ലൈഫ്മിഷന് 2.75 ഏക്കർ ഭൂമി സൗജന്യമായി നൽകി സുകുമാരൻ വൈദ്യൻ

2020-06-17 20:26:45

തിരുവനന്തപുരം:കാട്ടാക്കട പൂവച്ചൽ പന്നിയോട് ശ്രീലക്ഷ്മിയിൽ ആയുർവേദത്തിൽ പരമ്പരാഗത ചികിത്സ നടത്തുന്ന സുകുമാരൻ വൈദ്യൻ കേരള സർക്കാരിന്റെ സമ്പൂർണ്ണ പാർപ്പിട പദ്ധതിയായ ലൈഫ് മിഷന് 2.75 ഏക്കർ ഭൂമി സൗജന്യമായി നൽകി. ഭൂമിയുടെ ഇഷ്ടദാനം മുഖ്യമന്ത്രി പിണറായി വിജയന് അദ്ദേഹം കൈമാറി.

തദ്ദേശസ്വയംഭരണ  മന്ത്രി എ.സി. മൊയ്തീൻ, മുൻ മന്ത്രി എ. നീലലോഹിതദാസൻ നാടാർ, ലൈഫ് മിഷൻ ചീഫ് എക്‌സ്‌ക്യുട്ടീവ് ഓഫീസർ യു.വി. ജോസ് , പൂവച്ചൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.രാമചന്ദ്രൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

പന്നിയോട് വാർഡിലെ കുളവ്പാറയിൽ അമ്മയുടെ ഓർമ്മക്കായി സ്ഥാപിച്ച ജാനകി മെമ്മോറിയൽ ട്രസ്റ്റിന്റെ പേരിൽ അദ്ദേഹം വാങ്ങിയ ഭൂമിയാണ് പൂവച്ചൽ ഗ്രാമപഞ്ചായത്തിന്റെ പേരിൽ ഇഷ്ടദാനമായി കൈമാറിയത്. ഭൂമിക്ക് ഏകദേശം മൂന്ന് കോടിയോളം രൂപ വിലവരും.
പൂവച്ചൽ ഗ്രാമപഞ്ചായത്തിൽ നിലവിൽ 113 കുടുംബങ്ങൾ സംസ്ഥാന സർക്കാരിന്റെ ലൈഫ് ഭൂരഹിത ഭവനരഹിതരുടെ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇവർക്ക് വീട് വയ്ക്കുന്നതിന് പഞ്ചായത്ത് വക 70 സെന്റ് ഭൂമി നേരത്തെ ലൈഫ് മിഷന് കൈമാറിയിരുന്നു. ഈ ഭൂമിയിൽ പൂവച്ചൽ ഗ്രാമപഞ്ചായത്തിലെ എല്ലാ ഭൂരഹിത ഭവനരഹിതർക്കുമുള്ള ഭവന സമുച്ചയ നിർമ്മാണം സാധ്യമല്ലാതെ വന്നതിനാൽ ഗ്രാമപഞ്ചായത്ത് ഇദ്ദേഹത്തെ സമീപിക്കുകയായിരുന്നു. തുടർന്നാണ് സ്വന്തം അധ്വാനത്തിലൂടെ വിലയ്ക്ക് വാങ്ങിയ 2.75 ഏക്കർ ഭൂമി ലൈഫ് പദ്ധതി പ്രകാരം വീട് വച്ചു നൽകുന്നതിന് പഞ്ചായത്തിന് സൗജന്യമായി നൽകാൻ തയ്യാറായത്.

ഒട്ടനവധി കാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന ഇദ്ദേഹം പന്നിയോട് ജംഗ്ഷനിൽ ലക്ഷങ്ങൾ മുടക്കി കാത്തിരിപ്പ്‌കേന്ദ്രം, വായനശാല, ഗ്രന്ഥശാല എന്നിവയും ട്രസ്റ്റിന്റെ പേരിൽ നിർമ്മിച്ച് നൽകിയിട്ടുണ്ട്.    
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.