മൂലത്തറ റെഗുലേറ്റര്‍ ജൂണ്‍ 20 ന് മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കും

2020-06-18 21:22:53

    തിരുവനന്തപുരം:ചിറ്റൂരിലെ കാര്‍ഷിക മേഖലയുടെ സമഗ്രവികസനത്തിന് ആക്കം കൂട്ടാനും ജില്ലയിലെ വരള്‍ച്ചാ ബാധിത പ്രദേശമായ കിഴക്കന്‍ മേഖല ഉള്‍പ്പെടുന്ന സ്ഥലങ്ങളിലെ കുടിവെള്ള ലഭ്യത ഉറപ്പാക്കുകയും ചെയ്യുന്നതിനായി പുനരുദ്ധരിച്ച മൂലത്തറ റെഗുലേറ്റര്‍ ജൂണ്‍ 20ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിക്കും. വൈകിട്ട് 4. 30 ന് വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് ഉദ്ഘാടനം നിര്‍വഹിക്കുക. ജലവിഭവ വകുപ്പു മന്ത്രി കെ.കൃഷ്ണന്‍കുട്ടി അധ്യക്ഷനാകും. കൃഷി വകുപ്പ് മന്ത്രി വി.എസ് സുനില്‍കുമാര്‍ വീഡിയോ കോണ്‍ഫറന്‍സ് മുഖേന മുഖ്യപ്രഭാഷണം നടത്തും.
ജലവിഭവ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടി.കെ.ജോസ് വീഡിയോ കോണ്‍ഫറന്‍സ് മുഖേന പങ്കെടുക്കും. ചീഫ് എന്‍ജിനീയര്‍ ഡി.ബിജു റിപ്പോര്‍ട്ട് അവതരിപ്പിക്കും. റെഗുലേറ്റര്‍ പരിസരത്തു നടക്കുന്ന പരിപാടിയില്‍ രമ്യ ഹരിദാസ് എം.പി, എം.എല്‍.എ മാരായ കെ.ബാബു, കെ.ഡി പ്രസേനന്‍, ഷാഫി പറമ്പില്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.ശാന്തകുമാരി, ജില്ലാ കലക്ടര്‍ ഡി.ബാലമുരളി, ജലവിഭവ വകുപ്പ് സെക്രട്ടറി ബി. അശോക്, ചിറ്റൂര്‍ -തത്തമംഗലം നഗരസഭ പ്രതിനിധികള്‍, ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.
20440 ഹെക്ടര്‍ കൃഷിക്ക് ജലസേചന സൗകര്യം
ചിറ്റൂര്‍ നഗരസഭയും പ്രദേശത്തെ 17 ഗ്രാമപഞ്ചായത്തുകളും ഉള്‍പ്പെടെ 20440 ഹെക്ടര്‍ പ്രദേശം ജലസേചനത്തിനായി ആശ്രയിക്കുന്നത് ചിറ്റൂര്‍ പുഴയേയാണ്. പറമ്പിക്കുളം- ആളിയാര്‍ അന്തര്‍സംസ്ഥാന നദീജല കരാറിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ചിറ്റൂര്‍പ്പുഴ പദ്ധതിയുടെ പ്രധാന നിയന്ത്രണ ഘടകമാണ് മൂലത്തറ റെഗുലേറ്റര്‍. ചിറ്റൂര്‍ പുഴ ആശ്രയിച്ച് കൃഷിചെയ്യുന്ന പെരുമാട്ടി, പട്ടഞ്ചേരി, നല്ലേപ്പിള്ളി, പൊല്‍പ്പുള്ളി, എലപ്പുള്ളി, കൊഴിഞ്ഞാമ്പാറ, എരുത്തേമ്പതി, വടകരപ്പതി, വടവന്നൂര്‍, കൊടുമ്പ്, കൊടുവായൂര്‍, തേങ്കുറിശ്ശി, പല്ലശ്ശന, പുതുനഗരം, കണ്ണാടി, മുതലമട, എന്നീ പഞ്ചായത്തുകള്‍ക്കും ചിറ്റൂര്‍-തത്തമംഗലം നഗരസഭയ്ക്കുമാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നത്. 5300 ഹെക്ടര്‍ തെങ്ങും മറ്റു മിശ്രിത വിളകളും 15140 ഹെക്ടര്‍ നെല്‍കൃഷിയും ഉള്‍പ്പെടെ 20440 ഹെക്ടര്‍ പ്രദേശത്തെ ജല സേചനവും കിഴക്കന്‍ മേഖല ഉള്‍പ്പെടുന്ന പ്രദേശങ്ങളിലെ കുടിവെള്ള ലഭ്യതയും പദ്ധതിയിലൂടെ ഉറപ്പാക്കും.
