നത്.

തൊഴിൽ നഷ്ടപ്പെട്ട് കേരളത്തിലേക്ക് മടങ്ങിവരുന്ന ഒബിസി/മതന്യൂനപക്ഷ വിഭാഗത്തിൽപ്പെടുന്ന വിദേശ പ്രവാസികളുടെ പുനരധിവാസത്തിനായി കോർപ്പറേഷൻ നടപ്പിലാക്കി വരുന്ന പദ്ധതിയാണ് റിട്ടേൺ. 6 മുതൽ 8 ശതമാനം വരെ പലിശ നിരക്കിൽ 20 ലക്ഷം രൂപവരെ വായ്പ അനുവദിക്കുന്ന ഈ പദ്ധതിയിൽ രേഖകൾ സമർപ്പിച്ച് 15 ദിവസത്തിനകം വായ്പ അനുവദിക്കും. പരമാവധി 3 ലക്ഷം രൂപ മൂലധന സബ്‌സിഡിയും (15 ശതമാനം) തിരിച്ചടവിന്റെ ആദ്യ 4 വർഷം 3 ശതമാനം പലിശ സബ്‌സിഡിയും നോർക്ക ലഭ്യമാക്കും.

ഈ പദ്ധതി പ്രകാരം പിന്നാക്ക വിഭാഗ വികസന കോർപ്പറേഷനിൽ നിന്നും സംരംഭങ്ങൾ ആരംഭിക്കുന്നതിന് 20 ലക്ഷം രൂപ വായ്പയെടുക്കുന്ന പ്രവാസിക്ക് വായ്പാ ഗഡുക്കൾ കൃത്യമായി തിരിച്ചടക്കുകയാണെങ്കിൽ വായ്പാ കാലാവധിയായ 5 വർഷത്തിനകം മുതലും പലിശയുമടക്കം തിരിച്ചടക്കേണ്ടത് മുതലിനേക്കാളും കുറഞ്ഞ തുകയായ 18.5 ലക്ഷം രൂപ മാത്രമായിരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.