63.94 കോടി രൂപ ചെലവ്
218.8 മീറ്റര്‍നീളം, പുതുതായി ആറ് വെന്റ് വേകള്‍ എന്നിവയുള്‍പ്പെടെ 63.94 കോടി രൂപ ചെലവഴിച്ചാണ് റെഗുലേറ്റര്‍ നവീകരണ പ്രവര്‍ത്തികള്‍ നടത്തിയത്. മൂലത്തറ റെഗുലേറ്റര്‍, നിലവിലുള്ള നിര്‍മ്മിതികളുടെ നവീകരണം, അധിക വെന്റ് വേയുടെ നിര്‍മ്മാണം, ഇടതുകര കനാലിന്റെ പുനക്രമീകരണം, റെഗുലേറ്ററിലേക്കുള്ള പാതയുടെ നവീകരണം, റെഗുലേറ്റര്‍ പരിസരത്ത് ചുറ്റുമതില്‍ നിര്‍മ്മാണവും അതിര്‍ത്തി വേലികെട്ടി സംരക്ഷിക്കലും, ഡാം ഏരിയ സര്‍വെ നടത്തി അതിര്‍ത്തി നിര്‍ണയം, റേഡിയല്‍ ഷട്ടറുകളുടെയും നിലവിലുള്ള ഷട്ടറുകളുടെയും മെക്കാനിക്കല്‍ പ്രവൃത്തികള്‍, ആവശ്യമായ ഇലക്ട്രിക്കല്‍ പ്രവൃത്തികള്‍ എന്നിവയാണ് 8 ഘട്ടങ്ങളിലായി പൂര്‍ത്തിയാക്കിയത്. പുതുക്കിയ റെഗുലേറ്ററില്‍ വലുത് കരയില്‍ 10 മീറ്റര്‍ വീതിയുള്ള 2 വെന്റ് വേകളും ഇടതു കരയില്‍ 10 മീറ്റര്‍ വീതിയുള്ള 4 വെന്റ് വേകളുമാണ് നിര്‍മ്മിച്ചത്.
നവീകരണത്തിന്റെ ഭാഗമായി മൂന്നു മീറ്റര്‍ ഉയരത്തില്‍ ഉണ്ടായിരുന്ന ഒഗീ വിയര്‍ പൊളിച്ചുമാറ്റിയതോടെ ജലനിര്‍ഗമനതോത് വര്‍ധിപ്പിക്കാന്‍ സാധിച്ചു. പുതുതായി നിര്‍മ്മിച്ച വെന്റ് വേകളിലെ ഷട്ടറുകള്‍ എല്ലാം റേഡിയല്‍ രീതിയിലുള്ളതാണ്. ഹൈഡ്രോളിക് കരങ്ങള്‍ കൊണ്ട് സുഗമമായി പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുന്നതുമൂലം പെട്ടെന്നുണ്ടാകുന്ന പ്രളയ സമയത്ത് ഷട്ടറുകള്‍ വേഗത്തില്‍ തുറക്കാന്‍ സാധിക്കുമെന്നുള്ളത് ഷട്ടറുകളുടെ സവിശേഷതയാണ്. പ്രളയ കാലത്തുണ്ടാകുന്ന കുത്തൊഴുക്കു മൂലം നദികളുടെ പാര്‍ശ്വങ്ങള്‍ ഇടിഞ്ഞു പോകുന്നത് തടയുന്നതിനായി ഇരുവശങ്ങളിലും റെഗുലേറ്ററിന്റെ മുകള്‍ ഭാഗത്തും താഴ്ഭാഗത്തുമായി 100 മീറ്റര്‍ നീളത്തില്‍ ശരാശരി 10 മീറ്റര്‍ ഉയരത്തിലുള്ള കോണ്‍ക്രീറ്റ് പാര്‍ശ്വ സംരക്ഷണഭിത്തി നിര്‍മ്മിച്ചിട്ടുണ്ട്. കൂടാതെ റെഗുലേറ്ററിന്റെ പിന്നിലായി നദിത്തട്ടില്‍ കാലങ്ങളായി അടിഞ്ഞുകൂടിയ ചെളിയും മണ്ണും നവീകരണ പ്രവര്‍ത്തനത്തിലൂടെ മാറ്റിയിട്ടുണ്ട്. ഇതിലൂടെ റെഗുലേറ്റര്‍ സംഭരണശേഷി ഇരട്ടിയാക്കി വര്‍ധിപ്പിക്കാനും കഴിഞ്ഞു.
പ്രളയം തകര്‍ത്ത റെഗുലേറ്ററിന്റെ പുനര്‍നിര്‍മ്മാണം
1972-ലാണ് മൂലത്തറ റെഗുലേറ്റര്‍ നിര്‍മ്മിച്ചത്. 144.840 മീറ്റര്‍ നീളവും 13 വെന്റ് വേകളും ഉണ്ടായിരുന്ന റെഗുലേറ്റര്‍ ആളിയാറില്‍ നിന്നും ലഭിക്കുന്ന ജലം ഇടത്-വലത് കനാലിലേക്കും പുഴയിലേക്കും ആവശ്യാനുസരണം ക്രമീകരിക്കുന്നു. 2009 നവംബര്‍ എട്ടിന് ഉണ്ടായ പ്രളയത്തെ തുടര്‍ന്ന് വലതുകര അബട്ട്മെന്റ് പൂര്‍ണമായും തകര്‍ന്നു പോയി. 2013 ല്‍ റെഗുലേറ്റര്‍ സന്ദര്‍ശിച്ച ഡാം സേഫ്റ്റി റിവ്യൂ പാനലിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നുള്ള രൂപകല്‍പന പ്രകാരം വലതു ഭാഗത്ത് രണ്ട് വെന്റ് വേകളും ഇടതു ഭാഗത്ത് 4 വെന്റ് വേകളും നിര്‍മ്മിക്കാനും സുഗമമായ ജലനിര്‍ഗമനത്തിന് നിലവിലെ ഓഗീ വിയര്‍ പൊളിച്ചു മാറ്റാനും തീരുമാനിച്ചു. 2017 ജൂലൈ 18 നാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. മേരിമാതാ കണ്‍സ്ട്രക്ഷന്‍ കമ്പനിയാണ് പദ്ധതിയുടെ നിര്‍മാണ ചുമതല. മുന്‍പ് രണ്ട് സ്‌കവര്‍ ഷര്‍ട്ടറുകള്‍ അടക്കം ആകെ 13 ഷട്ടറുകളാണ് ഉണ്ടായിരുന്നത്. ഇടയില്‍ മൂന്നു മീറ്റര്‍ ഉയരത്തില്‍ ഒഗീ വീയര്‍ നിര്‍മ്മിച്ചിരുന്നു. ജലവിതരണം പുനരാരംഭിക്കുന്നതിനായി വലതു കനാലിന്റെ പാര്‍ശ്വസംരക്ഷണം നടത്തിയെങ്കിലും റഗുലേറ്ററിന്റെ പൂര്‍ണമായ പുനരുദ്ധാരണം ഡാം റീഹാബിലിറ്റേഷന്‍ ആന്‍ഡ് ഇംപ്രൂവ്‌മെന്റ് പ്രോഗ്രാം (ഡി.ആര്‍.ഐ.പി) പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് നടത്തിയത്. റെഗുലേറ്ററിന്റെ സമഗ്രമായ നവീകരണ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളും ഭാവിയില്‍ ഉണ്ടായേക്കാവുന്ന അധിക പ്രളയജലത്തെ ഉള്‍ക്കൊള്ളാവുന്ന രീതിയിലുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളുമാണ് ഡി.ആര്‍.ഐ.പി പ്രവൃത്തിയൂടെ യാഥാര്‍ഥ്യമായിരിക്കുന്നത്.
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.